ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നായ റെംഡിസിവറിന്റെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. രാജ്യത്ത് ദിവസം തോറും കോവിഡ് വ്യാപനം വഷളാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നത് വരെ റെംഡിസിവിര്‍ ഇന്‍ജക്ഷനും അനുബന്ധ മരുന്നു ഘടകങ്ങളുടെയും കയറ്റുമതിയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.
അമേരിക്കന്‍ കമ്പനിയായ ഗലിയഡ് സയന്‍സസുമായി ഇന്ത്യയിലെ വിവിധ കമ്പനികള്‍ റെംഡിസിവിര്‍ നിര്‍മാണത്തില്‍ താല്‍ക്കാലിക കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇവയെല്ലാം കൂടി 38.80 ലക്ഷം യൂണിറ്റ് മരുന്നാണ് ഒരു മാസം നിര്‍മിക്കുന്നത്. റെംഡിസിവര്‍ ഉല്‍പ്പാദിപ്പിക്കുന്ന തദ്ദേശ മരുന്ന് കമ്പനികള്‍, അവരുടെ വെബ്സൈറ്റില്‍ സ്റ്റോക്കിസ്റ്റുകളുടെയും വിതരണക്കാരുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കണം. മരുന്നിന്റെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം.
സ്റ്റോക്ക് പരിശോധിച്ച് പൂഴ്ത്തിവെയ്പ് ഉള്‍പ്പെടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. പൂഴ്ത്തിവയ്പ് കണ്ടെത്തിയാല്‍ വിട്ടുവീഴചയില്ലാത്ത നടപടിയുണ്ടാകുമെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
വരും ദിവസങ്ങളില്‍ റെംഡിസിവറിന്റെ വര്‍ധിച്ച തോതിലുള്ള ആവശ്യകത വേണ്ടി വരുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. തദ്ദേശ മരുന്ന് കമ്പനികളുമായി ബന്ധപ്പെട്ട് റെംഡിസിവറിന്റെ ഉല്‍്പ്പാദനം വര്‍ധിപ്പിക്കാന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.