കൊച്ചി: സനു മോഹന്‍ തന്നെയാണ് മകള്‍ വൈഗയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കളമശേരി മുട്ടാര്‍ പുഴയില്‍ നിന്ന് വൈഗയുടെ മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ സനു മോഹന്‍ വാളയാര്‍ വിട്ടിരുന്നു. പരമാവധി തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമവും നടത്തി. ഒട്ടേറെ സ്ഥലങ്ങളില്‍ കറങ്ങിയതിനു ശേഷമാണ് പ്രതി മൂകാംബിയയില്‍ എത്തിയത്.
പൊലീസിന്റെ എട്ടു സംഘമാണ് അന്വേഷണം നടത്തിയത്. എപ്പോള്‍ എവിടെനിന്നു വിവരം ലഭിച്ചാലും അവിടേക്ക് എത്താന്‍ വിധത്തിലായിരുന്നു പൊലീസ് പ്രവര്‍ത്തനം. സനുവിന്റെ ഭൂതകാലവും പരിശോധിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് അങ്ങനെയാണു പിടികിട്ടിയത്. കേസില്‍ ആവശ്യത്തിനു തെളിവുകള്‍ കണ്ടെത്താനാണ് ഇനിയുള്ള ദിവസങ്ങളില്‍ ശ്രമിക്കുക.
സനു മൊഴികളെല്ലാം മാറ്റിപ്പറയുന്നത് പൊലീസിനെ കുഴക്കുന്നുണ്ട്. ഇപ്പോള്‍ പറയുന്നത് 10 മിനിറ്റ് കഴിഞ്ഞ് മാറ്റുകയാണ്. അരമണിക്കൂര്‍ കഴിഞ്ഞ് പിന്നെയും മാറ്റുന്നു. വൈഗയുടെ ശരീരത്തിലെ മദ്യത്തിന്റെ അംശത്തെപ്പറ്റിയും സംശയമുണ്ട്. ഇതിലൊന്നും സനുവിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ല. ഡിഎന്‍എ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നല്‍കാനാകൂ. നിലവിലെ മൊഴി പ്രകാരം വൈഗയെ കെട്ടിപ്പിടിച്ചു ഞെരിച്ചു കൊല്ലുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്.
എന്തുകൊണ്ടാണ് കൊലപാതകമെന്നതിന് സനു പല കാരണങ്ങളും പറയുന്നുണ്ട്. താന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും അങ്ങനെ ചെയ്താല്‍ മകള്‍ അനാഥയാകുമെന്നു കരുതി മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചതെന്നും സനു പൊലീസീനോട് പറഞ്ഞു. പിന്നീട് ആത്മഹത്യയ്ക്ക് ഭയം തോന്നിയതു കാരണം നാടു വിടുകയായിരുന്നുവെന്നമാണ് പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ ഇതൊന്നും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
ഫോണ്‍ സിഗ്‌നല്‍ പോലുള്ള ഡിജിറ്റല്‍ തെളിവുകളൊന്നും ബാക്കിവയ്ക്കാതെയാണ് സനു രക്ഷപ്പെടാന്‍ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ഓരോ ശ്രമത്തിലും തെളിവുകള്‍ ബാക്കിവയ്ക്കാതെ നോക്കിയിരുന്നു. അതാണു സംശയം ബലപ്പെടുത്തുന്നത്. ആത്മഹത്യാശ്രമം എന്ന വാദത്തെ സംശയിക്കാനും ഇതാണു കാരണം.
നിലവില്‍ സനുവിനെ മാത്രമാണു സംശയിക്കുന്നത്. മൂന്നാമതൊരാളെ സംശയിക്കുന്നില്ല. ഫ്‌ളാറ്റിലുള്ളവരെയും സനുവിന്റെ ഭാര്യവീട്ടുകാരെയും ഉള്‍പ്പെടെ ചോദ്യം ചെയ്തു. ഇതില്‍നിന്നെല്ലാമുള്ള വിവരങ്ങളും പരിശോധിക്കേണ്ടതുണ്ട്. സനുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണു തീരുമാനം. തുടര്‍ന്നു തെളിവെടുപ്പു നടത്തും. മുംബൈയില്‍ മൂന്നു കോടിയുടെ തട്ടിപ്പു കേസ് സനുവിന്റെ പേരിലുണ്ട്. വളരെ രഹസ്യാത്മക ജീവിതമാണ് സനു നയിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാള്‍ ആരോടും പുറത്തുപറഞ്ഞിരുന്നില്ലെന്നും കമ്മിഷണര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.