ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന് സനു മോഹന്‍; കൊച്ചിയില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു

ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന് സനു മോഹന്‍; കൊച്ചിയില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: എറണാകുളം മുട്ടാര്‍ പുഴയില്‍ 13 വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക കാര്‍വാറില്‍നിന്ന് പിടിയിലായ പിതാവ് സനു മോഹനെ ഇന്നലെ രാത്രി കൊച്ചിയിലെത്തിച്ചു. രഹസ്യ കേന്ദ്രത്തില്‍ അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ സനു മോഹനില്‍നിന്ന് നിര്‍ണായക വിവരങ്ങളാണു ലഭിച്ചത്. വൈഗയുടെ മരണത്തിന് പിന്നില്‍ താനാണെന്ന് ഇയാള്‍ മൊഴി നല്‍കിയതായാണു വിവരം. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ മകളെ മുട്ടാര്‍ പുഴയില്‍ തള്ളിയെങ്കിലും തനിക്ക് ഭയം മൂലം ആത്മഹത്യ ചെയ്യാനായില്ലെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

കടബാധ്യത പെരുകിയപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതായി സനു മോഹന്‍ മൊഴി നല്‍കി. തനിയെ മരിച്ചാല്‍ മകള്‍ അനാഥയാകുമെന്ന് കരുതി. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തി ഒരുമിച്ച് മരിക്കാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞു. അമ്മയെ അമ്മയുടെ വീട്ടുകാര്‍ നോക്കിക്കോളുമെന്നും പറഞ്ഞു. പേടിച്ചുകരഞ്ഞ് ഫ്‌ളാറ്റില്‍നിന്ന് പുറത്തേക്കു കടക്കാന്‍ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോടു ചേര്‍ത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലയ്ക്കുന്നത് വരെ അങ്ങനെ ചെയ്തു.

വൈഗയുടെ മൂക്കില്‍നിന്നു രക്തം ഒഴുകി. ഇത് ബെഡ് ഷീറ്റ് ഉപയോഗിച്ച് തുടച്ചു. തുടര്‍ന്ന് മകളെ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തി. മകളുമായി മുട്ടാര്‍ പുഴയുടെ കല്‍ക്കെട്ടിലെത്തി. വൈഗയെ പുഴയിലേക്ക് താഴ്ത്തി. മരിച്ചെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാല്‍ ഭയം കാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ല. തുടര്‍ന്ന് ബാംഗ്ലൂരും ഗോവയിലും മൂകാംബികയിലും പോയി. കൈയ്യിലുണ്ടായിരുന്ന പണം പനാജിയില്‍ ചൂതുകളിച്ച് കളഞ്ഞു. യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സനു മോഹന്‍ പറഞ്ഞു. സനു മോഹനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അതേസമയം, പോലീസ് നിഗമനം ഇങ്ങനെയാണ്. ഫ്‌ളാറ്റില്‍ വെച്ച് ശ്വാസം മുട്ടിച്ചെങ്കിലും വൈഗ മരിച്ചിരുന്നില്ല. ബോധരഹിതയായ വൈഗ മരിച്ചെന്ന് സനു മോഹന്‍ കരുതി. വെള്ളത്തില്‍ എറിയുമ്പോള്‍ വൈഗ അബോധാവസ്ഥയിലായിരുന്നു. വെള്ളത്തില്‍ വീണ ശേഷമാണ് മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളില്‍ വെള്ളമെത്തിയത് ഇങ്ങിനെയാവാം. വൈഗയുടെ മരണം മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കേരള പോലീസ് തന്നെയാണ് സനു മോഹനെ പിടികൂടിയതെന്ന് അന്വേഷണ സംഘം അവകാശപ്പെട്ടു. മൂകാംബികയില്‍ നിന്ന് ഗോവ ലക്ഷ്യമാക്കിയാണ് സനുമോഹന്‍ സഞ്ചരിച്ചത്. കാര്‍വാറിലെ ബീച്ച് പരിസരത്ത് നിന്ന് സനു മോഹനെ മൂന്നംഗ സംഘമാണ് പിടികൂടിയതെന്നും അന്വേഷണ സംഘത്തില്‍ നിന്ന് വിവരം കിട്ടി.

കേസില്‍ സനു മോഹന്റെ അറസ്റ്റ് ഇന്ന് ഉണ്ടാകും. മകളുടെ മരണത്തിന് പിറകെ ഒളിവില്‍പോയ സനു മോഹനനെ ഇന്നലെ പുലര്‍ച്ചെയാണ് മൂകാംബികയില്‍നിന്ന് കാര്‍വാറിലേക്കു രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കര്‍ണ്ണാടക പോലീസിന്റെ സഹായത്തോടെ പിടികൂടിയത്.

ഇന്ന് രാവിലെ 11 മണിക്ക് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളെ കാണും. മാര്‍ച്ച് 21 ന് വൈകിട്ടാണ് എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍നിന്ന് അച്ഛനെയും മകളെയും കാണാതാകുന്നത്. ബന്ധുവിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് 13 വയസുള്ള വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍നിന്ന് മാര്‍ച്ച് 22 ന് ഉച്ചയോടെ കണ്ടെത്തിയത്. എന്നാല്‍ സനു മോഹനന്‍ എവിടെ എന്നത് സബന്ധിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ സനു മോഹനനും പിടിയിലായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.