തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനിച്ചു. പകരം രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ മതിയെന്നും യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നു.
സംസ്ഥാനത്തെ വാരാന്ത്യ നിയന്ത്രണം തുടരും. ശനിയാഴ്ചയും ഞായറാഴ്ചയും കടുത്ത നിയന്ത്രണങ്ങള്‍ നിലവിലുള്ള രീതിയില്‍ത്തന്നെ ഇനിയും നടപ്പിലാക്കും. രാത്രി 7.30-ന് തന്നെ കടകള്‍ അടയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ യോജിച്ചു.
എന്നാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം അതി തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ഫലപ്രദമായ രോഗ പ്രതിരോധത്തിന് കുറഞ്ഞത് ഒരാഴ്ചയെങ്കിലും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ ഭാരവാഹികള്‍ പറഞ്ഞു. ജനസാന്ദ്രത കൂടുതലുള്ള കേരളത്തിലെ സ്ഥിതി മറ്റ് സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നും ഐ.എം.എ മുന്നറിയിപ്പ് നല്‍കി.
ദിനംപ്രതി ഒന്നര ലക്ഷത്തോളം ടെസ്റ്റുകള്‍ നടത്തണം. സംസ്ഥാനത്ത് ആഘോഷങ്ങളും ചടങ്ങുകളും പൂര്‍ണമായി നിരോധിക്കണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ അവസരങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഉണ്ടാകുന്നത്. ടെസ്റ്റ് ചെയ്യുന്ന അഞ്ച് പേരില്‍ ഒരാള്‍ രോഗബാധിതനാണെന്ന് കാണുമ്പോഴും അതിനേക്കാള്‍ എത്രയോ അധികം ആളുകള്‍ രോഗബാധിതരായെന്നും ഐഎംഎ പറയുന്നു.
അതേസമയം, വോട്ടെണ്ണല്‍ ദിവസം ആഹ്‌ളാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന അഭിപ്രായത്തോട് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത എല്ലാ നേതാക്കളും യോജിച്ചു. വിവിധ പാര്‍ട്ടികള്‍ ഇക്കാര്യം അണികളോട് ആഹ്വാനം ചെയ്യണം. ആദിവാസി മേഖലയില്‍ കോവിഡ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനമായിട്ടുണ്ട്.
രോഗവ്യാപനം കൂടിയ ജില്ലകള്‍, താലൂക്കുകള്‍, പഞ്ചായത്തുകള്‍ എന്നിവയില്‍ കടുത്ത നിയന്ത്രണം വരും. അതെങ്ങനെ വേണമെന്ന് ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാം. ഇവിടങ്ങളിലെല്ലാം എങ്ങനെ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ജില്ലാ ഭരണകൂടത്തിന് വിടുകയും ചെയ്തിട്ടുണ്ട്.
ഓരോ ജില്ലകളിലും ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് നിയന്ത്രണങ്ങളോടെ ആളുകളെ പ്രവേശിപ്പിക്കാം. എല്ലാ ജില്ലാ കളക്ടര്‍മാരും സാമുദായിക നേതാക്കന്മാരുടെ യോഗം വിളിക്കണം. സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ കളക്ടര്‍മാര്‍ മത നേതാക്കളെ അറിയിക്കും. അതിന് ശേഷം യുക്തമായ തീരുമാനം സ്വീകരിക്കാവുന്നതാണെന്നും സര്‍വകക്ഷി യോഗത്തില്‍ ധാരണയായി.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് യോഗശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.