കൊച്ചി: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രിയെ 'കൊവിഡിയറ്റ്' എന്ന് വിളിച്ച് പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. പിണറായി വിജയനെ വിശേഷിപ്പിക്കാന്‍ മറ്റ് വാക്കുകളില്ലെന്നും വി മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു.
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തതെന്നും കൊവിഡ് പോസിറ്റീവായ മുഖ്യമന്ത്രി ആറാം നാള്‍ ആശുപത്രി വിട്ടെന്നും വി മുരളീധരന്‍ ആരോപിച്ചിരുന്നു. സ്വന്തം കാര്യം വരുമ്പോള്‍ മുഖ്യമന്ത്രിക്ക് പ്രോട്ടോക്കോള്‍ ബാധകമല്ലേയെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്റെ ചോദ്യം.
മുഖ്യമന്ത്രിക്ക് നാലാം തിയതി രോഗ ലക്ഷണങ്ങളുണ്ടായിരുന്നെങ്കില്‍ അന്ന് നടത്തിയ റോഡ്‌ഷോ ലംഘനമല്ലേ. കൊവിഡ് പോസിറ്റീവായ ഒരാള്‍ക്ക് പത്താം നാളാണ് വീണ്ടും പരിശോധന നടത്തേണ്ടതെങ്കിലും മുഖ്യമന്ത്രി നേരത്തെ പരിശോധന നടത്തി ആശുപത്രി വിട്ടെന്നും മുരളീധരന്‍ പറഞ്ഞു.
എന്നാല്‍ ഈ വിഷയത്തില്‍ മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആറാം തിയതിയാണ്. അന്ന് രാവിലെയാണ് മുഖ്യമന്ത്രി വോട്ടു ചെയ്യുന്നത്. അതിലെന്താണ് ചട്ടലംഘനമെന്നാണ് ആരോഗ്യമന്ത്രിയുടെ ചോദ്യം.
മുഖ്യമന്ത്രിക്ക് നാലാം തിയതി മുതല്‍ ലക്ഷണം ഉണ്ടെന്ന് സൂപ്രണ്ടിന് എങ്ങനെയാണ് പറയാന്‍ സാധിക്കുക. പ്രിസിപ്പാളാണ് ഇക്കാര്യം പറയുക. കൊവിഡ് മുക്തനായ മുഖ്യമന്ത്രിക്ക് വലിയ യാത്രയപ്പൊന്നും നല്‍കിയിട്ടില്ല. എന്തും പറയാമെന്ന നിലയാവരുത് കാര്യങ്ങളെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് മഞ്ചേരിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് ഷാന്‍ കൊടുവണ്ടിയാണ് ഗവര്‍ണര്‍ക്ക് പരാതിനല്‍കിയത്.
അതേസമയം മുഖ്യമന്ത്രിക്ക് നേരിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും ഇത്തരത്തിലുളള ആളുകള്‍ക്ക് ലക്ഷണം തുടങ്ങി പത്താം നാള്‍ പരിശോധന നടത്താമെന്നുമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. മുഖ്യമന്ത്രിക്കായി പ്രൊട്ടോക്കോളില്‍ ഇളവ് നല്‍കിയിട്ടില്ലെന്നും മെഡിക്കല്‍ കോളജ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.