ഇന്ന് 26,685 പുതിയ കൊവിഡ് ബാധിതര്‍, 25 മരണം; പഴയ മുന്നറിയിപ്പുകള്‍ മറക്കരുതെന്ന് മുഖ്യമന്ത്രി

ഇന്ന് 26,685 പുതിയ കൊവിഡ് ബാധിതര്‍, 25 മരണം;  പഴയ മുന്നറിയിപ്പുകള്‍ മറക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 25 മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗ വ്യാപനത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍. തൊട്ടു പിന്നാലെ എറണാകുളം. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20.35 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാംപിളുകളാണ് പരിശോധിച്ചത്.

രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,49,89,949 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, തൃശൂര്‍ 15, പാലക്കാട് 12, പത്തനംതിട്ട 7, വയനാട് 5, കാസര്‍ഗോഡ് 4, എറണാകുളം 3, കൊല്ലം 2, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 794, കൊല്ലം 406, പത്തനംതിട്ട 278, ആലപ്പുഴ 583, കോട്ടയം 694, ഇടുക്കി 96, എറണാകുളം 821, തൃശൂര്‍ 684, പാലക്കാട് 372, മലപ്പുറം 540, കോഴിക്കോട് 858, വയനാട് 127, കണ്ണൂര്‍ 595, കാസര്‍ഗോഡ് 219 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 1,98,576 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,73,202 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 538 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇന്നലെ 28000 ന് മുകളിലായിരുന്നു ആകെ രോഗ ബാധിതര്‍. സംസ്ഥാനത്ത് ഇത് വരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ വര്‍ദ്ധനയായിരുന്നു ഇത്. ഇന്നും നാളെയും സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പഴയ മുന്നറിയിപ്പുകള്‍ മറക്കരുതെന്ന് കോവിഡ് സംബന്ധിച്ച് വിശദീകരിക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ആദ്യ തരംഗത്തെ പിടിച്ചുനിര്‍ത്താന്‍ ഉപയോഗിച്ച അടിസ്ഥാന തത്വങ്ങളിലേക്ക് തിരികെ പോകണം. മാസ്‌ക് കൃത്യമായി ധരിക്കണം, കൈകള്‍ ശുദ്ധമാക്കണം, അകലം പാലിക്കണം, ഇതില്‍ വീഴ്ച പാടില്ല. ആള്‍ക്കൂട്ടം ഒഴിവാക്കണം. അടഞ്ഞ സ്ഥലങ്ങളില്‍ കൂടാനും അടുത്ത് ഇടപഴകാനും പാടില്ല. ഇതൊക്കെ താരതമ്യേന മികച്ച രീതിയില്‍ പാലിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മറ്റിടങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കേരളത്തില്‍ കുറഞ്ഞതും മരണനിരക്ക് കുറഞ്ഞതും.

സ്വയം നിയന്ത്രണത്തില്‍ ചില വീഴ്ചകള്‍ ഇപ്പോള്‍ കാണുന്നുണ്ട്. തോന്നുന്നത് പോലെയാകാം എന്ന ധാരണയുള്ളവര്‍ അത് തിരുത്തണം. നമുക്കും ചുറ്റുമുള്ളവര്‍ക്കും വേണ്ടി രോഗം പിടിപെടാന്‍ അനുവദിക്കില്ലെന്ന ദൃഢനിശ്ചയം വേണം. നാട് ഗുരുതരമായ സ്ഥിതിയിലേക്ക് എത്തിയേക്കാം. ജാഗ്രത പാലിക്കലാണ് ഇതൊഴിവാക്കാനുള്ള പ്രധാന മാര്‍ഗം.

രോഗവ്യാപനത്തോത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തി. ഒന്നാം തരംഗത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് മികച്ച സഹകരണം ലഭിച്ചിരുന്നു. ചികിത്സയ്ക്കും പ്രതിരോധത്തിനും പൂര്‍ണ സഹകരണം ഇന്നത്തെ യോഗത്തിലും അവര്‍ വാഗ്ദാനം ചെയ്തു. വ്യാപന തോത് രൂക്ഷമാകുന്ന ഘട്ടത്തെ മുന്നില്‍ കണ്ടുള്ള നിര്‍ദ്ദേശങ്ങളാണ് യോഗത്തില്‍ മുന്നോട്ട് വെച്ചത്.


