ഭാരത സഭാ ചരിത്രത്തിലെ സുഭാഷ് ചന്ദ്രബോസ് എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിച്ചിട്ടുള്ള പാലാക്കുന്നേൽ മത്തായി മറിയം കത്തനാരുടെ 121 ആം ചരമ വാർഷികം ഇന്ന് ആചരിക്കുകയാണ്. 1900 ആണ്ട് ഏപ്രിൽ മാസം ഇരുപതാം തീയതി ചങ്ങനാശേരി വെച്ച് അദ്ദേഹം ദിവംഗതനായി. കൂത്രപ്പള്ളിയിൽ അദ്ദേഹം പണികഴിപ്പിച്ചിരുന്ന കല്ലറയിൽ ഖബറടക്കുകയും ചെയ്തു. ആ കല്ലറയുടെ മുകളിൽ രേഖപ്പെടുത്തുവാനായി അദ്ദേഹം തന്നെ തയ്യാറാക്കി വെച്ചിരുന്ന വാക്കുകൾ ആ വൈദിക ജീവിത്തതിന്റെ അടിയുറച്ച ബോധ്യം വെളിവാക്കുന്നവയായിരുന്നു. " എന്റെ സ്വരം ശ്രവിച്ച" കൂത്രപ്പള്ളിയിലെ വിശ്വാസ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് വിവരങ്ങൾ അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
വലിയയച്ചന്റെ ഡയറികുറിപ്പുകളെ ഒരു കാലഘട്ടത്തിന്റെ ചരിത്ര പേടകമെന്നു വിശേഷിപ്പിക്കാം. അക്കാലത്തെ രാഷ്ട്രീയവും സഭാപരവുമായ സംഭവങ്ങളും സാഹചര്യങ്ങളും മാത്രമല്ല അക്കാലത്തെ ഭാഷ, കൃഷി, വേഷം, ഭക്ഷണക്രമം, കുടുംബ ബന്ധങ്ങൾ, സാമൂഹിക തിന്മകൾ, ആചാരങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ഉൾക്കൊള്ളുന്നതിനാൽ വല്യച്ച്ന്റെ ' നാളാഗമം' ചരിത്ര കുതുകികൾക്ക് ഒരു അക്ഷയ ഖനിയാണ്.
അന്ന് 'അസ്പർശ്യർ' എന്ന് കരുതിയിരുന്നവരും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നവരുമായ ജനസമൂഹത്തെ അക്ഷരം പഠിപ്പിക്കുന്നതിനായി അദ്ദേഹം നിരവധി കളരികൾ സ്ഥാപിച്ചു. അവിടെതന്നെ അവർക്കു വിശ്വാസവും പറഞ്ഞുകൊടുത്തു. സത്യവിശ്വാസം സ്വീകരിക്കാൻ സന്നദ്ധരായവർക്ക് മാമ്മോദീസാ നൽകി. അവർക്കായി പള്ളികൾ സ്ഥാപിച്ചു. അങ്ങനെ വിശ്വാസത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ദളിതരുടെ ഉന്നമനം സാധ്യമാക്കുവാൻ അദ്ദേഹം എടുത്ത നടപടികൾ പടിഞ്ഞാറു ആലപ്പുഴ മുതൽ കിഴക്ക് എരുമേലി വരെ ഉണ്ടാക്കിയ സാമൂഹിക മാറ്റം വളരെ വലുതാണ്.
അദ്ദേഹം ഒരു നല്ല കർഷകനും പ്രകൃതി സ്നേഹിയുമായിരുന്നു. തിരുവനന്തപുരം സന്ദർശിച്ച അദ്ദേഹത്തിന് ദിവാൻജി നൽകിയ സമ്മാനമായ കപ്പകമ്പ് ആദ്യമായി കൂത്രപ്പളിയിലെ തന്റെ പറമ്പിൽ അദ്ദേഹം കൃഷി ചെയ്തു.അത് മധ്യ തിരുവിതാംകൂറിലെ ഭക്ഷ്യ സുരക്ഷയെ തന്നെ നിർണയിക്കുന്ന ഒരു സംഭവമായി. സെൻട്രൽ ജയിലിൽ ഞായറാഴ്ച തോറും കുർബാന അർപ്പിക്കുവാൻ അദ്ദേഹം നേടിയെടുത്ത അവകാശം തടവറയിലെ മാനസാന്തരങ്ങൾക്കു കരണമായിക്കൊണ്ട് ഇന്നും നിലനിൽക്കുന്നു. ആഴ്ചയിൽ ഒരിക്കൽ കർഷക തൊഴിലാളികൾക്ക് അവധി നൽകുന്നതിന്, പുരുഷന്മാർ മേൽക്കുപ്പായം ധരിച്ചു തുടങ്ങുന്നതിനുമൊക്കെ അദ്ദേഹത്തിന്റെ പ്രവർത്തങ്ങൾ കൂടി കാരണമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.