ഐഎസ്ആര്‍ഒ ചാരക്കേസ്: അന്വേഷണം നടക്കട്ടെ; റിപ്പോര്‍ട്ട് വന്നിട്ട് കൂടുതല്‍ പറയാമെന്ന് കെ.മുരളീധരന്‍

ഐഎസ്ആര്‍ഒ ചാരക്കേസ്: അന്വേഷണം നടക്കട്ടെ; റിപ്പോര്‍ട്ട് വന്നിട്ട് കൂടുതല്‍ പറയാമെന്ന് കെ.മുരളീധരന്‍

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറിയ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് കെ.മുരളീധരന്‍ എംപി. കേസില്‍ അന്വേഷണം നടക്കട്ടേയെന്നും ബാക്കി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം പറയാമെന്നും മുരളീധരന്‍ പറഞ്ഞു. ചാരക്കേസുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഡി.കെ ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കി അന്വേഷണം ഏറ്റെടുക്കാമെന്ന് സുപ്രീംകോടതി വിധി.

മുരളീധരന്റെ പിതാവും മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ പ്രതിസ്ഥാനത്ത് വന്ന കേസാണിത്. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്ന് കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. പിന്നാലെ അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചെങ്കിലും കോടതി ഇടപെട്ട് തടഞ്ഞിരുന്നു. രണ്ട് പതിറ്റാണ്ടോളം നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് കേസില്‍ നമ്പി നാരായണന്‍ അനുകൂല വിധി നേടിയെടുത്തത്.

ഡി.ജെ ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറുമെന്നും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും കോടതി പറഞ്ഞു. നമ്പി നാരായണനെ കുടുക്കാന്‍ കേരളാ പോലീസ് ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്നാണ് സിബിഐ അന്വേഷിക്കുക. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യം കോടതി തള്ളി. സിബിഐക്ക് റിപ്പോര്‍ട്ട് നല്‍കരുതെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. സിബിഐ ഡയറക്ടര്‍ക്കോ ആക്ടിങ് ഡയറക്ടര്‍ക്കോ റിപ്പോര്‍ട്ട് കൈമാറാനാണ് കോടതിയുടെ നിര്‍ദ്ദേശം. സിബിഐ അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടുപിടിക്കണമെന്നും നടപടി സ്വീകരിക്കുമ്പോള്‍ മാത്രമേ നീതി ലഭിച്ചുവെന്ന് പറയാന്‍ സാധിക്കൂ എന്നും നമ്പി നാരായണന്‍ പ്രതികരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.