എല്ലാ ആശുപത്രികളും കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ആകെ കിടക്കകളുടെ 25 ശതമാനം കൊവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കണം. ഇപ്പോള്‍ തന്നെ പലരും ഭൂരിഭാഗം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവെച്ചു. 40-50 ശതമാനം വരെ പലരും മാറ്റിവെച്ചിട്ടുണ്ട്. എല്ലായിടത്തും 25 ശതമാനമെങ്കിലും കിടക്കകള്‍ കോവിഡിനായി പ്രത്യേകം നീക്കിവെക്കണമെന്നാണ് പൊതുവേ ആവശ്യപ്പെട്ടതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ഐസിയു കിടക്കകളും വെന്റിലേറ്ററുകളും പൂര്‍ണ സജ്ജമായിരിക്കണം. ഐസിയു കിടക്കകള്‍ ഗുരുതര രോഗമുള്ളവര്‍ക്കായി ഉപയോഗിക്കണം. അനാവശ്യമായി ഐസിയു കിടക്കകള്‍ നിറയുന്നുണ്ടോയെന്ന് സ്ഥാപനങ്ങള്‍ പ്രത്യേകം പരിശോധിക്കണം. 108 ആംബുലന്‍സ് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ ആംബുലന്‍സുകള്‍ യോജിച്ച നിലയില്‍ പ്രവര്‍ത്തിക്കണം. പരസ്പരം കാര്യങ്ങള്‍ മനസിലാക്കി ഇടപെടണം.

കോവിഡ് ഇതര രോഗികള്‍ക്ക് ഈ ഘട്ടത്തില്‍ ചികിത്സ ഉറപ്പാക്കണമെന്നാണ് യോഗം കണ്ടത്. ഒരു ആശുപത്രിയിലും അമിതമായ ചികിത്സാ ഫീസ് ഈടാക്കരുത്. ന്യായമായ രീതിയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ചികിത്സാ ഫീസാണ് പൊതുവേ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. ചില ആശുപത്രികള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുവെന്ന പരാതിയുണ്ട്. സര്‍ക്കാര്‍ നിശ്ചിത നിരക്ക് എല്ലാ കാര്യങ്ങളിലും അംഗീകരിച്ചിട്ടുണ്ട്. ആ നിരക്ക് എല്ലാവര്‍ക്കും യോജിച്ചതാണ്. അതേ നിരക്ക് എല്ലാ ആശുപത്രികളും അംഗീകരിക്കുന്ന നില വേണം. സ്വകാര്യ ആശുപത്രികള്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുമായി എംപാനല്‍ ചെയ്തിട്ടുണ്ട്. എംപാനല്‍ ചെയ്യാത്ത ആശുപത്രികള്‍ ഇത് ചെയ്യണം.

പതിനഞ്ച് ദിവസത്തിനകം കോവിഡ് ചികിത്സയ്ക്കുള്ള മുഴുവന്‍ ചെലവും കൈമാറുന്ന അവസ്ഥയുണ്ടാകും. ഇത് സംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ നേരത്തെയുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നു. അത് പരിശോധിച്ച് ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും ആവശ്യമായ നടപടി സ്വീകരിക്കും. ജാഗ്രതയോടെ നീങ്ങിയാലേ രോഗവ്യാപനം കുറയ്ക്കാനാവൂ. സര്‍ക്കാരെന്നോ, ഇതര സ്ഥാപനമെന്നോ ഉള്ള വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ആരോഗ്യമേഖല നീങ്ങണമെന്ന അഭ്യര്‍ത്ഥനയാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്.

അനുകൂല നിലപാടാണ് എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടായത്. സൗജന്യ കൊവിഡ് ചികിത്സയാണ് സംസ്ഥാനത്ത് നടത്തിവരുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഒന്നാം തരംഗത്തില്‍ 60.47 കോടി രൂപ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് വിനിയോഗിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍ കുറേക്കൂടി ഫലപ്രദമായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.