തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയും രണ്ടു ഡോസ് കോവിഡ് വാക്സിന്‍ എടുത്തവരെയുമാണ് ഇനി പ്രവേശിപ്പിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗമാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും കുറച്ചു. പരമാവധി 50 മുതല്‍ 100 പേര്‍ വരെയേ പങ്കെടുക്കാവൂ. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതു ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം. പരിശോധനയുടെ ചുമതല പൊലീസിന് നല്‍കി.
ഏപ്രില്‍ 16, 17 തിയതികളില്‍ രണ്ടരലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്താനും യോഗം തീരുമാനിച്ചു. ഏറ്റവും കൂടുതല്‍ പരിശോധന നടത്തുക എറണാകുളം ജില്ലയിലാണ്. 30,900 ഓളം പേരെ രണ്ട് ദിവസം കൊണ്ട് പരിശോധിക്കാനാണ് തീരുമാനം.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെയാകും പ്രധാനമായും പരിശോധിക്കുക. ഇതിനായി രാഷ്ട്രീയപാര്‍ട്ടികളുടെ സഹകരണം തേടാനും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാനത്തെ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കാനും ധാരണയായി.
കോവിഡ് മുന്നണി പ്രവര്‍ത്തകര്‍, കോവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ മുതലായ ഹൈറിസ്‌ക് ആളുകളെ കണ്ടെത്തി ടെസ്റ്റ് ചെയ്യും. ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ ഉപയോഗപ്പെടുത്തും.
സംസ്ഥാനത്ത് കൂടുതല്‍ വാക്‌സീന്‍ എത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ഈ മാസം 19 മുതല്‍ കൂടുതല്‍ മാസ് വാക്‌സീന്‍ വിതരണകേന്ദ്രങ്ങള്‍ സജ്ജമാക്കും. വാക്‌സീന്‍ വിതരണം ത്വരിതഗതിയിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. വ്യാപകമായ പരിശോധന, കര്‍ശനമായ നിയന്തണം, ഊര്‍ജിതമായ വാക്സിനേഷന്‍ എന്നീ മൂന്നു തലങ്ങളിലൂടെ കോവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ട്യൂഷന്‍ സെന്ററുകള്‍ രോഗവ്യാപനത്തിനിടയാക്കരുത്. ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആളുകള്‍ കൂടാതെ ശ്രദ്ധിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കോവിഡ് അവലോകന യോഗത്തില്‍ ഉയര്‍ന്നത്.
യോഗത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.