സോളാര്‍ കേസ്: സരിത നായര്‍ക്ക് ആറു വര്‍ഷം കഠിന തടവും പിഴയും

സോളാര്‍ കേസ്: സരിത നായര്‍ക്ക് ആറു വര്‍ഷം കഠിന തടവും പിഴയും

കോഴിക്കോട്: സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി സരിത എസ് നായര്‍ക്ക് ആറു വര്‍ഷത്തെ കഠിന തടവ്. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കോഴിക്കോട് സ്വദേശിയായ വ്യവസായിയെ കബളിപ്പിച്ച് പണം തട്ടി എന്ന കേസിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. ശിക്ഷ അനുഭവിക്കുന്നതിനൊപ്പം 40,000 രൂപ പിഴയും അടയ്ക്കണം. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്റെ ശിക്ഷ പിന്നീട് വിധിക്കാനായി മാറ്റി.

ഇന്ത്യന്‍ ശിക്ഷാനിയമം 419 (വഞ്ചന), 471 (രേഖകളില്‍ കൃത്രിമം), 406 (വിശ്വാസ വഞ്ചന), 402 (സാധനങ്ങള്‍ നല്‍കാമെന്നേറ്റ് വഞ്ചിക്കല്‍) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കേസിലെ മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു. സംസ്ഥാനത്ത് സോളാര്‍ തട്ടിപ്പ് പരമ്പരയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലാണ് കോടതി വിധി പറഞ്ഞത്.

നേരെത്ത വിധിപറയാന്‍ വച്ച കേസില്‍ വിവിധ ദിവസങ്ങളില്‍ ഹാജരാവാത്തതിനാല്‍ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് റിമാന്‍ഡിലായ സരിതയെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും നിരപരാധിയാണെന്നും സരിത കോടതിയില്‍ പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ല. സോളാര്‍ കമ്പനിയുടെ രണ്ടാമത്തെ ഡയറക്ടര്‍ മാത്രമാണ്. കമ്പനിയുടെ ഒന്നാമത്തെ ഡയറക്ടറും ഒന്നാം പ്രതിയുമായ ബിജു രാധാകൃഷ്‌നാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും സരിത ചൂണ്ടിക്കാട്ടിയിരുന്നു. ബിജു രാധാകൃഷ്ണന്‍ ക്വാറന്റീനില്‍ ആയതിനാല്‍ പ്രത്യേക കേസായി പരിഗണിച്ചാണ് ശിക്ഷാ വിധി പിന്നീട് പ്രഖ്യാപിക്കുക.

കോഴിക്കോട് സ്വദേശിയായ വ്യവസായി അബ്ദുള്‍ മജീദ് ആണ് കേസിലെ പരാതിക്കാരന്‍. ഇദ്ദേഹത്തില്‍നിന്ന് സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. വീട്ടിലും ഓഫീസിലും സോളാര്‍ പ്ലാന്റ് സ്ഥാപിച്ച് നല്‍കാം എന്നതായിരുന്നു ഇവര്‍ നല്‍കിയ വാഗ്ദാനം. 42 ലക്ഷം രൂപ പദ്ധതിക്കായി മുടക്കുകയും എന്നാല്‍ പദ്ധതി നടക്കാതിരിക്കുകയും ചെയ്ത ഘട്ടത്തിലാണ് അബ്ദുള്‍ മജീദ് നിയമനടപടികളിലേക്ക് നീങ്ങിയത്. 2012ലാണ് സരിത നായര്‍ അടക്കമുള്ള മൂന്നു പേരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.