മുംബൈ: ആര്‍സിബി-ഡല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തില്‍ ഡല്‍ഹിക്ക് മേല്‍ വിജയം സ്വന്തമാക്കി കോഹ്ലിയുടെ ആര്‍സിബി. അവസാന ഓവര്‍ വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു ബാംഗ്ലൂര്‍ വിജയം. അവസാന ഓവറില്‍ 16 റണ്‍സ് വേണ്ടിയിരുന്ന ഡല്‍ഹി കാപിറ്റല്‍സിന് 15 റണ്‍സ് അടിക്കാനേ കഴിഞ്ഞുള്ളൂ. 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന അവരുടെ പോരാട്ടം നാല് വിക്കറ്റിന് 170ല്‍ ഒതുങ്ങി.
ക്യാപ്റ്റന്‍ റിഷഭ് പന്ത് 58 ഷിമ്രോണ്‍ ഹെറ്റ്മെയര്‍ 53 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ 44 പന്തില്‍ ഇരുവരും 78 റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും വിജയം നേടാനായില്ല. ആര്‍സിബിയുടെ സ്കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ഡല്‍ഹിക്ക് തുടക്കം ഭേദപ്പെട്ടതായിരുന്നെങ്കിലും സ്കോര്‍ 23ല്‍ നില്‍ക്കെ അഞ്ച് റണ്‍സിന്റെ ഇടവേളയില്‍ രണ്ടു വിക്കറ്റുകള്‍ നിലംപൊത്തിയത് തിരിച്ചടിയായി.
18 പന്തില്‍ മൂന്നു ഫോറുകളോടെ 21 റണ്‍സെടുത്ത പൃഥ്വി ഷായെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി. നാലാം വിക്കറ്റില്‍ 32 പന്തില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഋഷഭ് പന്ത് - മാര്‍ക്കസ് സ്റ്റോയ്നിസ് സഖ്യം ഡല്‍ഹിയെ താങ്ങിനിര്‍ത്തി. സ്കോര്‍ 92ല്‍ നില്‍ക്കെ സ്റ്റോയ്നിസിനെയും പട്ടേല്‍ പുറത്താക്കി. 17 പന്തില്‍ മൂന്നു ഫോറുകളോടെ 22 റണ്‍സെടുത്ത സ്റ്റോയ്നിസ്, ഡിവില്ലിയേഴ്സിന് ക്യാച്ച് നല്‍കി.
അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച ഋഷഭ് പന്ത് - ഷിമ്രോണ്‍ ഹെറ്റമെയര്‍ സഖ്യമാണ് ഡല്‍ഹിക്ക് വിജയപ്രതീക്ഷ പകര്‍ന്നത്. തകര്‍ത്തടിച്ച് 23 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഹെറ്റ്മെയറായിരുന്നു കൂടുതല്‍ അപകടകാരി. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ 44 പന്തില്‍ 78 റണ്‍സടിച്ചെങ്കിലും ഇവര്‍ക്ക് ഡല്‍ഹിയെ വിജയത്തിലെത്തിക്കാനായില്ല.
ബാംഗ്ലൂരിനായി ബൗളിംഗില്‍ ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റും കൈല്‍ ജാമിസനും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹലും വാഷിങ്ടന്‍ സുന്ദറും അധികം റണ്‍സ് വിട്ടുകൊടുക്കാതെ നല്ല രീതിയില്‍ പന്തെറിഞ്ഞു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി അവരുടെ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്സ് നേടിയ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് 171 റണ്‍സിലെത്തിയത്. 19 ഓവര്‍ തീരുമ്പോൾ 148 റണ്‍സ് മാത്രം ഉണ്ടായിരുന്ന ബാംഗ്ലൂരിന്റെ സ്കോര്‍ 20 ഓവര്‍ അവസാനിച്ചപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ്. സ്റ്റോയിനിസിന്റെ അവസാന ഓവറില്‍ നിന്നും ബാംഗ്ലൂര്‍ നേടിയത് 23 റണ്‍സ്. ഇതിനിടയില്‍ തന്റെ അര്‍ധ സെഞ്ചുറിയും എബിഡി പൂര്‍ത്തിയാക്കി. 42 പന്തില്‍ 75 റണ്‍സാണ് പുറത്താകാതെ താരം നേടിയത്. മാക്സ്‌വെല്‍ (25) രജത് പാട്ടീദാര്‍ (31) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ഡല്‍ഹിക്കായി ബൗളിംഗില്‍ സ്റ്റോയിനിസ് ഒഴികെയുള്ള എല്ലാ ബൗളര്‍മാരും ഓരോ വിക്കറ്റ് വീതം നേടി. മത്സരം ജയിച്ചതോടെ ആര്‍സിബി പോയിന്റ് ടേബിളില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആറു കളികളില്‍ നിന്നും അഞ്ച് ജയങ്ങളും ഒരു തോല്‍വിയുമായി 10 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഡല്‍ഹി എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.