സഹോദരനെ നഷ്ടപ്പെട്ട വേദന: വി.വി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍

സഹോദരനെ നഷ്ടപ്പെട്ട വേദന: വി.വി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍

മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയും മലപ്പുറം ഡി.സി.സി. പ്രസിഡന്റുമായ വി.വി. പ്രകാശിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍.

വി.വി. പ്രകാശിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. നിലമ്പൂരില്‍ യു.ഡി.എഫിനു വന്‍ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഖകരമാണ്. ഒരു സഹപ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ സ്നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് പ്രകാശിന്റെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അങ്ങേയറ്റം ഞെട്ടലോടെയാണ് പ്രകാശിന്റെ മരണവാര്‍ത്ത കേട്ടതെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാത്ത നഷ്ടമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്നലെ രാവിലെ പ്രകാശുമായി രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അതോടൊപ്പം കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഒരു കണ്‍ട്രോള്‍ റൂം മലപ്പുറത്ത് തുടങ്ങുന്നതിനെ കുറിച്ചും അത് മുന്‍പോട്ടു കൊണ്ടുപോകുന്നതിനെ കുറിച്ചും ഒക്കെ സംസാരിച്ചിരുന്നു. പ്രിയപ്പെട്ട ഒരു സ്നേഹിതന്റെ വേര്‍പാട് ഞങ്ങളെയൊക്കെ ഉലച്ചിരിക്കുന്നതാണ്. മലപ്പുറത്തെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാത്ത നഷ്ടമാണ് പ്രകാശിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

വി.വി പ്രകാശിന്റെ മരണം ഞെട്ടലോടെയാണ് കേട്ടതെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. നഷ്ടപ്പെട്ട നിലമ്പൂര്‍ തിരിച്ചു പിടിക്കാന്‍ വലിയ പ്രയത്നം എല്ലാ യു.ഡി.എഫ്. പ്രവര്‍ത്തകരും ഒരുമിച്ച് നടത്തി. നല്ല ഒരു ജനവിധിയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആ വിധി കാണാനുള്ള ഭാഗ്യം പ്രകാശിനുണ്ടായില്ല. പ്രകാശിന്റെ മരണം കോണ്‍ഗ്രസിനും യു.ഡി.എഫിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.