ഔദ്യോഗിക പദവി സ്വാര്‍ഥ ലാഭത്തിനായി ഉപയോഗിക്കുന്നത് വ്യാപകമെന്നും അത് അഴിമതിയാണെന്നും ഹൈക്കോടതി

ഔദ്യോഗിക പദവി സ്വാര്‍ഥ ലാഭത്തിനായി ഉപയോഗിക്കുന്നത് വ്യാപകമെന്നും അത്  അഴിമതിയാണെന്നും ഹൈക്കോടതി


കൊച്ചി: സ്വാര്‍ഥ ലാഭത്തിനായി ഔദ്യോഗിക പദവി ഉപയോഗിക്കുന്നത് വ്യാപകമെന്ന് ഹൈക്കോടതി. ലോകായുക്ത വിധിക്കെതിരെ കെ.ടി ജലീല്‍ നല്‍കിയ ഹര്‍ജി തളളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. ഔദ്യോഗിക പദവിയോ സംവിധാനമോ സ്വാര്‍ഥ ലാഭത്തിന് ഉപയോഗിക്കുന്നത് അഴിമതിയാണെന്നും കോടതി വിലയിരുത്തി.

ലോകായുക്ത ഉത്തരവിനെതിരായ കെ.ടി.ജലീലിന്റെ വാദങ്ങളെല്ലാം പൂര്‍ണമായി തള്ളിക്കൊണ്ടാണ് ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിക്കുക പോലും ചെയ്യാതെ ഹൈക്കോടതി തള്ളിയത്.

തന്റെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവെന്ന ജലീലിന്റെ വാദം ശരിയല്ല. ജലീല്‍ അടക്കം എല്ലാ കക്ഷികള്‍ക്കും അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയിരുന്നു. കൂടുതല്‍ വാദങ്ങള്‍ അവതരിപ്പിക്കാന്‍ വീണ്ടും അവസരവും സമയവും വേണമെന്ന് ജലീല്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ എംഡി സ്ഥാനത്തേക്കുള്ള നിയമനത്തിന്റെ യോഗ്യതകള്‍ നിശ്ചയിച്ചത് ജലീല്‍ സ്വന്തം നിലയ്ക്കാണ്. ഇക്കാര്യത്തില്‍ കോര്‍പറേഷനുമായി ജലീല്‍ കൂടിയാലോചനകള്‍ നടത്തിയിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇക്കാരണങ്ങളാല്‍ ലോകായുക്ത ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. ലോകായുക്തയുടെ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് നിലപാടെടുത്ത സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചും ഹൈക്കോടതി ഉത്തരവ് തിരിച്ചടിയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.