കൊച്ചി: തെക്കന്‍ കേരളത്തിലെ നേട്ടത്തില്‍ ചുരുങ്ങിയത് 77 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് യുഡിഎഫ് വിലയിരുത്തല്‍. ചിലപ്പോള്‍ അത് 80 സീറ്റുകള്‍ക്ക് മുകളിലെത്താമെന്നും യു.ഡി.എഫ്. നേതൃത്വം കരുതുന്നു. ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ച എന്ന സ്വപ്നം നടക്കില്ലെന്ന് വിവിധ ജില്ലകളില്‍ നിന്നുള്ള വിലയിരുത്തലുകള്‍ പരിശോധിച്ച ശേഷം കോണ്‍ഗ്രസ് നേതൃത്വം ഉറപ്പിച്ചു പറയുന്നു.
ബന്ധു നിയമനം, ആഴക്കടല്‍ അഴിമതി, തുടങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടുവന്ന വിവിധ വിഷയങ്ങള്‍ സമൂഹത്തില്‍ വലിയ ആശയ സംവാദത്തിന് ഇടയാക്കി. അഞ്ചു മന്ത്രിമാരുള്‍പ്പെടെ ഒട്ടേറെ സിറ്റിങ് എം.എല്‍.എ.മാരെ സി.പി.എം. മത്സരരംഗത്തുനിന്ന് മാറ്റിയത് യു.ഡി.എഫിന് വലിയ ഗുണംചെയ്‌തെന്നാണ് വിലയിരുത്തല്‍. മുസ്ലിം, ക്രിസ്ത്യന്‍ സമുദായസംഘടനകളും ഇത്തവണ യു.ഡി.എഫിന് അനുകൂലമായി. എന്‍.എസ്.എസ്. നേരത്തേതന്നെ അനുഭാവം കാണിച്ചു. വോട്ടെടുപ്പുദിവസം ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുടെ പ്രസ്താവനകളും മുന്നണിക്ക് അനുകൂലമായി.
ഇരട്ടവോട്ടുകള്‍ സംബന്ധിച്ച് പ്രതിപക്ഷമുയര്‍ത്തിയ ആക്ഷേപങ്ങളും നടപടികളും കള്ളവോട്ടുകളെ ഒരു പരിധിവരെ അകറ്റി. ബിജെപി- ആര്‍എസ്എസ് കേഡര്‍ വോട്ടുകള്‍ ഇത്തവണ അവരുടെ സ്ഥാനാര്‍ഥികള്‍ക്കുതന്നെയാണ് പോയതെങ്കിലും കുറെ അനുഭാവി വോട്ടുകള്‍ ചിലയിടങ്ങളില്‍ യു.ഡി.എഫിന് ലഭിച്ചിട്ടുണ്ടാകും. ബിഡിജെഎസിന്റെ വോട്ടുകളും വന്നിട്ടുണ്ട്. എസ്ഡിപിഐ., വെല്‍ഫയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ കുറെ വോട്ടുകളും യുഡിഎഫിന് അനുകൂലമായി വീണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
തിരുവനന്തപുരത്ത് നേമം തിരിച്ചുപിടിക്കും. തിരുവനന്തപുരവും ഉറപ്പാണ്. എന്നാല്‍, വട്ടിയൂര്‍ക്കാവ് കൈവിട്ടുപോകുമെന്ന തിരിച്ചറിവിലാണിപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം. കൊല്ലം ജില്ലയില്‍ കൊല്ലം, ചവറ, കുണ്ടറ എന്നിങ്ങനെയാണ് പ്രതീക്ഷ. എറണാകുളം, കോട്ടയം ജില്ലകളില്‍ രണ്ടുസീറ്റുവീതം ഒഴികെ ബാക്കിയെല്ലാം ഇത്തവണ പിടിച്ചെടുക്കാനാവും. ജോസ് കെ. മാണിയുടെ പാലായും ഇതില്‍ ഉള്‍പ്പെടും. കോട്ടയത്ത് ഏറ്റുമാനൂരും വൈക്കവും കിട്ടില്ല.
ആലപ്പുഴ ജില്ലയില്‍ അഞ്ചുമുതല്‍ ഏഴുസീറ്റുവരെയാണ് പ്രതീക്ഷ. മലപ്പുറത്ത് നിലവിലുള്ളതിനുപുറമേ രണ്ടുസീറ്റുകൂടി ലഭിക്കും. പ്രസ്റ്റീജ് മത്സരങ്ങള്‍ നടക്കുന്ന പാലക്കാടും തൃത്താലയും നിലനിര്‍ത്തും. വയനാട് ജില്ലയില്‍ രണ്ടും കണ്ണൂരില്‍ മൂന്നും സീറ്റുകള്‍ യു.ഡി.എഫ്. ഉറപ്പിക്കുന്നു. മാനന്തവാടിയും സുല്‍ത്താന്‍ ബത്തേരിയുമാണ് കോണ്‍ഗ്രസ് ഉറപ്പിക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടി, കൊയിലാണ്ടി, വടകര, കോഴിക്കോട് സൗത്ത്, കൊടുവള്ളി എന്നിവ ഉറപ്പാണെന്ന് പറയുമ്പോള്‍ത്തന്നെ കോഴിക്കോട് നോര്‍ത്തില്‍ പ്രതീക്ഷയുമുണ്ട്. അഴീക്കോടും കൂത്തുപറമ്പും കൂടെനില്‍ക്കുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ കണ്ണൂര്‍, ഇരിക്കൂര്‍, പേരാവൂര്‍ എന്നിവ ഉറപ്പിക്കുന്നു. മഞ്ചേശ്വരവും കാസര്‍കോടും ഉറപ്പിക്കുമ്പോള്‍ തന്നെ ഉദുമയിലെ സാധ്യതയിലും യുഡിഎഫ് നേതൃത്വത്തിന് വിശ്വാസമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.