തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷം. രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും തടസമുണ്ടാകില്ല. എന്നാൽ ടാക്സികളിൽ നിശ്ചിത ആളുകൾ മാത്രമേ കയറാവൂ.
മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പ്, പത്രം, പാൽ, മാധ്യമ പ്രവർത്തകർ രാത്രി ഷിഫ്റ്റിലെ ജീവനക്കാർ എന്നിവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ നിന്നും രാത്രി ഒൻപതിന് ശേഷം പാർസൽ വിതരണം പാടില്ല. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണം എന്നും നിർദ്ദേശമുണ്ട്.
അതേസമയം വോട്ടെണ്ണൽ ദിവസം ആഘോഷങ്ങളും ആൾക്കൂട്ടവും പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റി നിർദ്ദേശിച്ചു. സിനിമ തിയറ്ററുകളുടേയും മാളുകളുടേയും മൾട്ടിപ്ലക്സുകളുടേയും സമയം രാത്രി എഴരവരെയാക്കിക്കുറച്ചു. നാളെയും മറ്റനാളും മൂന്ന് ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ക്ലാസുകളെല്ലാം ഓൺലൈനായി മാത്രമേ നടത്താൻ പാടുള്ളൂ. വർക്ക് ഫ്രം ഫോം നടപ്പാക്കണമെന്ന നിർദ്ദേശത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ തീരുമാനം ഇന്നുണ്ടായേക്കും
ആരാധനാലയങ്ങളിൽ ഓൺലൈൻ സംവിധാനത്തിലുടെ ആരാധനകൾ ബുക്ക് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ രണ്ടാഴ്ചത്തേക്കാണ് കർഫ്യൂ തീരുമാനിച്ചിരിക്കുന്നതെങ്കിലും സ്ഥിതിഗതികൾ ഇടക്ക് വിലയിരുത്തും. അതേസമയം, കൊവിഡ് രോഗികളെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വാക്സിൻ ക്ഷാമം അതിരൂക്ഷമാവുകയാണ്. അഞ്ച് ലക്ഷത്തില്‍ താഴെ വാക്സിൻ മാത്രമാണ് ആകെ സ്റ്റോക്കുള്ളത്.
തിരുവനന്തപുരത്ത് ആകെ ഉള്ളത് 1500 ഡോസ് കൊവീഷീൽഡാണ്. മിക്ക ജില്ലകളിലും മെഗാ വാക്സിനേഷൻ ക്യാംപുകൾ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് നിര്‍ദേശം നൽകിയിട്ടുണ്ട്. എന്നാൽ രണ്ടാം ഡോസ് വാക്സിൻ എടുക്കാനെത്തുന്നവര്‍ക്ക് ഭൂരിഭാഗത്തിനും കുത്തിവയ്പ് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. സ്വകാര്യ മേഖലയിലും വാക്സിൻ നൽകുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളിൽ സ്റ്റോക്കുള്ള വാക്സിൻ തീരും വരെ കുത്തിവയ്പ് നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.