കര്‍ഷസമരം: കോവിഡ് വാക്‌സിനെടുക്കാനോ ആര്‍ടിപിസിആര്‍ ടെസ്റ്റിനോ തയ്യാറാവാത്തത് ആശങ്ക; സമരം നിര്‍ത്തണമെന്ന് ആരോഗ്യവിദഗ്ധര്‍

കര്‍ഷസമരം: കോവിഡ്  വാക്‌സിനെടുക്കാനോ ആര്‍ടിപിസിആര്‍ ടെസ്റ്റിനോ തയ്യാറാവാത്തത് ആശങ്ക; സമരം നിര്‍ത്തണമെന്ന് ആരോഗ്യവിദഗ്ധര്‍

ന്യൂഡൽഹി: കാര്‍ഷിക ബില്ലിനെതിരെ ഡൽഹി - ഹരിയാന അതിര്‍ത്തിയില്‍ ശക്തമായി സമരം ചെയ്യുന്ന കര്‍ഷകര്‍ കോവിഡ് പരിശോധനകള്‍ക്കോ കോവിഡ് വാക്‌സിന്‍ എടുക്കാനോ തയ്യാറല്ലാത്തതിനാല്‍ അധികൃതര്‍ വലയുന്നു. കോവിഡ് അതിവ്യാപനത്തിന്‍റെ അപകടകരമായ ഈ ഘട്ടത്തിലാണ് കര്‍ഷക യൂണിയനുകളുടെ ഈ നടപടി.

ഹരിയാനയിലെ ആഭ്യന്തര-ആരോഗ്യമന്ത്രി അനില്‍ വിജ് തന്നെ ഏപ്രില്‍ 19ന് സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ കോവിഡ് പരിശോധനകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിര്‍ബന്ധപൂര്‍വ്വം കോവിഡ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടായിരുന്നു കര്‍ഷക യൂണിയനുകള്‍.

കര്‍ഷകര്‍ കോവിഡ് പരിശോധനകള്‍ നടത്താന്‍ സമ്മതിക്കുന്നില്ലെന്ന് സോണിപെട്ടിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് രണ്‍ധാവ പറഞ്ഞു. സമരം ചെയ്യുന്നവരില്‍ ആകെ 1,100 കര്‍ഷകരാണ് ഇതുവരെ വാക്‌സിന്‍ എടുക്കാന്‍ സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം കര്‍ഷക യൂണിയന്‍റെ സീനിയര്‍ നേതാവായ ഡോ. ദര്‍ശന്‍ പാല്‍ പ്രതികരിച്ചതിങ്ങനെ: 'ഒരു കര്‍ഷകന് പനിയോ മറ്റ് ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കോവിഡ് പരിശോധിക്കണോ വേണ്ടയോ എന്ന് കര്‍ഷകന്‍ തന്നെ തീരുമാനിക്കും. ഇക്കാര്യം ആരും നിര്‍ബന്ധിച്ച്‌ അടിച്ചേല്‍പിക്കാന്‍ പാടില്ല. വാക്‌സിനേഷന്റെ കാര്യത്തിലും ഈ നിര്‍ബന്ധങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്. അത് ആവശ്യമുള്ള കര്‍ഷകര്‍ക്ക് അത്തരം കേന്ദ്രങ്ങളില്‍ പോകാം.'
പഞ്ചാബ്, ഹരിയാന, എന്‍സിആര്‍, പടിഞ്ഞാറന്‍ യുപി എന്നിവിടങ്ങളില്‍ സമരകേന്ദ്രങ്ങളിലേക്ക് യുകെ, കാനഡ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന വിദേശ ഇന്ത്യക്കാരില്‍ പലരിലും വകഭേദം വന്ന വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്. എന്നാല്‍ കോവിഡ് പരിശോധന നടത്താൻ സമ്മതിക്കാത്തതിനാല്‍ ഇത്തരക്കാരില്‍ നിന്നും രോഗം മറ്റുള്ളവരിലേക്ക് പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും ഉണ്ട്.

സമരക്കാര്‍ യാതൊരു വിധത്തിലുമുള്ള കോവിഡ് പ്രൊട്ടോക്കോളും പാലിക്കാതെയാണ് സമരം ചെയ്യുന്നത്. പലരും മാസ്‌ക് ധരിക്കുന്നില്ല, സാമൂഹിക അകലവും പാലിക്കുന്നില്ല. എന്നാൽ ഡല്‍ഹിയില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യാതൊരു നിയന്ത്രണവും പാലിക്കാതെ നടക്കുന്ന ഈ സമരം റദ്ദാക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ കർഷക സംഘടനയോട് അഭ്യര്‍ത്ഥിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.