കോവിഡ് മഹാമാരി ലോകം മുഴുവന്‍ ആശങ്ക പരത്തി കുതിക്കുകയാണ്. കേരളത്തിലെ സ്ഥിതി അതിഭീകരമാണ്. അതിനാല്‍ തന്നെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനം ജാഗ്രത പാലിക്കുകയാണ്. ഇതിനിടെയാണ് ആശങ്കപരത്തി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് ആന്റ് സയന്‍സസ്( KUHS) വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അനുഭവം പങ്കുവെച്ച് മുന്നോട്ട് വന്നിരിക്കുന്നത്. കോളേജിനും യൂണിവേഴ്‌സിറ്റിയ്ക്കുമെതിരെ ഗുരുതരമായ ആരോപണമാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്.
ഓഫ് ലൈനായി ക്ലാസുകളും പരീക്ഷകളും നടത്തുന്നതിനുവേണ്ടി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള എല്ലാ കോളേജുകളിലേയും വിദ്യാര്‍ത്ഥികളും അധ്യാപകരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരാണെന്ന് കള്ളം പറഞ്ഞ് ഗവര്‍ണറെ ഉള്‍പ്പടെ പറഞ്ഞ് പറ്റിച്ചിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഒരു പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ വാക്‌സിന്‍ എടുക്കാത്ത വിദ്യാര്‍ത്ഥികള്‍ അതിഥികളായി വന്ന് എല്ലാ തെളിവുകളും ഉള്‍പ്പടെ നിരത്തി യൂണിവേഴ്‌സിറ്റയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. യൂണിവേഴ്‌സിറ്റി ഗവര്‍ണറെ ഉള്‍പ്പടെ അവരുടെ സ്വാര്‍ത്ഥ താല്‍പര്യത്തിനുവേണ്ടി പറ്റിച്ചതാണെന്നും പകുതിയിലധികം വിദ്യാര്‍ത്ഥികളും മുഴുവന്‍ വാക്‌സിന്‍ സ്വീകരിച്ചവരല്ലെന്നും 150 ഓളം വിദ്യാര്‍ത്ഥികള്‍ കോവിഡ് പോസിറ്റീവ് ആണെന്നും ഈ വിദ്യാര്‍ത്ഥികളുടെയൊക്കെ ജീവന്‍ വെച്ചാണ് യൂണിവേഴ്‌സിറ്റി കളിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഓഫ് ലൈനായി ഒരു ക്ലാസുകളും നടത്തരുതെന്ന് ഗവണ്‍മെന്റിന്റെ കര്‍ശന നിര്‍ദ്ദേശമുള്ള ഈ സമയത്ത് ആരാണ് ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിക്ക് ഓഫ് ലൈന്‍ ക്ലാസുകള്‍ നടത്താനുള്ള അനുവാദം കൊടുത്തതെന്ന ചോദ്യം വളരെ പ്രസക്തമാണ്.
മറ്റൊരു കാര്യം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള പല കോളേജുകളിലേയും ഹോസ്റ്റലുകളിലേയും നിരവധി വിദ്യാര്‍ത്ഥികളാണ് കൊറോണ പേടിയില്‍ സ്വന്തം ജീവന്‍ പോലും അപകടത്തില്‍ ആയിട്ട് കുടുങ്ങി കിടക്കുന്നത്. ഇവരില്‍ കുറെപ്പേര്‍ ചാനല്‍ പരിപാടിയില്‍ നേരിട്ട് എത്തി സംസാരിച്ചിരുന്നു. ഇവരെ ഇന്റേണല്‍ മാര്‍കിന്റെയും ഹാജരിന്റെയും പരീക്ഷ തോല്‍വിയുടെയുമൊക്കെ പേര് പറഞ്ഞ് പേടിപ്പിച്ച് ഇരുത്തിയിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ വെളിപ്പെടുത്തുന്നു. കോവിഡ് പോസിറ്റീവ് ആയവരോടും കോവിഡ് രോഗലക്ഷണമുള്ളവരോടും ഒപ്പം ധാരാളം വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലുകളില്‍ പേടിച്ച് കഴിയുകയാണ്. മാത്രമല്ല ഇവരെയൊക്കെ ഓഫ്‌ലൈന്‍ ക്ലാസുകളിലും പങ്കെടുപ്പിക്കുന്നുണ്ട്. ആരോരും അറിയാതെ ഈ വിദ്യാര്‍ത്ഥികള്‍ക്കൊക്കെ കോവിഡ് പകരുന്നുമുണ്ട് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. വിദ്യാര്‍ത്ഥികളുടെ ജീവന്‍ അപകടത്തിലാണ്, അവരെയൊക്കെ രക്ഷിക്കണം, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ജീവന്‍ വെച്ച് കളിക്കരുതെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ ആവശ്യപ്പെടുന്നു.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരള ആരോഗ്യ സര്‍വകലാശാലയിലെ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ മാസ് ക്യാമ്പയിന്‍ നടത്തുകയാണ്. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആണ് തങ്ങളെ ആശുപത്രിയിലേക്ക് വിടുന്നതെന്നും പ്രതിദിന കോവിഡ് കേസുകള്‍ ഇത്രയും ഉയരുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് ഉചിതമാണെന്ന് തോന്നുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
വിദ്യാര്‍ഥികളുടെ കത്ത്
