തുടര്‍ ഭരണം ലഭിച്ചാല്‍ കോടിയേരി മന്ത്രി സഭയിലേയ്‌ക്കെന്ന് സൂചന; ഇ.പി ജയരാജന്‍ പാര്‍ട്ടി സെക്രട്ടറി ആയേക്കും

തുടര്‍ ഭരണം ലഭിച്ചാല്‍ കോടിയേരി മന്ത്രി സഭയിലേയ്‌ക്കെന്ന് സൂചന; ഇ.പി ജയരാജന്‍ പാര്‍ട്ടി സെക്രട്ടറി ആയേക്കും

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന് തുടര്‍ ഭരണം ലഭിച്ചാല്‍ മുതിര്‍ന്ന നേതാവും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിസഭയില്‍ അംഗമാകുമെന്ന് സൂചന. നിലവില്‍ മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍, ഇ.പി ജയരാജന്‍, എ.കെ ബാലന്‍ തുടങ്ങിയ നേതാക്കള്‍ ഇക്കുറി തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത കൂടി പശ്ചാത്തലത്തിലാണ് ഇത്തരമൊരാലോചന സിപിഎം കേന്ദ്രങ്ങളില്‍ നടക്കുന്നത്.

ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ മന്ത്രിസഭയില്‍ കോടിയേരിയെ പോലൊരു ശക്തനായ നേതാവിന്റെ സാന്നിധ്യം പിണറായിക്കും സഹായകരമാകുമെന്നും വിലയിരുത്തപ്പെടുന്നു. അങ്ങനെയെങ്കില്‍ കണ്ണൂരിലെ പാര്‍ട്ടിയുടെ ശക്തമായ കോട്ടകളില്‍ ഒന്നില്‍ നിന്ന് മത്സരിച്ച് കോടിയേരി മന്ത്രിസഭയിലെത്തിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

തിരഞ്ഞെടുപ്പ് അടുത്തതോടെ കോടിയേരി മത്സരിച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ സജീവമായിരുന്നു. എന്നാല്‍ കോടിയേരി തന്നെ വാര്‍ത്തകള്‍ തള്ളി. ഇതോടെ അദ്ദേഹം വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരികെയെത്തുമോയെന്നുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നെങ്കിലും അതുണ്ടായില്ല.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സെക്രട്ടറി പദം ഒഴിഞ്ഞത്. നിയമസഭ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് കൊണ്ടായിരുന്നു നടപടി. എന്നാല്‍ ആരോഗ്യ കാരണങ്ങളാലാണ് തിരുമാനം എന്നായിരുന്നു പാര്‍ട്ടി വിശദീകരണം.

സിപിഎമ്മിന്റെ കോട്ടയായ തലശേരിയില്‍ നിന്നും അഞ്ച് തവണ വിജയിച്ച നേതാവാണ് കോടിയേരി ബാലകൃഷ്ണന്‍. വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ അദ്ദേഹം ആഭ്യന്തര, ടൂറിസം വകുപ്പ് മന്ത്രിയായി രണ്ടാം സ്ഥാനക്കാരനായിരുന്നു. മകന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കോടിയേരിക്കെതിരെ നേരിട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. ഇത് സിപിഎമ്മിന് ആശ്വാസമാണ്.

പിണറായിക്ക് രണ്ടാം ടേം ലഭിച്ചാല്‍ കേന്ദ്ര ഏജന്‍സികള്‍ അദ്ദേഹത്തിന് മേല്‍ പിടിമുറുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രത്യേകിച്ച് ലാവ്‌ലിന്‍ പോലുള്ള വിഷയങ്ങളില്‍. ഈ ഘട്ടത്തില്‍ കോടിയേരിയെ പോലെ അനുഭവ സമ്പത്തുള്ള നേതാവിന്റെ സാന്നിധ്യം മന്ത്രിസഭയില്‍ വേണമെന്ന കണക്ക് കൂട്ടല്‍ സിപിഎമ്മിനും ഉണ്ട്. അതേസമയം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് പുതുതായി ആരെയാകും തിരഞ്ഞെടുക്കുകയെന്നതാണ് മറ്റൊരു ചോദ്യം.നേരത്തേ മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ എംവി ഗോവിന്ദന്റെ പേരായിരുന്നു ഉയര്‍ന്ന് കേട്ടിരുന്നത്.

എന്നാല്‍ അദ്ദേഹം തളിപ്പറമ്പില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. പിന്നെ പരിഗണിക്കുന്നത് മന്ത്രി ഇ.പി ജയരാജന്റെ പേരാണ്. രണ്ട് ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇത്തവണ ഇ.പി മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കുകയാണ്. കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപിയെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യത ഏറെയാണ്.

തുടര്‍ ഭരണം ലഭിച്ചാല്‍ മാത്രമാണ് ഇത്തരം സാധ്യതകള്‍ ഉയരുന്നത്. മറിച്ചാണെങ്കില്‍ സെക്രട്ടറി പദം സംബന്ധിച്ച് നിലവിലുണ്ടാക്കിയിട്ടുള്ള ധാരണകള്‍ മാറിമറിയും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.