ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രാജ്യത്ത് വീണ്ടും രൂക്ഷമായതോടെ വിവിധ സംസ്ഥാനങ്ങളില്‍ ആരോഗ്യ സംവിധാനങ്ങള്‍ പ്രതിസന്ധിയിലേക്ക്. ഛത്തിസ്ഗഡിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ റായ്പുരിലെ ഡോ. ഭീംറാവു അംബേഡ്ക്കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ മൃതശരീരങ്ങള്‍ കിടത്താന്‍ പോലും സ്ഥലം ഇല്ലാത്ത അവസ്ഥയാണ്. മരണസംഖ്യ ക്രമാതീതമായി ഉയര്‍ന്നതോടെ മൃതശരീരങ്ങള്‍ സൂക്ഷിക്കാന്‍ ഫ്രീസറുകള്‍ ഒഴിവില്ലാതായി.
വരാന്തയിലും നിലത്തും മോര്‍ച്ചറിക്കു പുറത്തു പൊരിവെയിലത്തും മൃതശരീരങ്ങള്‍ കിടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒഴിവുള്ളിടത്തെല്ലാം മൃതദേഹങ്ങള്‍ സൂക്ഷിക്കേണ്ട അവസ്ഥയാണുള്ളത്. മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനു മുമ്പു തന്നെ പുതിയ മൃതദേഹങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും തങ്ങള്‍ നിസഹായരാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ആശുപത്രിയിലെ ഐസിയു കിടക്കകള്‍ കഴിഞ്ഞയാഴ്ച തന്നെ നിറഞ്ഞിരുന്നു. പെട്ടെന്ന് ഇത്രയേറെ മരണങ്ങള്‍ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് റായ്പുര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ മീരാ ഭാഗല്‍ പറഞ്ഞു. സാധാരണ നിലയിലുള്ള ഫ്രീസറുകള്‍ സജ്ജമായിരുന്നു. ഒന്നോ രണ്ടോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇരുപതു മരണങ്ങളാണു സംഭവിക്കുന്നത്. 20 പേര്‍ക്കുള്ള സൗകര്യം ഒരുക്കുമ്പോഴേക്കും മരണസംഖ്യ അറുപതായി ഉയരുകയാണ്. അത്രയും സൗകര്യങ്ങള്‍ ഒരുക്കുക പ്രായോഗികമല്ലെന്നും അവര്‍ പറഞ്ഞു.
വീടുകളില്‍ ക്വാറന്റീന്‍ ശക്തമാക്കി കോവിഡിനെ ഒരു വിധം ചെറുത്തിരുന്ന ഘട്ടത്തിലാണ് രണ്ടാം തരംഗം ആഞ്ഞടിച്ചത്. ലക്ഷണങ്ങള്‍ പ്രകടമല്ലാത്ത രോഗികളുടെ പോലും ആരോഗ്യനില പെട്ടെന്നു വഷളായി ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങുകയാണെന്നും അവര്‍ വ്യക്തമാക്കി. റായ്പുര്‍ നഗരത്തില്‍ പ്രതിദിനം 55 മൃതശരീരങ്ങളാണ് സംസ്‌കരിക്കുന്നത്. ഇതില്‍ കൂടുതലും കോവിഡ് ബാധിച്ചു മരിച്ചവരുടേതാണെന്നും അധികൃതര്‍ പറഞ്ഞു. ഛത്തിസ്ഗഡില്‍ കഴിഞ്ഞ ദിവസം 10,521 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരിച്ചവരുടെ എണ്ണം 4,899 ആയി.
ഡല്‍ഹിയിലും കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം 11,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓക്സിജന്‍ സിലിണ്ടറുകളുടെ ആവശ്യകത മൂന്നു മടങ്ങ് വര്‍ധിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. 17,000 ത്തിലധികം പേരാണ് ഹോം ഐസൊലേഷനില്‍ കഴിയുന്നത്.
ഇവര്‍ക്ക് പള്‍സ് ഓക്സിമീറ്ററുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു. സാധാരണ ഓക്സിജന്‍ സാച്ചുറേഷസന്‍ തോത് 95-99 ശതമാനമാണന്നും അത് 94 ശതമാനത്തിനും തഴെയായാല്‍ ആശുപത്രിയില്‍ അറിയിക്കണമെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.