ഐപിഎൽ: സണ്‍റൈസേഴ്സ് ഹൈദരബാദിന് എതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 10 റണ്‍സ് ജയം

ഐപിഎൽ:  സണ്‍റൈസേഴ്സ് ഹൈദരബാദിന് എതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 10 റണ്‍സ് ജയം

മുംബൈ: ഐപിഎല്ലിലെ മൂന്നാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്സ് ഹൈദരബാദും തമ്മിലുള്ള മത്സരത്തില്‍ വിജയം കൊല്‍ക്കത്തക്കൊപ്പം. കൊല്‍ക്കത്തയുടെ വലിയ സ്‌കോര്‍ പിന്തുടര്‍ന്ന ഹൈദരബാദിനെ മികച്ച ബൗളിംഗ് കൊണ്ട് വരിഞ്ഞു മുറുക്കിയാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഹൈദരബാദിനായി ജോണി ബെയര്‍‌സ്റ്റോയും മനീഷ് പാണ്ഡെയും അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും ഹൈദരാബാദിനെ വിജയതീരത്ത് എത്തിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. മധ്യ ഓവറുകളില്‍ അധികം റണ്‍സ് വിട്ടു കൊടുക്കാതെ പന്തെറിഞ്ഞ കൊല്‍ക്കത്ത ബൗളര്‍മാരാണ് മത്സരം കൊല്‍ക്കത്തയുടെ കയ്യില്‍ നിന്നും പോവാതെ കാത്തത്.

കൊല്‍ക്കത്തക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ ബൗളിങ്ങില്‍ തിളങ്ങി. സ്‌കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ 187/6. സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 177/5. കോല്‍ക്കത്ത ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.

പത്ത് റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (3), വൃദ്ധിമാന്‍ സാഹ (7) എന്നിവരെ അവര്‍ക്ക് നഷ്ടമായി. ശേഷം ക്രീസില്‍ ഒന്നിച്ച ജോണി ബെയര്‍‌സ്റ്റോ - മനീഷ് പാണ്ഡെ സഖ്യമാണ് ഹൈദരാബാദ് ഇന്നിങ്‌സിനെ തകര്‍ച്ചയിലേക്ക് പോവാതെ താങ്ങിനിര്‍ത്തിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 92 റണ്‍സ് എടുത്തു. 40 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ചു ഫോറുമടക്കം 55 റണ്‍സെടുത്ത ബെയര്‍‌സ്റ്റോയെ പുറത്താക്കി.

ജോണി ബെയര്‍‌സ്റ്റോ, മനീഷ് പാണ്ഡെ എന്നിവരൊഴികെ മറ്റാര്‍ക്കും ഹൈദരാബാദിന്റെ ഇന്നിങ്‌സില്‍ കാര്യമായ സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല. മുഹമ്മദ് നബി (14), വിജയ് ശങ്കര്‍ (11) എന്നിവര്‍ പെട്ടന്ന് പുറത്തായി. 19ആം ഓവറില്‍ സിക്‌സും ഫോറും അടിച്ച്‌ ഒരു തിരിച്ച്‌ വരവിന് ഹൈദരാബാദിന്റെ ബാറ്റ്‌സ്മാന്‍ അബ്ദുള്‍ സമദ് ശ്രമിച്ചെങ്കിലും അവസാന ഓവറില്‍ നന്നായി പന്തെറിഞ്ഞ റസല്‍ കൊല്‍ക്കത്തയുടെ വിജയം ഉറപ്പാക്കി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറികള്‍ നേടിയ നിതീഷ് റാണയും രാഹുല്‍ ത്രിപാഠിയുമാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. റാണ 56 പന്തുകളില്‍ നിന്ന് നാലു സിക്‌സും ഒൻപത് ഫോറുമടക്കം 80 റണ്‍സ് നേടി.29 പന്തുകളില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം ത്രിപാഠി 53 റണ്‍സാണ് നേടിയത്. തകര്‍പ്പനടികളുമായി കളം നിറഞ്ഞ നിതീഷ് റാണയുടെയും രാഹുല്‍ ത്രിപാഠിയുടെയും കരുത്തിലാണ് കൊല്‍ക്കത്ത വമ്പൻ സ്‌കോറിലേക്ക് കുതിച്ചത്. ഒൻപത് പന്തുകളില്‍ നിന്ന് 22 റണ്‍സ് നേടി ദിനേഷ് കാര്‍ത്തിക്കാണ് പിന്നീട് കൊല്‍ക്കത്ത സ്‌കോര്‍ ഉയര്‍ത്തിയത്. 22 റണ്‍സ് നേടിയ കാര്‍ത്തിക് പുറത്താകാതെ നിന്നു. ആന്ദ്രേ റസ്സലിന് അഞ്ചു റണ്‍സ് മാത്രമേ നേടാനായുള്ളൂ. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ രണ്ടു റണ്‍സെടുത്ത് പുറത്തായി. സണ്‍റൈസേഴ്‌സിനായി റാഷിദ് ഖാനും മുഹമ്മദ് നബിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.