ന്യൂഡല്‍ഹി: യുപി പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ മാനുഷിക പരിഗണന വെച്ച് തുടര്‍ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേയ്ക്ക് മാറ്റണമെന്നും അദ്ദേഹത്തിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് പതിനൊന്ന് എം.പിമാര്‍ സംയുക്തമായി കത്ത് നല്‍കി.
ഉത്തര്‍പ്രദേശിലെ മഥുര മെഡിക്കല്‍ കോളേജില്‍ കൊവിഡ് പൊസീറ്റിവായി ചികിത്സയില്‍ കഴിയുന്ന സിദ്ധീഖ് കാപ്പന്റെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും താടിയെല്ല് പൊട്ടിയ നിലയില്‍ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹത്തെ ആശുപത്രി കിടക്കയില്‍ തടവില്‍ കിടത്തിയിരിക്കുന്നതെന്നും കത്തില്‍ എംപിമാര്‍ ചൂണ്ടിക്കാട്ടി. സിദ്ദിഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാല്‍ അപേക്ഷ ഒരിക്കലും തീര്‍പ്പാക്കിയിട്ടില്ല.
സിദ്ദീഖ് കാപ്പന്‍ ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായാണ് ഹാത്രാസിലേയ്ക്ക് പോയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് അദ്ദേഹം മഥുരയില്‍ വച്ച് അറസ്റ്റിലാകുന്നത്. നമ്മുടെ ഭരണഘടനയുടെ രക്ഷാധികാരി എന്ന നിലയില്‍ ഇക്കാര്യം പുനഃപരിശോധിക്കണം.
എം.പിമാരായ കെ. സുധാകരന്‍, കെ മുരളീധരന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ബെന്നി ബഹനാന്‍, ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, എന്‍.കെ പ്രേമചന്ദ്രന്‍, പി വി അബ്ദുല്‍ വഹാബ് തുടങ്ങിയവരാണ് ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.