ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണനെ കുരുക്കിയ കേസിന്റെ റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണനെ കുരുക്കിയ കേസിന്റെ റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യുഡല്‍ഹി: ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയ കേസിന്റെ റിപ്പോര്‍ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡികെ ജെയിന്‍ സമിതിയുടെ റിപ്പോര്‍ട്ടാണ് ജസ്റ്റിസ് എഎം ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്. രണ്ടര വര്‍ഷം നീണ്ട സിറ്റിങുകള്‍ക്കും അന്വേഷണത്തിനും ഒടുവിലാണ് ജസ്റ്റിസ് ഡികെ ജെയിന്‍ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നമ്പി നാരായണനെ ചാരക്കേസില്‍ കുരുക്കിയവരുടെ പേരുകള്‍ തുറന്ന കോടതിയില്‍ പുറത്തുവിട്ടാല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് രണ്ടാമത്തെ കേസായി റിപ്പോര്‍ട്ട് പരിഗണിക്കുമ്പോള്‍, കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തന്നെ ഹാജരായേക്കും.

തന്നെ ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുക്കിയതാണെന്ന ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ഹര്‍ജിയിലാണ് 2018 സെപ്റ്റംബര്‍ 14ന് സുപ്രീംകോടതി മൂന്നംഗ സമിതി രൂപീകരിച്ചത്. മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ടയേര്‍ഡ് എസ്പിമാരായ കെ.കെ. ജോഷ്വ, എസ് വിജയന്‍, ഐബി മുന്‍ ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണം.

1994ലെ ചാരക്കേസില്‍ നമ്പി നാരായണനെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ കുടുക്കുകയായിരുന്നു. പാകിസ്ഥാന്‍ ചാരനാണെന്ന് വരെ നമ്പി നാരായണനെ മുദ്രകുത്തിയിരുന്നു. 1996ല്‍ ഈ കേസന്വേഷണം ഏറ്റെടുത്ത സിബിഐ ഉദ്യോഗസ്ഥര്‍ തന്നെ നമ്പി നാരായണനെ കേസില്‍ കുടുക്കിയതില്‍ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുക. കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷപ്രകാരമാണ് നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.