രാജ്യസഭ: ജോണ്‍ ബ്രിട്ടാസിന് മുഖ്യ പരിഗണന; തോമസ് ഐസക്ക്, ജി.സുധാകരന്‍, ചെറിയാന്‍ ഫിലിപ്പ് എന്നിവരും പരിഗണനയില്‍

രാജ്യസഭ: ജോണ്‍ ബ്രിട്ടാസിന് മുഖ്യ പരിഗണന; തോമസ് ഐസക്ക്, ജി.സുധാകരന്‍, ചെറിയാന്‍ ഫിലിപ്പ് എന്നിവരും പരിഗണനയില്‍

തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തിലേക്ക് കൈരളി ചാനലിന്റെ എംഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ് സിപിഎമ്മിന്റെ മുഖ്യ പരിഗണനയില്‍. സിപിഎം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ്, എസ്എഫ്‌ഐ മുന്‍ ദേശീയ ഭാരവാഹിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഡോ.വി.ശിവദാസന്‍, കേന്ദ്ര കമ്മിറ്റിയംഗമായ വിജു കൃഷ്ണന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ഇത്തവണ നിയമസഭയിലേക്ക് സീറ്റ് ലഭിക്കാതെ പോയ മന്ത്രിമാരായ തോമസ് ഐസക്ക്, ജി.സുധാകരന്‍ എന്നിവരും പരിഗണനയിലുണ്ട്.

മുമ്പ് പല തവണ ബ്രിട്ടാസിനെ രാജ്യസഭയില്‍ എത്തിക്കാന്‍ സംസ്ഥാന നേതൃത്വം ആലോചിച്ചെങ്കിലും പാര്‍ട്ടി നേതാക്കള്‍ തന്നെ വേണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശമാണ് തടസമായത്. ഇത്തവണയും കേന്ദ്ര നേതൃത്വം എടുക്കുന്ന നിലപാട് ബ്രിട്ടാസിന്റെ കാര്യത്തില്‍ നിര്‍ണായകമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ജോണ്‍ ബ്രിട്ടാസിന്റെ കാര്യത്തില്‍ പ്രത്യേക താല്‍പര്യമുണ്ട്. സാമുദായിക പരിഗണനയും ബ്രിട്ടാസിന് അനുകൂല ഘടകമാണ്.

മൂന്ന് സീറ്റുകളാണ് കേരളത്തില്‍ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് ഒഴിവുളളത്. നിലവിലെ നിയമസഭാ അംഗബലത്തില്‍ രണ്ട് പേരെ എല്‍ഡിഎഫിനും ഒരാളെ യുഡിഎഫിനും വിജയിപ്പിക്കാം. കൊവിഡ് സാഹചര്യത്തില്‍ വോട്ടെടുപ്പ് ഒഴിവാക്കുന്നതിനെ പറ്റി ഇരുമുന്നണികളും ആലോചിക്കുന്നുണ്ട്. രണ്ട് സ്ഥാനാര്‍ഥികളെ മാത്രം നിര്‍ത്തി വോട്ടെടുപ്പ് ഒഴിവാക്കാനാണ് സിപിഎമ്മിനുളളില്‍ നിലവിലെ ധാരണ.

എന്നാല്‍ കര്‍ഷക സമരത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ കെ.കെ രാഗേഷിന് ഒരവസരം കൂടി നല്‍കണമെന്ന് സിപിഎമ്മിലെ ഒരു വിഭാഗത്തിന് താത്പര്യമുണ്ട്. യുഡിഎഫില്‍ മുസ്ലീം ലീഗിലെ പി.വി അബ്ദുള്‍ വഹാബ് തന്നെയായിരിക്കും സ്ഥാനാര്‍ഥി. അടുത്ത ചൊവാഴ്ച വരെയാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കാനുളള സമയം. ഈ മാസം 30നാണ് തെരഞ്ഞെടുപ്പ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.