കണ്ണൂര്‍: കേരളത്തില്‍ രണ്ടു ദിവസത്തേക്കുള്ള കോവിഡ് വാക്സിന്‍ മാത്രമാണ് സ്റ്റോക്കുള്ളതെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. കൂടുതല്‍ വാക്സിന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. അതുകൂടാതെ കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ താന്‍ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
കോവിഡ് സംബന്ധിച്ചുള്ള ജാഗ്രത കൂടുതല്‍ വേണം. ഒരോ ദിവസവും കോവിഡ് കേസുകളില്‍ നല്ല വര്‍ധനവുണ്ടാകുന്നുണ്ട്. ഓരോ ജില്ലയിലും അതനുസരിച്ചുള്ള പ്ലാനിംഗ് ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
പഞ്ചായത്തു തലത്തിലുള്ള പ്രതിരോധം ശക്തമാക്കും. വാര്‍ഡ് തലത്തിലുള്ള നിരീക്ഷണം ഊര്‍ജ്ജിതമാക്കും. രോഗലക്ഷണമുള്ളവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കും. രോഗബാധിതരുടെ ക്വാറന്റീന്‍ ഉറപ്പാക്കും. മുറിയോടു ചേര്‍ന്ന് ശുചിമുറി ഉള്ളവര്‍ക്ക് മാത്രമാകും വീട്ടില്‍ ചികില്‍സ അനുവദിക്കുക.
ഗുരുതരമായ പ്രശ്നങ്ങളുള്ള രോഗികളെ തൊട്ടടുത്ത് കോവിഡ് ആശുപത്രികളിലെത്തിക്കും. കോവിഡിന്റെ കര്‍വ് തകര്‍ക്കാനുള്ള ശ്രമമാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു.
ഏത് പ്രദേശത്താണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നത്, ആ സ്ഥലങ്ങളില്‍ പ്രത്യേക ഇടപെടല്‍ നടത്തും. ജില്ല തിരിച്ച് ഡിഎംഒമാരുടെ നേതൃത്വത്തില്‍ ഇക്കാര്യം പരിശോധിക്കും. കോണ്‍ട്രാക്ട് ട്രേസിങ് ശക്തമാക്കാനും പരിശോധന വര്‍ധിപ്പിക്കാനും തീരുമാനിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.