ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ ക്ഷാമം പരിഹരിക്കാന്‍ നടപടിയുമായി കേന്ദ്രം. റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നികിന് 10 ദിവസത്തിനുള്ളില്‍ അടിയന്തര ഉപയോഗാനുമതി നല്‍കിയേക്കും. ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയുമായുള്ള സഹകരണത്തില്‍ നിര്‍മ്മിക്കുന്ന സ്പുട്‌നിക് വാക്‌സിന് പ്രതിമാസം 850 മില്യണ്‍ ഡോസ് ഉത്പാദിപ്പിക്കാനാകുമെന്നാണ് പറയുന്നത്.
.ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍സ് കമ്പനിയുടെ വാക്‌സീന്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തന്നെ നൊവോവാക്‌സ്, ഭാരത് ബയോടെക്കിന്റെ തന്നെ നേസല്‍ വാക്‌സിന്‍ അടക്കം അഞ്ച് പുതിയ വാക്‌സിനുകള്‍ക്ക് ഒക്ടോബറോടെ ഉപയോഗാനുമതി നല്‍കിയേക്കുമെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനങ്ങളിലെ വാക്‌സിന്‍ സ്റ്റോക്ക് സംബന്ധിച്ച കണക്ക് അടിയന്തരമായി നല്‍കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ തിങ്കളാഴ്ച ഒരുലക്ഷം പിന്നിട്ട രോഗികളുടെ പ്രതിദിന കണക്ക് ആറ് ദിവസം കഴിയുമ്പോള്‍ ഒന്നരലക്ഷം കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 1,52,879 പേര്‍ കൂടി കൊവിഡ് ബാധിച്ചപ്പോള്‍, 839 പേര്‍ മരിച്ചു. ഒരാഴ്ചയ്ക്കിടെ എട്ടുലക്ഷം പേര്‍ രോഗികളാകുകയും നാലായിരത്തിലേറെ പേര്‍ മരിക്കുകയും ചെയ്തതോടെ കൊവഡിന്റെ രണ്ടാം വരവ് വരും ദിവസങ്ങളിലും അതിരൂക്ഷമായി തുടരുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
മഹാരാഷ്ട്ര, കേരളമടക്കമുള്ള സംസ്ഥാനങ്ങളിലാണ് ആകെ കേസുകളുടെ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ വിമുഖതയും പ്രകടമാണെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തി. വരുന്ന നാലുദിവസം വാക്‌സിനേഷന്‍ നിരക്ക് പരമാവധി ഉയര്‍ത്താനാണ് ബുധനാഴ്ച വരെ കുത്തിവയ്പ്പ് ഉത്സവം നടത്തുന്നത്.
വാക്‌സിനേഷന്‍ ആവശ്യമുള്ളവരെ സഹായിക്കുക, കൊവിഡ് ചികിത്സയില്‍ താങ്ങാകുക, മാസ്‌ക് ധരിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുക, കൊവിഡ് പോസിറ്റീവ് രോഗികള്‍ ഉള്ളയിടം മൈക്രോ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പ്രധനമന്ത്രി നല്‍കിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.