തിരുവനന്തപുരം: കോവിഡ് വ്യാപനം കുതിച്ചുയരുന്ന കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 27 മരണവും സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. 1,30,617 പേരെ പരിശോധിച്ചതില്‍ നിന്നാണ് 28447 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
ആകെ 178983 പേരാണ് ചികിത്സയിലുള്ളത്. കര്‍ക്കശമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും. നാളെയും മറ്റന്നാളും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടാകുമെന്നും തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം നിയന്ത്രണം സംബന്ധിച്ച് കൂടുതല്‍ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5055 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 315 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1756 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4477, കോഴിക്കോട് 3860, തൃശൂര്‍ 2920, മലപ്പുറം 2529, തിരുവനന്തപുരം 1950, കണ്ണൂര്‍ 1812, കോട്ടയം 1858, പാലക്കാട് 809, ആലപ്പുഴ 1231, പത്തനംതിട്ട 1099, കാസര്‍ഗോഡ് 1061, കൊല്ലം 1067, ഇടുക്കി 838, വയനാട് 792 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 13, കണ്ണൂര്‍ 12, തൃശൂര്‍ 11, വയനാട് 9, കാസര്‍ഗോഡ് 7, കൊല്ലം, കോഴിക്കോട് 6 വീതം, എറണാകുളം, പാലക്കാട് 3 വീതം, പത്തനംതിട്ട, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 11,66,135 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,463 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,74,464 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,999 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3609 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ നടന്ന പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളം നടത്തുന്ന ഇടപെടലുകളും ആവശ്യങ്ങളും വിശദമായി അവതരിപ്പിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 3.5 ലേക്ക് എത്തിച്ചപ്പോഴാണ് രണ്ടാം തരംഗം. മരണ നിരക്ക് 0.9 ആക്കി കുറയ്ക്കാനായി.
ടെസ്റ്റ് എണ്ണം കൂട്ടുക, ചികിത്സ ലഭ്യമാക്കല്‍, നിയന്ത്രണം കാര്യക്ഷമമാക്കി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി സമ്പദ് ഘടന മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കുക. വാക്‌സിനേഷന്‍ നല്‍കുകയാണ് മഹാമാരിക്കെതിരായ ഏറ്റവും മികച്ച പ്രതിരോധം.
മെയ് ഒന്ന് മുതല്‍ 18 ന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള കേന്ദ്ര തീരുമാനം സ്വാഗതം ചെയ്യുന്നു. ഘട്ടംഘട്ടമായി വാക്‌സിന്‍ നല്‍കാനുള്ള പദ്ധതി ആലോചിക്കും. വിവിധ പ്രായക്കാര്‍ക്ക് വിവിധ സമയം അനുവദിക്കും. മറ്റ് രോഗങ്ങളുള്ളവര്‍ക്ക് പ്രായഭേദമന്യേ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനോടകം 55.09 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി. 8.3 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 1.13 കോടി പേര്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരാണ് സംസ്ഥാനത്ത്. വാക്‌സീന്‍ ഡോസ് രണ്ട് ദിവസത്തില്‍ തീരും. 50 ലക്ഷം വാക്‌സിന്‍ ഡോസ് ന്യായമായ ആവശ്യം. അത് എത്രയും വേഗം ലഭ്യമാക്കണം.
സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കി ദേശീയ തലത്തില്‍ പ്രതിരോധം വികസിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 400 രൂപയ്ക്ക് വാക്‌സിന്‍ വാങ്ങാന്‍ 1300 കോടി രൂപ ചെലവാകും. ഇത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കും. ഇപ്പോള്‍ തന്നെ അടിയന്തിര ചികിത്സ ലഭ്യമാക്കി ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാനത്തിന് വലിയ തോതില്‍ പണം ചെലവാക്കേണ്ടി വരുന്നുണ്ട്.
ക്രഷ് ദി കര്‍വ് എന്ന സംസ്ഥാനത്തിന്റെ ലക്ഷ്യത്തിന് കേന്ദ്രത്തിന്റെ എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സ്ഥിതി ഗൗരവതരമാണ്. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങരുത്. പ്രധാന ജങ്ഷനിലും തിരക്കേറിയ സ്ഥലങ്ങളിലും പൊലീസ് അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ട്. നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. എല്ലായിടത്തും തിരക്കില്ലാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചു.
സ്ഥല വിസ്തൃതിയുടെ പകുതി പേരെ മാത്രമേ ഒരു സമയം സ്ഥാപനങ്ങള്‍ക്ക് അകത്ത് പ്രവേശിപ്പിക്കാവൂ. സ്ഥാപനങ്ങളില്‍ കടക്കുന്നവര്‍ ശരീര ഊഷ്മാവ് പരിശോധിക്കണം, കൈകള്‍ അണുവിമുക്തമാക്കണം. കടകളില്‍ എത്തുന്നവരുടെ പേരും മറ്റ് വിവരങ്ങളും എഴുതി സൂക്ഷിക്കണം.
സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഇക്കാര്യം ഉറപ്പാക്കും. കൊവിഡ് പോസിറ്റീവായ വിവരം മറച്ചുവെച്ച് സമൂഹത്തില്‍ ഇടപെടല്‍ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തും. രോഗ വ്യാപനം കൂടുതലുള്ള എറണാകുളം ജില്ലയില്‍ പ്രതിരോധത്തിന് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.