കോവിഡ് വ്യാപനം കൂടുന്നു; 50 ലക്ഷം വാക്സിന്‍ ഉടന്‍ വേണമെന്ന് ആരോഗ്യമന്ത്രി

കോവിഡ് വ്യാപനം കൂടുന്നു; 50 ലക്ഷം വാക്സിന്‍ ഉടന്‍ വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ. കേരളത്തിന് ഇതുവരെ 60.84 ലക്ഷം ഡോസ് വാക്സിനാണ് ഇതുവരെ ലഭിച്ചത്. 56.75 ലക്ഷം ഡോസ് ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞു. 5,80,880 ഡോസ് വാക്സിനാണ് ഇനിയുള്ളത്.

മാസ് വാക്സിനേഷന്‍ ക്യാമ്പയിന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ അടിയന്തരമായി 50 ലക്ഷം ഡോസ് നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കോവിഷീല്‍ഡും കോവാക്സിനും തുല്യമായി വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇന്ന് നടന്ന യോഗത്തില്‍ ആവശ്യപ്പെട്ടതെന്നും കെ.കെ ഷൈലജ പറഞ്ഞു.

നിലവില്‍ കേരളത്തില്‍ ഓക്സിജന്‍ വിതരണത്തില്‍ കുറവില്ല. എന്നാലും കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ഓക്സിജന്‍ ക്ഷാമമുണ്ടായേക്കാം. അതിനാല്‍ ഓക്ജ്‌സിന്‍ വിതരണത്തില്‍ കേരളത്തെക്കൂടി പരിഗണിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ മരണനിരക്ക് ഉയര്‍ന്നിട്ടില്ല. 0.4 ശതമാനമാണ് മരണ നിരക്ക്. മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിതി ഇതല്ലെന്നാണ് ഇന്നത്തെ യോഗത്തില്‍ നിന്ന് മനസിലായതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ മാര്‍ച്ച് അവസാനം കോവിഡ് കേസുകള്‍ കുറഞ്ഞിരുന്നെങ്കിലും നിലവില്‍ കേസുകള്‍ പ്രതിദിനം കൂടുകയാണ്. 11.89 ലക്ഷം കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത്. 58,245 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. രണ്ടാം തരംഗത്തെ ഇല്ലാതാക്കാനാണ് ക്രഷിങ് ദി കര്‍വ് എന്ന പേരില്‍ കര്‍മപദ്ധതി മുന്നോട്ടു വെച്ചത്. പരിശോധന കൂട്ടിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് 1.39 കോടി ടെസ്റ്റുകള്‍ നടത്തി. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ പരിശോധനാ നിരക്ക്.

സിറോ സര്‍വെയിലന്‍സ് സര്‍വേ പ്രകാരം കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11 ശതമാനം പേര്‍ക്ക് മാത്രമാണ്. അതായത് 89 ശതമാനം പേര്‍ക്കും ഇനി രോഗം വരാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും കൂട്ടായ പരിശ്രമത്തിലൂടെ കോവിഡ് വ്യാപനം തടയാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.