'പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്കെല്ലാം വാക്‌സിന്‍ നൽകണം'; സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി അഭിഭാഷക രശ്മി സിം​ഗ്

'പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്കെല്ലാം വാക്‌സിന്‍ നൽകണം'; സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി അഭിഭാഷക രശ്മി സിം​ഗ്

ന്യൂഡൽഹി: പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും കൊവിഡ് പ്രതിരോധ വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ രശ്മി സിം​ഗ് സുപ്രീം കോടതിയിൽ ഹർജി നൽകി. തിങ്കളാഴ്ച ഹർജി പരി​ഗണിക്കും. 

എന്നാൽ ഇപ്പോൾ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ഘട്ടമാണ് രാജ്യത്ത് നടക്കുന്നത്. എല്ലാ പ്രായത്തിലുള്ളവർക്കും കൊവിഡ് വ്യാപകമായി കണ്ടെത്തുന്നതും രോഗത്തിന്റെ രണ്ടാം തരംഗം ശക്തമായി ആഞ്ഞടിക്കുന്നതും വാക്സിനേഷൻ കൂട്ടാൻ കേന്ദ്രസർക്കാരിനെ ചിന്തിപ്പിക്കുന്ന ഘടകമാണ്. എല്ലാ പ്രായക്കാർക്കും വ്യാപകമായി വാക്സിനേഷൻ നൽകുന്നത് വഴി മരണനിരക്ക് കുറയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

അതേസമയം, നിലവിൽ വാക്സിനുകളുടെ കസ്റ്റംസ് തീരുവ 10 ശതമാനമാണ്. എന്നാൽ ജിഎസ്‍ടി കൂടി ചേരുമ്പോഴേക്ക് ഇറക്കുമതി തീരുവ മൊത്തത്തിൽ 16.5 ശതമാനമായി ഉയരും. ഈ സാഹചര്യത്തിൽ രാജ്യത്ത് വാക്സിൻ ഇറക്കുമതി തീരുവ എടുത്ത് കളഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇറക്കുമതി ചെയ്ത വാക്സിനുകളുടെ വില കുറയുന്നതിന് ഇത് സഹായകമാകും. വാക്സിൻ ഇറക്കുമതി ഊർജിതമാക്കി പരമാവധി പേരെ വാക്സിനേറ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണിത്. ഈ സാഹചര്യത്തിലാണ് വാക്സിനുകളുടെ ഇറക്കുമതി തീരുവ എടുത്ത് കളയാൻ ആലോചിക്കുന്നത്.  

അമേരിക്ക, യുകെ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ ഡ്രഗ് റെഗുലേറ്റർമാരും ലോകാരോഗ്യസംഘടനയും അംഗീകരിച്ച വാക്സിനുകളെല്ലാം രാജ്യത്ത് ഉപയോഗിക്കാൻ കേന്ദ്രസർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു. നിലവിൽ ആസ്ട്രാസെനകയുടെ കൊവിഷീൽഡും, ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനുമാണ് രാജ്യത്തെ വാക്സീനേഷൻ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നത്. 

വാക്‌സിൻ ഇറക്കുമതിയുടെ നടപടിക്രമങ്ങൾ എളുപ്പമാക്കാനും, ഏതെങ്കിലും തരത്തിൽ ഇറക്കുമതി തീരുവയിൽ കുറവ് വരുത്തുകയോ എടുത്തുകളയുകയോ ചെയ്യാനും ആലോചനയുണ്ടെന്ന് കേന്ദ്ര വാണിജ്യ, ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക മാർഗരേഖ ഉടൻ പുറത്തിറങ്ങിയേക്കും. നിലവിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വാക്സിനുകളുടെ ഇറക്കുമതി രൂപരേഖ പരിശോധിച്ച് വരികയാണെന്നും, അതിന് ശേഷം തീരുമാനമുണ്ടാകുമെന്നുമാണ് റിപ്പോ‍ർട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.