വാക്‌സിനും ഓക്‌സിജനും ജനങ്ങളുടെ അവകാശമാണ്; സൗജന്യമായി ലഭ്യമാക്കേണ്ടത് സര്‍ക്കാര്‍ ഉത്തരവാദിത്വം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

വാക്‌സിനും ഓക്‌സിജനും ജനങ്ങളുടെ അവകാശമാണ്; സൗജന്യമായി ലഭ്യമാക്കേണ്ടത് സര്‍ക്കാര്‍ ഉത്തരവാദിത്വം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിനും ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജനും ജനങ്ങളുടെ അവകാശമാണെന്നും രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഇവ സൗജന്യമായി നല്‍കേണ്ട ഉത്തരവാദിത്വം ഭരണനേതൃത്വങ്ങള്‍ക്കുണ്ടെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ജനങ്ങളുടെ ജീവന്‍വെച്ചുള്ള പരസ്പര വെല്ലുവിളിയും പഴിചാരലും ദയവായി അവസാനിപ്പിക്കണം. ഈ അടിയന്തര പ്രതിസന്ധിഘട്ടത്തില്‍ രാഷ്ട്രീയ വിലപേശല്‍ നടത്തുന്നത് ശരിയായ നടപടിയല്ല. അതേസമയം ഭരണവൈകല്യങ്ങളും വീഴ്ചകളും ചൂണ്ടിക്കാണിക്കേണ്ടതും തിരുത്തലുകള്‍ക്ക് വിധേയമാക്കേണ്ടതുമാണ്.

കോവിഡ് അതിജീവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപടികളില്ലാതെ നിരന്തരം നടത്തുന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പ്രഹസനങ്ങളായി മാറിയിരിക്കുന്നു. 35,000 കോടി രൂപ കോവിഡ് പ്രതിരോധത്തിനായി മാറ്റിവെച്ച കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനവും അട്ടിമറിക്കപ്പെട്ടു. കോവിഡ് വാക്‌സിന്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നല്‍കുവാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുവാന്‍ കേന്ദ്രസര്‍ക്കാരിനാവില്ല. വന്‍കിട മരുന്നു കമ്പനികള്‍ക്കും ഇടനിലക്കാര്‍ക്കും ജനങ്ങളുടെ ജീവന്‍വെച്ച് നേട്ടമുണ്ടാക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍തന്നെ അവസരമുണ്ടാക്കുന്നത് ദുഃഖകരമാണ്. ജീവന്‍ നിലനിര്‍ത്താനുള്ള ഓക്‌സിജന് സര്‍ക്കാര്‍ വിലയിടുന്നത് ശരിയല്ല. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാത്തവര്‍ക്ക് ഭരണത്തില്‍ തുടരാനും അവകാശമില്ല.

ദുരിതാശ്വാസനിധിയിലേയ്ക്ക് ജനങ്ങളില്‍ നിന്ന് പണം സ്വീകരിച്ചല്ല സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത്. സര്‍ക്കാര്‍ ഖജനാവിലുള്ള ജനങ്ങളുടെ നികുതിപ്പണമാണ് അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ടത്. ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന് ഒരു സംസ്ഥാനത്തുമില്ലാത്ത അമിത ചാര്‍ജാണ് കേരളത്തില്‍ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്. ഇത് നിയന്ത്രിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്താത്തതില്‍ ദുരൂഹതയുണ്ട്.

രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനത്തിന്റെ ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി ഏറെ പ്രസക്തമാണ്. നിയന്ത്രണത്തിലായിരുന്ന കോവിഡിനെ വീണ്ടും ജനങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചതിന്റെ ഉത്തരവാദിത്വം രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ്. തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങളെ തെരുവിലിറക്കി കോവിഡ് മാനദണ്ഡങ്ങള്‍ അട്ടിമറിച്ചവര്‍ക്കെതിരെ കൊലക്കുറ്റത്തിന് സ്വയമേ കേസെടുക്കാന്‍ നീതിന്യായ കോടതികളും മനുഷ്യാവകാശകമ്മീഷനും ആര്‍ജ്ജവം കാണിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.