ഉടന്‍ വാക്‌സിന്‍ വേണം: സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും 4,500 കോടിയുടെ സഹായം

ഉടന്‍ വാക്‌സിന്‍ വേണം: സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും 4,500 കോടിയുടെ സഹായം

ന്യൂഡല്‍ഹി: വാക്സിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കും ഭാരത് ബയോടെക്കിനും കൂടി 4,500 കോടി രൂപ അഡ്വാന്‍സായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശക്തിപ്രാപിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. കോവിഷീല്‍ഡിന്റെ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3000 കോടി രൂപയും കൊവാക്സിന്റെ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് 1500 കോടി രൂപയും മുന്‍കൂര്‍ അനുവദിച്ചതായാണ് വിവരം.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയും വാക്‌സിന്‍ ക്ഷാമം നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വളരെ പെട്ടെന്ന് തന്നെ കമ്പനികള്‍ വാക്‌സിനുകള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ അഡ്വാന്‍സ് തുക നല്‍കിയത്. ഇതനുസരിച്ച് അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളില്‍ അതത് കമ്പനികള്‍ കോവിഷീല്‍ഡും കൊവാക്‌സിനും വിതരണം ചെയ്യേണ്ടതുണ്ട്.

ധനമന്ത്രാലയം അനുവദിക്കുന്ന പണം ആരോഗ്യ മന്ത്രാലയം വഴിയാകും വിതരണം ചെയ്യുക. ഇക്കാര്യത്തിലുള്ള ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. അതേസമയം കൊവാക്‌സിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് ബയോ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ നടപടി.

വാക്സിന്‍ നിര്‍മാതാക്കളായ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്റര്‍നാഷണലിന് സര്‍ക്കാര്‍ 65 കോടി അനുവദിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും ധനസഹായം നല്‍കുന്നത്. കേന്ദ്രത്തിന്റെ കൊവിഡ് സുരക്ഷ ആത്മനിര്‍മഭര്‍ ദൗത്യത്തിന്റെ ഭാഗമായാണ് ഗ്രാന്റ് അനുവദിച്ചത്.

ഇതുകൂടാതെ മഹാരാഷ്ട്ര സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹാഫ്കൈന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷനും സര്‍ക്കാര്‍ 65 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ലാഭം നല്‍കുന്ന കമ്പനികള്‍ക്ക് ഗ്രാന്റ് നല്‍കുന്ന പതിവ് സര്‍ക്കാരിനില്ല. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നാണ് വിലയിരുത്തപ്പെടുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ പൊതു സാമ്പത്തിക ചട്ട പ്രകാരം കമ്പനികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കുന്നതിനോ വായ്പാ സഹായം അനുവദിക്കുന്നതിനോ ബാങ്ക് ഗ്യാരന്റിയോ ഈടോ ആവശ്യമാണ്. കൂടാതെ ഇത്തരത്തില്‍ പണം നല്‍കുമ്പോള്‍ ധനമന്ത്രാലയത്തിന്റെ ക്ലിയറന്‍സും ആവശ്യമാണ്. എന്നാല്‍ ഇവിടെ ഇതൊന്നുമില്ലാതെയാണ് സിറത്തിനും ബയോ ടെക്കിനും സര്‍ക്കാര്‍ പണം അനുവദിച്ചത്. ഇരുകമ്പനികള്‍ക്കും പണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ചട്ടങ്ങളില്‍ ഇളവുവരുത്തുകയും ക്ലിയറന്‍സ് നല്‍കുകയുമായിരുന്നുവെന്നാണ് വിവരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.