തിരുവനന്തപുരം: സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരക്കുകളില്‍ വലിയ അന്തരമാണ് കാണുന്നത്. 2300 രൂപ മുതല്‍ മുതല്‍ 20,000 രൂപ വരെ പലയിടത്തും ഒരു ദിവസത്തെ ചികിത്സയ്ക്ക് മാത്രം ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ക്രമീകരിക്കാന്‍ ജില്ലാ ഭരണാധികാരികള്‍ ഇടപെടണം.
കോവിഡ് അവസരമായി കണ്ട് അമിതചാര്‍ജ് അപൂര്‍വ്വം ചിലരെങ്കിലും ഈടാക്കുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് സംസ്ഥാനതലത്തില്‍ ഈടാക്കേണ്ട തുകയെക്കുറിച്ച് ധാരണ ഉണ്ടാക്കും. സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം ശനിയാഴ്ച വിളിച്ചു ചേര്‍ക്കുന്നുണ്ട്. ഈ വിഷയവും അവിടെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
ആശുപത്രികളില്‍ ജീവനക്കാരുടെ കുറവ് ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ആദ്യത്തെ ഡോസ് വാക്സിനെടുത്തവര്‍ രണ്ടാമത്തെ ഡോസ് വല്ലാതെ വൈകിപ്പോകുമോ, അല്ലെങ്കില്‍ ലഭിക്കാതെ പോകുമോ, എന്ന് ആശങ്കപ്പെടുന്നുണ്ട്. വാക്സിനേഷന്‍ സെന്ററുകളിലെ തിരക്കിന് അത് കാരണമാകുന്നു. അത്തരത്തിലുള്ള ആശങ്ക ഉണ്ടാകേണ്ടതില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തില്‍ ഭൂരിപക്ഷം ആളുകള്‍ക്കും നല്‍കിയിട്ടുള്ളത് കോവിഷീല്‍ഡ് വാക്സിനാണ്. ആ വാക്സിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതില്‍ കുഴപ്പമില്ലെന്നും അത്രയും വൈകി രണ്ടാമത്തെ ഡോസ് എടുക്കുന്നതാണ് ഗുണപ്രദമെന്നുമാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആദ്യത്തെ ഡോസ് ലഭിച്ചവര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കു കൂട്ടേണ്ടതില്ല. മറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമാണ്.
അതേസമയം വാക്സിനെടുത്തെന്ന ആത്മവിശ്വാസത്തോടെ ശ്രദ്ധയില്ലാതെ നടന്നാല്‍ രോഗം പിടിപെട്ടേക്കാം. ഗുരുതരമായ രോഗാവസ്ഥയുണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും രോഗം പകര്‍ത്താന്‍ അവര്‍ക്കു സാധിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.