തിരുവനന്തപുരം: സംസ്ഥാനത്ത് ആവശ്യമുള്ളതിനെക്കാൾ രണ്ടര ലക്ഷത്തിൽ അധികം തപാൽ ബാലറ്റുകൾ അച്ചടിച്ചതായി സൂചന. 10 ലക്ഷത്തിലേറെ ബാലറ്റുകൾ അടിച്ചതിൽ തപാൽ ബാലറ്റ് വഴി വോട്ട് ചെയ്തവർ ഏഴര ലക്ഷം പോലും വരില്ലെന്ന് വിവരം.
ഏറ്റവും കൂടുതൽ തപാൽ ബാലറ്റ് അച്ചടിച്ചത് തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിലാണ് – ഓരോ ജില്ലയിലും ഒരു ലക്ഷത്തിലേറെ വീതം. കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ 15,000 ബാലറ്റ് അച്ചടിച്ചു. തലശ്ശേരി, മട്ടന്നൂർ മണ്ഡലങ്ങളിൽ പതിനായിരത്തോളവും കല്യാശേരിയിൽ പന്തീരായിരത്തോളവും.
പതിനായിരമോ അതിലേറെയോ തപാൽ ബാലറ്റുകൾ തയാറാക്കിയ മണ്ഡലങ്ങളാണ് കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, ഇരിക്കൂർ, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, ആറന്മുള, കരുനാഗപ്പള്ളി, ചവറ, കൊട്ടാരക്കര, പുനലൂർ, കുണ്ടറ, കൊല്ലം, ചാത്തന്നൂർ, വർക്കല, നെടുമങ്ങാട്, നെയ്യാറ്റിൻകര.
തപാൽ ബാലറ്റുകളിലെ ഇരട്ടിപ്പ് പുറത്തുവന്നിരിക്കെ, മൂന്നര ലക്ഷത്തോളം പേരുടെ വോട്ടുകൾ വീടുകളിലെത്തി തപാൽ ബാലറ്റിൽ രേഖപ്പെടുത്തിയതായി കമ്മിഷൻ അറിയിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലേക്കും അതതു ഭരണാധികാരികൾ നൽകിയ ഓർഡർ അനുസരിച്ചാണ് ബാലറ്റുകൾ അച്ചടിച്ചത്. ഏറ്റുവാങ്ങിയത് അതത് ഭരണാധികാരികളോ ഉപഭരണാധികാരികളോ അവരുടെ പ്രതിനിധികളോ ആയിരുന്നു.
എന്നാൽ തപാൽ ബാലറ്റ് ഉപയോഗപ്പെടുത്തിയ പോളിങ് ഉദ്യോഗസ്ഥരുടെയും അവശ്യ സർവീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെയും എണ്ണം വ്യക്തമാക്കിയിട്ടില്ല. ഈ രണ്ടു വിഭാഗങ്ങളിലെ മുഴുവൻ പേരും വോട്ടു ചെയ്താലും നാല് ലക്ഷത്തിലേറെ വരില്ലാത്ത സാഹചര്യത്തിൽ ഇത്രയധികം ബാലറ്റുകൾ അച്ചടിച്ചത് എന്തിനെന്ന ചോദ്യം ഉയരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.