കോഴിക്കോട്: ജില്ലയിലെ കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവായി. രോഗവ്യാപനം രൂക്ഷമാവുന്നതൊഴിവാക്കാന്‍ പുറപ്പെടുവിച്ച കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. എന്നാൽ ജില്ലയിൽ പ്രതിദിന കൊവിഡ് കേസുകള്‍ 1500 കടന്നു.
കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകള്‍ 144 പ്രകാരം പൂര്‍ണമായി നിരോധിച്ചു. തൊഴില്‍, അവശ്യ സേവനം എന്നിവക്ക് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ പോലീസ് മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. കണ്‍ടെയ്ന്‍മെന്റ് സോണുകളിലെ ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും നടത്താനേ പാടുള്ളൂ. ഇതില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാൻ പാടില്ല.
അതേസമയം സംസ്ഥാനത്ത് 10,031 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ കോഴിക്കോട് ജില്ലയില്‍ 1560 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1523 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്. 7801 പേരെ പരിശോധനക്ക് വിധേയരാക്കി. 21.20 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് കേസുകള്‍ കൂടിയതോടെ കൂടുതല്‍ ജില്ലകളിലും നിയന്ത്രണം പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ പത്തിന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. 14.8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോഴിക്കോട് കൂടാതെ എറണാകുളത്തും പ്രതിദിന രോഗബാധ ആയിരം കടന്നു.
രോഗവ്യാപനം വിശകലനം ചെയ്ത് ഓരോ ദിവസവും പ്രഖ്യാപിക്കുന്ന കണ്‍ടെയ്ന്‍മെന്റ് സോണുകളുടെ വിവരം കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ ലഭ്യമാണ്. രോഗവ്യാപനം അതി തീവ്രമായി തുടരുന്നത് ജില്ലയെ ഗുരുതര സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.