കൊച്ചി: വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ആള്‍ക്കൂട്ടവും വിജയാഹ്ലാദപ്രകടനവും ഒഴിവാക്കാന്‍ നിരോധനാജ്ഞയും ലോക്ഡൗണുമടക്കം പ്രഖ്യാപിക്കണമെന്ന ഹർജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെയ് ഒന്നിന് രാത്രി മുതല്‍ വോട്ട് എണ്ണുന്ന മെയ് രണ്ടിന് രാത്രിവരെ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി അഡ്വ. വിനോദ് മാത്യു വില്‍സണ്‍,
വോട്ടെണ്ണല്‍ ദിവസം രാവിലെ ആറുമുതല്‍ 48 മണിക്കൂര്‍ നാലുപേരിലധികം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കൂട്ടംകൂടി നില്‍ക്കുന്നത് പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിലെ വകുപ്പുകള്‍ പ്രകാരം നിരോധിക്കുകയും ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവിദഗ്ധനായ കൊല്ലം മരുത്തടി സ്വദേശി ഡോ. എസ്. ഗണപതി, മെയ് രണ്ടിന് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ അകത്തും പരിസരത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയല്ലാതെ ആരെയും അനുവദിക്കരുതെന്നും കൂട്ടംകൂടിയുള്ള വിജയാഹ്ലാദ പ്രകടനവും മറ്റും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം ശാസ്ത്രിനഗര്‍ സ്വദേശി എ.കെ. ശ്രീകുമാര്‍ എന്നിവര്‍ നല്കിയ മൂന്ന് ഹർജികളാണ് കോടതി പരിഗണിക്കുന്നത്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആളുകള്‍ തടിച്ചു കൂടുന്നത് തടയണം, വോട്ടെണ്ണലില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരും പ്രതിനിധികളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജിക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതാണ് കേരളത്തില്‍ രോഗികളുടെ എണ്ണം കൂടാന്‍ കാരണമെന്ന് മൂന്ന് ഹർജിയിലും ചൂണ്ടിക്കാണിക്കുന്നത്. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപ് കേരളത്തില്‍ പ്രതിദിനം 2798 കേസാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പോസിറ്റിവ് നിരക്ക് 5.15 ശതമാനമായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണത്തിലും പോസിറ്റിവ് നിരക്കിലും മൂന്നിരട്ടി വര്‍ധനയാണുണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.