തിരുവനന്തപുരം: വാക്സിന്‍ ലഭ്യത കുറഞ്ഞതോടെ ആരോഗ്യവകുപ്പ് തുടക്കമിട്ട മെഗാ വാക്സിനേഷന് തിരിച്ചടിയാകുന്നു. കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളവും തിരുവനന്തപുരവും ഉള്‍പ്പെടെ മിക്ക ജില്ലകളിലും കോവീഷീല്‍ഡ് വാക്സിന്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. എറണാകുളത്തെ മേഖല സംഭരണ കേന്ദ്രത്തിലും കോവീഷീല്‍ഡ് സ്റ്റോക്കില്ല. ക്യാമ്പുകള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.
ഇന്ന് വൈകുന്നേരത്തോടെ അഞ്ചര ലക്ഷം ഡോസ് വാക്‌സിന്‍ കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിനെത്തിയാല്‍ നാളെ മുതല്‍ ക്യാമ്പുകള്‍ തുടങ്ങും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലും ഗ്രാമീണ മേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികളിലും ചൊവ്വാഴ്ച തന്നെ വാക്സിനേഷന്‍ തടസപ്പെട്ടിരുന്നു.
കോവീഷീല്‍ഡ് രണ്ടാം ഡോസ് കുത്തിവെപ്പെടുക്കാന്‍ എത്തിയവര്‍ക്കും വാക്സിന്‍ ഇല്ലാത്തതിനാല്‍ മടങ്ങിപ്പോകേണ്ടിവന്നു. ചില ആശുപത്രികളില്‍ ഇന്ന് കോവാക്സിന്‍ ലഭ്യമാകുമെങ്കിലും കോവീഷീല്‍ഡ് രണ്ടാം ഡോസ് കുത്തിവെപ്പ് നടക്കില്ല.
രണ്ട് ലക്ഷം കോവാക്സിന്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിച്ചിരുന്നെങ്കിലും കോവാക്സിന്റെ തുടര്‍ലഭ്യത സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാല്‍ ഇത് മെഗാ വാക്സിനേഷന് തത്കാലം ഉപയോഗിക്കേണ്ടെന്നാണ് തീരുമാനം. മെഗാ വാക്സിനേഷന്റെ രണ്ടാം ദിനമായ തിങ്കളാഴ്ച 2.65 ലക്ഷത്തിലേറെ പേര്‍ക്ക് വാക്സിന്‍ നല്‍കിയിരുന്നു.
എന്നാല്‍ കോവീഷീല്‍ഡ് സ്റ്റോക്ക് കുറഞ്ഞതോടെ ചൊവ്വാഴ്ച 1.67 ലക്ഷത്തോളം പേര്‍ക്ക് മാത്രമാണ് കുത്തിവെപ്പെടുക്കാനായത്. വിഷു അവധി ദിവസമായ ഇന്നലെ സംസ്ഥാനത്ത് ആകെ വാക്സിനെടുത്തത് 19,000ത്തില്‍ താഴെ ആളുകള്‍ മാത്രമാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപന ഭീഷണിയെപ്പറ്റിയും പ്രതിരോധം ശക്തമാക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഇന്ന് രാവിലെ പതിനൊന്നിന് ആരംഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.