അന്താരാഷ്ട്ര ബാലികാ ദിനാചരണം സംഘടിപ്പിച്ചു

അന്താരാഷ്ട്ര ബാലികാ ദിനാചരണം സംഘടിപ്പിച്ചു

പെണ്‍കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ബാലികാ ദിനാചരണവും ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ പ്രകാശനവും ക്യാമ്പയിന്‍ സമാരംഭവും സര്‍ഗലയ പുരസ്‌കാരത്തിന്റെ പ്രഖ്യാപനവും ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ചു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

പെണ്‍കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ സുരക്ഷിതത്വത്തോടൊപ്പം ആരോഗ്യവും മെച്ചപ്പെടുത്തുവാന്‍ നമുക്കായിട്ടുണ്ട്. ശിശുമരണ നിരക്ക് വളരെയേറെ കുറയ്ക്കാനായിട്ടുണ്ട്. ജനിച്ച് കഴിഞ്ഞാലും അന്തസോടെ ജീവിക്കാനും കഴിയുന്ന അന്തരീക്ഷം ഒരുക്കണം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ നമുക്കായിട്ടില്ല. അതിനുള്ള പരിശ്രമമാണ് നടക്കുന്നത്. കുട്ടികളുമായി ഏറെ അടുപ്പമുള്ളവര്‍ തന്നെയാണ് പലപ്പോഴും കുട്ടികളെ അക്രമിക്കുന്നത്. കുട്ടികളെ അകാരണമായി മര്‍ദിച്ചാല്‍ ഭാവിയില്‍ വലിയ പ്രശ്‌നമുണ്ടാക്കും. ഇത് മനസിലാക്കിയാണ് ഉത്തരവാദിത്വമുള്ള രക്ഷകര്‍ത്താക്കളെ സൃഷ്ടിക്കാനായി റെസ്‌പോണ്‍സിബിള്‍ പാരന്റിംഗ് നടപ്പിലാക്കിയത്. അധ്യാപകര്‍ കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി സഹായിക്കാന്‍ കഴിഞ്ഞാല്‍ അവരെ നേര്‍ വഴിയില്‍ നയിക്കാന്‍ കഴിയും. കുട്ടികളെ ആക്രമിക്കുന്നവരെ വേഗത്തില്‍ നിയമത്തിന്റെ മുമ്പിലെത്തിക്കാന്‍ പോലീസിന് കഴിയണമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ വികസനത്തിനായി വലിയ പ്രവര്‍ത്തനമാണ് വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച് വരുന്നത്. സംരക്ഷണവും കരുതലും ആവശ്യമായി വരുന്ന കുട്ടികളെ സഹായിക്കാനുള്ള ബാലനിധി, ലോക്ഡൗണ്‍ കാലയളവില്‍ ശിശു സംരക്ഷണ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ കുടുംബങ്ങളില്‍ സാമൂഹികസാമ്പത്തികസാഹചര്യ പഠനം, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ശാക്തീകരണം, കുട്ടികളിലെ ആക്രമവാസന, മാനസിക സംഘര്‍ഷങ്ങള്‍ മുതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി പാരന്റിംഗ് കാമ്പയിന്‍ തുടങ്ങിയവ ഐ.സി.പി.എസിന്റെ ഭാഗമായി നടപ്പിലാക്കി വരുന്നു.

വിവിധ സ്ഥാപനങ്ങളുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടികളുടെ പുനരധിവാസം ലക്ഷ്യം വച്ചുകൊണ്ടുള്ള ഗ്രൂപ്പ്‌ഫോസ്റ്റര്‍ കെയര്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. വിവിധ ജില്ലയിലെ 72 കുട്ടികളെ പോറ്റി വളര്‍ത്തുന്നതിന് ഈ പദ്ധതി മുഖാന്തിരം 2000 രൂപ പ്രതിമാസം നല്‍കുന്നു. കുട്ടികള്‍ക്ക് സ്ഥാപനേതര സംരക്ഷണം ഉറപ്പുവരുത്തി അവര്‍ക്ക് കുടുംബ മൂല്യത്തിന്റെ പ്രാധാന്യം ലഭ്യമാക്കേണ്ടതും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനായി ഡിഇന്‍സ്റ്റിറ്റിയൂഷണലൈസേഷന്‍ പദ്ധതി നടപ്പിലാക്കി. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍, ജുവനൈല്‍ ജസ്റ്റീസ് ആക്ടിന്റെ പരിധിയില്‍ വരുന്ന കുട്ടികളുടെ സ്ഥാപനേതര സംരക്ഷണം ഉറപ്പാക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പഠനം മുടങ്ങാതിരിക്കുന്നതിനുമായി പ്രതിമാസം 2000 രൂപ വീതം ധനസഹായം നല്‍കുന്ന വിജ്ഞാനദീപ്തി പദ്ധതി നടപ്പിലാക്കിയതായും മന്ത്രി വ്യക്തമാക്കി.

പാരന്റിംഗ് കാമ്പയിന്‍ ഉദ്ഘാടനം, ലോക്ഡൗണ്‍ കാലയളവില്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമിന്റെ പ്രകാശനം, ലോക്ഡൗണ്‍ കാലയളവില്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഡോക്ക്യുമെന്റെഷന്‍ റിപ്പോര്‍ട്ട് പ്രകാശനം, ലോക്ഡൗണ്‍ കാലയളവില്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ നിന്നും വീടുകളിലേക്ക് പോയ കുട്ടികളുടെ കുടുംബങ്ങളില്‍ നടത്തിയ സാമൂഹിക സാമ്പത്തിക ആഘാത പഠന റിപ്പോര്‍ട്ട് പ്രകാശനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.

കുട്ടികളില്‍ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 'ലോഗിന്‍ ടു സര്‍ഗലയ' എന്ന പേരില്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ 2020 ഏപ്രില്‍ മേയ് മാസങ്ങളില്‍ നടത്തിയ മത്സര വിജയികളുടെ പ്രഖ്യാപനവും നടന്നു. ഒന്നാം സമ്മാനം ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജ് ആലപ്പുഴ, രണ്ടാം സമ്മാനം ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സ് കോഴിക്കോട്, ഗവ. ചില്‍ഡ്രന്‍സ് ഹോം ഗേള്‍സ്, കണ്ണൂര്‍, മൂന്നാം സമ്മാനം ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സ്, കോട്ടയം എന്നിവയ്ക്കാണ്.

സാമൂഹ്യ നീതി, വനിത ശിശു വികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി. മനോജ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍ ഫാദര്‍ ഫിലിപ്പ് പറക്കാട്ട് ഐ.സി.പി.എസ്. പ്രോഗ്രാം മാനേജര്‍ വി.എസ്. വേണു, ചൈല്‍ഡ് ലൈന്‍ കോ ഓര്‍ഡിനേറ്റല്‍ മനോജ് ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂണിസെഫ് സോഷ്യല്‍ പോളിസി സ്‌പെഷ്യലിസ്റ്റ് ജി. കുമരേശന്‍ മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസര്‍ ടി.വി. അനില്‍ കുമാര്‍, അസോ. പ്രൊഫസര്‍ ഡോ. അരുണ്‍ ബി. നായര്‍, ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വൈസ് പ്രസിഡന്റ് എസ്.ജെ. ഫാദര്‍ ജോയി ജെയിംസ് എന്നിവരുടെ സാന്നിധ്യവുമുണ്ടായി. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ കൃതജ്ഞത പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.