കന്യാസ്ത്രീകൾ: കാരുണ്യത്തിൻ്റെ കരങ്ങൾ നീട്ടിയവർ

കന്യാസ്ത്രീകൾ: കാരുണ്യത്തിൻ്റെ കരങ്ങൾ നീട്ടിയവർ

ഒരു സ്ത്രീ, കന്യാസ്ത്രിയായി ജന്മമെടുക്കുന്ന നിമിഷം മുതൽ തൻ്റെ അഭിലാഷങ്ങളും താത്പര്യങ്ങളുമെല്ലാം മറ്റുള്ളവർക്കും താഴേത്തട്ടിലുള്ള ജനസമൂഹത്തിൻ്റെ ഉന്നമനത്തിനും ഉയർച്ചക്കുമായി മാറ്റുകയാണ്. അതുവരെയുള്ള ജീവിതശൈലികളെ തച്ചുടച്ചു പക്വതയുള്ളവരായി സഭക്കും സമൂഹത്തിനും നിസ്വാർത്ഥ സേവനം ചെയ്യുകയാണവർ. ഒന്നുമില്ലാത്തവർക്ക് എല്ലാമായി മാറുകയാണവർ. ജീവിതത്തിലെ യുവത്വം തുടിക്കുന്ന സമയത്തു തങ്ങളുടെ വിലയേറിയ സമയവും ഊർജ്ജവുമെല്ലാം ഒരു സമൂഹത്തിൻ്റെ പുരോഗതിക്കും വളർച്ചക്കുമായി മാറ്റിയവരാണവർ. യൗവ്വനത്തിൽ താങ്ങളുടെ മോഹങ്ങളെല്ലാം ഹോമിച്ചു സമൂഹത്തിലെ താഴേത്തട്ടിലുള്ള സഹോദരങ്ങളെ ചാരത്തു ചേർത്തു സ്നേഹം ചൊരിഞ്ഞ വിശാല മനസ്സിനുടമകളാണവർ.

സഹോദരങ്ങളേ ഒന്നോർത്തു നോക്കൂ, ഓരോ കന്യാസ്ത്രീകളും നമുക്കെത്രമാത്രം വിലപ്പെട്ടവരും പ്രാധാന്യമുള്ളവരുമാണെന്നകാര്യം. ജാതിമതഭേദമന്യേ അവർ നടത്തുന്ന നിസ്തൂല സേവനങ്ങൾ ഹൃദയം നനക്കുന്നതാണ്. മഠത്തിൻ്റെ നാലു ചുവരുകൾക്കുള്ളിൽ തുടങ്ങുന്ന അവരുടെ പ്രവർത്തനങ്ങൾ അസീമമായി തുടരുകയാണ്. നെഴ്സറികളിലും സ്ക്കൂളുകളിലും ഹോസ്പിറ്റലുകളിലും കോൺവെൻറുകളിലും അഗതിമന്ദിരങ്ങളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും ആരുമില്ലാത്തവർക്കായുള്ള മേഴ്സി ഹോമുകളിലും മനസ്സു കൈവിട്ടു പോയവർക്കുള്ള സ്നേഹാലയങ്ങളിലുമെല്ലാം അവർ അമ്മയും അപ്പനും സഹോദരിയും സഹോദരനും ഒക്കെയായി മാറുന്നു. അവർക്കെല്ലാമെല്ലാമായി തീരുന്നു. നമുക്കു സങ്കൽപ്പിക്കാവുന്നതിനതീതമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു മനസ്സുകൾ കീഴടക്കിയ പുണ്യജീവിതമാണവരുടേത്‌.

സഹോദരങ്ങളേ, ഇന്നു നമ്മുടെ നാടിനേയും സമൂഹത്തേയും തളരാതെ താങ്ങി നിർത്താൻ നമ്മുടെ കന്യാസ്ത്രീകൾ മുൻകൈയെടുത്തു നൽകുന്ന സഹായങ്ങളും സേവനങ്ങളും അമൂല്യങ്ങളാണ്. നാമോരോരുത്തരും നമ്മുടെ ജീവിതത്തിൽ സ്വാതന്ത്ര്യത്തോടെ, നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിക്കുമ്പോൾ, തങ്ങളുടെ ജീവിതം മറ്റുള്ളവർക്കായി മാറ്റിവച്ചു എരിഞ്ഞു സ്വയം ഇല്ലായ്മ ചെയ്തു പ്രകാശം പരത്തുന്ന മെഴുകുതിരികളായി മാറുകയാണവർ. തെരുവുകളിലും വഴിയോരങ്ങളിലുമെല്ലാം അലയുന്ന മക്കളെ ജാതിയോ മതമോ വർഗ്ഗമോ നിറമോ നോക്കാതെ നെഞ്ചോരത്തു നിർത്തി സ്നേഹംകൊണ്ടു മൂടുകയാണവർ. ആരുമില്ലാതെ റോഡരികിലും നഗരങ്ങളിലുമെല്ലാം ഉപേക്ഷിക്കപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങൾ, പ്രായമായതിൻ്റെ പേരിൽ സ്വന്തം മക്കൾപ്പോലും തിരസ്ക്കരിച്ചു തള്ളപ്പെട്ട മാതാപിതാക്കൾ ഇവരെയൊക്കെ പുതിയ ജീവിതത്തിലേക്കു കൈപിടിച്ചുയർത്തുന്നവരാണവർ. ഇരുളടഞ്ഞു വഴിമുട്ടിയവർക്കു വിളക്കായി മാറി വഴിതുറന്ന സ്നേഹമാണു നിങ്ങൾ. വരണ്ടുണങ്ങിയ മനസ്സിൻ്റെ മരുവതിൽ മരുപ്പച്ചയായി മാറുകയാണു നിങ്ങൾ.

