ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ സാഹചര്യം അതീവ ഗുരുതരം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായി ഉയര്‍ന്നു. ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകള്‍ക്കും ഓക്സിജനും കടുത്ത ക്ഷാമം നേരിടുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഗുരുതര സ്ഥിതിവിശേഷമാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ 25,000 മുകളില്‍ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആശുപത്രികളിലെ 90 ശതമാനം കിടക്കകളും നിറഞ്ഞു. തീവ്രപരിചരണ വിഭാഗങ്ങളില്‍ 100 കിടക്കകള്‍ മാത്രമാണ് ഒഴിവുള്ളത്. ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം പൊടുന്നനെ വര്‍ധിച്ചതോടെ ആശുപത്രികളില്‍ 6000 കിടക്കകള്‍ അടിയന്തിരമായി വേണ്ടിവരുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കി.
ആശുപത്രികളില്‍ കിടക്കകള്‍ക്ക് ക്ഷാമം നേരിട്ടതോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജ്, സ്‌കൂളുകള്‍ എന്നിവ കോവിഡ് ചികിത്സയ്ക്കുള്ള താല്‍കാലിക ആശുപത്രികളാക്കി മാറ്റിയിട്ടുണ്ട്. രണ്ട്, മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഓക്സിജന്‍ സൗകര്യമുള്ള ആറായിരം കിടക്കകള്‍ തയ്യാറാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓക്സിജന്‍ ക്ഷാമമാണ് ഡല്‍ഹി നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കൈവശമുള്ള ഓക്സിജന്‍ അതിവേഗത്തില്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്. വളരെ കുറഞ്ഞ അളവ് ഓക്സിജന്‍ മാത്രമേ ആശുപത്രികളില്‍ ബാക്കിയുള്ളൂ. അടിയന്തിരമായി കൂടുതല്‍ ഓക്സിജന്‍ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിസോദിയ വ്യക്തമാക്കി.
ഡല്‍ഹിയിലെ കോവിഡ് സാഹചര്യം അതിഗുരുതരമാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പോസിറ്റിവിറ്റി നിരക്ക് വളരെ ഉയര്‍ന്ന നിലയിലാണ്. രോഗം ബാധിക്കുന്നവരുടെ എണ്ണം അനുനിമിഷം വര്‍ധിക്കുകയാണ്. ഇത് അപ്രതീക്ഷിതമാണ്. ഇന്നലത്തേതുപോലെ ഇന്നും ഉയര്‍ന്ന തോതിലുള്ള രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.