പാലക്കാട്: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പാലക്കാട് തത്തമംഗലത്ത് കുതിരയോട്ട മത്സരം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നാളെ നടക്കാനിരുന്ന അങ്ങാടി വേലയോടനുബന്ധിച്ചുള്ള പരിശീലനമാണ് ഇന്ന് നടന്നത്. റോഡിന്റെ ഇരുവശങ്ങളിലും കുതിരയോട്ടം വീക്ഷിക്കാന്‍ നൂറുകണക്കിനാളുകള്‍ തടിച്ചു കൂടിയിരുന്നു. ഒടുവില്‍ ചിറ്റൂര്‍ പൊലീസ് ഇടപെട്ട് മത്സരം നിര്‍ത്തിവെച്ചു. ആളുകള്‍ പിരിഞ്ഞു പോകണമെന്ന കര്‍ശന നിര്‍ദേശവും പൊലീസ് നല്‍കി. സംഭവത്തില്‍ 52 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
കലക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാ ഉത്സവങ്ങളും ചടങ്ങുകള്‍ മാത്രമായി ചുരുക്കണമെന്ന് തീരുമാനമെടുത്തിരുന്നു. ഇതുപ്രകാരം അങ്ങാടി വേലയോടനുബന്ധിച്ചുള്ള കുതിരയോട്ട മത്സരമുള്‍പ്പെടെ മാറ്റിവെക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. അതുകൊണ്ടു തന്നെ പൊലീസില്‍ നിന്ന് മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് ഇന്ന് കുതിരയോട്ട മത്സരത്തിന്റെ പരിശീലനം നടന്നതെന്നാണ് വിവരം. രണ്ടു വര്‍ഷം കൂടുമ്പോഴാണ് തത്തമംഗലം അങ്ങാടിവേല നടക്കാറുള്ളത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് 200 ഓളം കുതിരകള്‍ അങ്ങാടിവേലയോടനുബന്ധിച്ച് നടക്കുന്ന കുതിരയോട്ടത്തില്‍ പങ്കെടുക്കാറുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.