ഞങ്ങള്‍ KUHS യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പഠിക്കുന്ന രണ്ടാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ്.ഈ കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലും ഞങ്ങളെ ക്ലിനിക്കല്‍ പോസ്റ്റിംഗിന് വിടുന്നു. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആണ് ഞങ്ങളെ ഇപ്പോഴും ആശുപത്രിയിലേക്ക് വിടുന്നത്.പല കുട്ടികള്‍ക്കും പോസ്റ്റിംഗിന്റെ ഇടയില്‍ പ്രൈമറി കോണ്‍ടാക്ട് വന്നിട്ടും കോളേജില്‍ നിന്നും അതിനു ആവിശ്യമായ നടപടികളോ ക്വാറന്റൈനോ നല്‍കിയിട്ടില്ല. ആ കുട്ടികള്‍ ഇപ്പോഴും പോസ്റ്റിങ്ങ് തുടരുകയും മറ്റു കുട്ടികളും രോഗികളും ആയി സമ്പര്‍ക്കം നടത്തുകയും ചെയ്യുന്നുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തി സമയം തീര്‍ക്കാന്‍ വേണ്ടിയാണു ഇപ്പോള്‍ പോസ്റ്റിങ്ങ് ഇട്ടിരിക്കുന്നതെന്നു പറഞ്ഞാണ് ഞങ്ങളെ കൊണ്ടുപോകുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്റ്റാഫ് ഷോര്‍ട്ടേജ് ഉള്ളതിനാല്‍ ആണ് ഞങ്ങളെ പോസ്റ്റിംഗിന് കൊണ്ടുപോകുന്നത്. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്താന്‍ വേണ്ടിയാണു നിവേദനം നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ എക്‌സാം നടത്താന്‍ ആണ് തീരുമാനം എടുത്തിരിക്കുന്നത്. ഈ പരീക്ഷ അടുത്ത സാഹചര്യത്തിലും പോസ്റ്റിങ്ങ് തുടരുന്നതിനാല്‍ ഞങ്ങള്‍ക്ക് പഠിക്കുവാനുള്ള സമയം കിട്ടുന്നില്ല. മാനസികമായും ശാരീരികമായും ഞങ്ങള്‍ വളരെ തളര്‍ന്നിരിക്കുകയാണ്. പ്രതിദിന കോവിഡ് കേസുകള്‍ ഇത്രയും ഉയരുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് ഉചിതമാണെന്ന് തോന്നുന്നില്ല.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 2 ഡോസ് വാക്സിന്‍ എടുത്തു എന്ന് പറഞ്ഞാണ് ഇവര്‍ പരീക്ഷയും പോസ്റ്റിങ്ങും ഒക്കെ നടത്തുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു ഡോസ് വാക്സിന്‍ മാത്രമേ ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ളു. ആ ഒരു ബലത്തിലാണ് മറ്റു സുരക്ഷാ മാനത്തണ്ഡങ്ങള്‍ ഒന്നും ഇല്ലാതെ ഇവര്‍ ഞങ്ങളെ പോസ്റ്റിംഗിന് വിടുന്നതും പരീക്ഷ നടത്തുന്നതും. ഹോസ്റ്റലില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളും എന്നും വീട്ടില്‍ പോയി വരുന്ന വിദ്യാര്‍ത്ഥികളും ഒരു ക്ലാസ്സില്‍ ഇരുന്നാണ് പഠിക്കുന്നത്. അവരുമായി ഞങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. അതുകൂടാതെ അധ്യാപകരും ഭക്ഷണം ഉണ്ടാകുന്നവരും സ്ഥിരം വീട്ടില്‍ പോയി വരുന്നവരാണ്. ഇവരും ഞങ്ങളും തമ്മില്‍ യാതൊരുവിധ അകലും പാലിക്കുന്നില്ല. ഞങ്ങളെ വീട്ടിലും പുറത്തും വിടാതെ ഇവിടെ നിര്‍ത്തിയിരിക്കുകയാണ്. ഞങ്ങള്‍ പുറത്ത് ഇറങ്ങിയാല്‍ കോവിഡ് പടരുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഞങ്ങളുടെ സുരക്ഷിതത്വം ഇതില്‍ എവിടെയാണ് ഉള്ളത്? ഈ ഒരു സാഹചര്യത്തില്‍ ഞങ്ങള്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം കേരള ഗവണ്മെന്റ് കാണാതിരിക്കരുത്. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കാനും പരീക്ഷ മാറ്റി വെക്കാനും ഉള്ള നടപടികള്‍ സ്വീകരിക്കണം. ഞങ്ങളുടെ ഈ അവസ്ഥ മനസ്സിലാക്കി അതിനു വേണ്ട നടപടികള്‍ നിങ്ങള്‍ സ്വീകരിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. കേരള ഗവണ്മെന്റില്‍ ആണ് ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ.ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ കൈവിടരുത്.
നിയമങ്ങള്‍ പാലിക്കപ്പെടാനുള്ളതാണ്. ചില സന്ദര്‍ഭങ്ങളില്‍ അത് കര്‍ശനമായി പാലിക്കപ്പെടുക തന്നെ വേണം. എന്തിന്റെ പേരിലാണെങ്കിലും വിദ്യാര്‍ത്ഥികളെവെച്ചുള്ള വിലപേശല്‍ അംഗീകരിക്കാന്‍ ആകില്ല. സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും എത്രയും പെട്ടെന്ന് വേണ്ട നടപടി കൈക്കൊള്ളുക തന്നെ വേണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.