മാനസികവും ശാരീരികവുമായ പലവിധ രോഗങ്ങളാലും പ്രായാധിക്യത്താലും അവശരായ നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗത്തെ ജാതിയോ മതമോ നോക്കാതെ അരികത്തു ചേർന്നു, അളവുകളില്ലാത്ത സ്നേഹം പകർന്നു, വാടിപ്പോയ അവരുടെ വദനങ്ങൾ വിടർത്തിയെടുത്തു നിങ്ങൾ. അവരുടെ കാഷ്ടവും മൂത്രവും കോരി വൃത്തിയാക്കി, അവരെ സ്വന്തമെന്ന പോലെ പരിചരിക്കുന്ന മാലാഖാമാർ. ക്ഷമയുടേയും സ്നേഹത്തിൻ്റെയും പ്രതീകമായി മാറുകയാണു ഓരോ കന്യാസ്ത്രീകളും. മനസ്സിൻ്റെ സമനില തെറ്റിയവർ, തെരുവുകളിൽ അലയുന്നവർ ഇവരെയൊക്കെ തേടിപിടിച്ചു ചെന്നു പുനർജ്ജന്മം നൽകുന്ന കാഴ്ച നാം പലപ്പോഴും കണ്ണു നിറഞ്ഞു കണ്ടിട്ടുള്ളതാണ്. കരളലിയിക്കുന്ന സ്നേഹം പകരുന്ന ദൈവത്തിൻ്റെ മക്കൾ.

പ്രിയരേ, ഓർക്കുക ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നമ്മുടെ നാടിനേയും സമൂഹത്തേയും താഴേക്കു പോകാതെ താങ്ങി നിർത്തുന്ന നമ്മുടെ സഹോദരിമാരെ, കന്യാസ്ത്രീകളെ അപമാനിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതു തീർത്തും നിരാശാജനകവും അപക്വവും എതിർക്കപ്പെടേണ്ടതുമാണ്. അവർ നൽകിയ, നൽകുന്ന സേവനങ്ങൾ സമൂഹത്തിൽ മറ്റാർക്കും നൽകാൻ കഴിയുന്നതല്ല. കുറ്റം ചെയ്തവരാരായാലും നിയമത്തിനു മുന്നിൽ വരണം തീർച്ച. എന്നാൽ അതിൻ്റെ പേരിൽ ഒരു സമൂഹത്തെ മുഴുവൻ താറടിച്ചുകാട്ടുന്നതും ആക്ഷേപിക്കുന്നതും തീർത്തും അപലപനീയവും ശക്തമായി പ്രതിരോധിക്കപ്പെടേണ്ടതുമാണ്. ഇന്നവരില്ലായിരുന്നെങ്കിൽ എവിടേയും ഒന്നാമതാണെന്നു അഹങ്കരിക്കുന്ന നമ്മൾ എവിടെ നിൽക്കുമെന്നു നാം ചിന്തിക്കുന്നതു നന്ന്. സമൂഹത്തിൽ നിശബ്ദ വിപ്ലവം തീർക്കുകയാണവർ.

ചെറിയ സംഭവങ്ങളുടെ വെളിച്ചത്തിൽ, സമൂഹത്തിലെ ഉപേക്ഷിക്കപ്പെട്ട, വലിച്ചെറിയപ്പെട്ട ജീവിതങ്ങൾക്കു തുണയും താങ്ങുമാവുന്ന, സ്നേഹവും കാരുണ്യവും കൊണ്ടു ജീവിതം നൽകുന്ന ഒരു വിഭാഗത്തെ മുഴുവൻ അടച്ചാക്ഷേപിച്ചു അവരുടെ ആത്മാഭിമാനത്തെ ഇല്ലായ്മ ചെയ്യുന്നതു ശരിയായ നടപടിയല്ല. ഓർക്കുക, ആരൊക്കെ, എങ്ങനെയൊക്കെ ഇല്ലായ്മ ചെയ്യുവാനും തളർത്തുവാനും പരിശ്രമിച്ചാലും അവർ തളരുകയുമില്ല, തോൽക്കുകയുമില്ല, കാരണം കൊടും സഹനങ്ങളുടെ വാളു നെഞ്ചത്തു കടന്നപ്പോഴും, സ്വന്തം മകൻ കാൽവരിയിൽ പിടഞ്ഞപ്പോഴും ശാന്തമായി നിന്നു ദൈവഹിതത്തിനു വിട്ടുകൊടുത്ത പരിശുദ്ധ കന്യകാമറിയമാണവരുടെ ശക്തി. അവളാണവരുടെ ഊർജ്ജം.

എരിഞ്ഞമർന്നു പ്രശോഭിക്കുന്ന തിരികളാണു നിങ്ങൾ
നന്മയുടെ മനോഹര കുസുമങ്ങളാണു നിങ്ങൾ
സ്നേഹത്താൽ മനസ്സുകൾ അലിയിച്ച മന്ത്രമാണു നിങ്ങൾ
ക്ഷമയാൽ ലോകത്തെ മാറ്റിമറിച്ച വിഹഗങ്ങളാണു നിങ്ങൾ


അമ്മമാരേ, നിങ്ങളോടു ഞങ്ങൾ ക്ഷമ ചോദിക്കുന്നു. കാരുണ്യത്തിൻ്റെ കരം നീട്ടി നിങ്ങൾ സമൂഹത്തിൽ നടത്തുന്ന നിശബ്ദ വിപ്ലവം സധൈര്യം തുടരുക. എല്ലാവരും നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾക്കു മുന്നിൽ ഞങ്ങൾ ആദരവോടെ, വിനയത്തോടെ ശിരസ്സു നമിക്കുന്നു.🙏🙏🙏


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.