അതിരമ്പുഴ പള്ളിയിലെ പോലീസ് ഇടപെടല്‍: മതസ്വാതന്ത്ര്യ നിഷേധമെന്ന് ചങ്ങനാശ്ശേരി അതിരൂപത

അതിരമ്പുഴ പള്ളിയിലെ പോലീസ് ഇടപെടല്‍: മതസ്വാതന്ത്ര്യ നിഷേധമെന്ന് ചങ്ങനാശ്ശേരി അതിരൂപത

ചങ്ങനാശ്ശേരി: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ പോലീസ് ഇടപെടല്‍ മതസ്വാതന്ത്ര്യ നിഷേധമാണെന്ന് ചങ്ങനാശ്ശേരി പാസ്റ്ററല്‍ കൗണ്‍സില്‍. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇടവകജനങ്ങളെ ആരെയും പങ്കെടുപ്പിക്കാതെ ഒററയ്ക്ക് കുര്‍ബാന (പ്രൈവറ്റ് മാസ് ) അര്‍പ്പിച്ച വൈദികനെ ഏറ്റുമാനൂര്‍ പോലിസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഇനിയും കുര്‍ബ്ബാന അര്‍പ്പിച്ചു കൂടായെന്ന് താക്കീത് നല്കിയ പോലിസ് നടപടിയില്‍ ചങ്ങനാശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അതീവ ഉത്കണ്ഠയും പ്രതിഷേധവും അറിയിച്ചു.

ഒരു വൈദികന് അനുദിന ബലിയര്‍പ്പണം തന്റെ വൈദികധര്‍മ്മത്തിന്റെ ഭാഗവും അവകാശവും കടമയുമാണ്. അത് തടയാന്‍ ഒരു ശക്തിക്കും അധികാരമില്ല. അതിനാല്‍ അത് നിഷേധിക്കുന്നത് മത സ്വാതന്ത്ര്യ നിഷേധവും ഭരണഘടനാ വിരുദ്ധവുമാണ്. കുട്ടനാട്ടില്‍ പുതുക്കരി സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ വിവാഹ കര്‍മ്മത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഉദ്യോഗസ്ഥന്‍ കടന്നു കയറി വിശുദ്ധ കുര്‍ബാന തടസ്സപ്പെട്ടുത്തിയ സംഭവും ഇതോടു ചേര്‍ത്തു വായിക്കുമ്പോള്‍ കൊറോണയുടെ മറവില്‍ രൂപപ്പെടുന്ന ഹിഡന്‍ അജണ്ട വ്യക്തമാകുന്നതായി യോഗം വിലയിരുത്തി.

ഇത്തരത്തിലുള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും അധികാര ദുര്‍വിനിയോഗത്തിനുമെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വികാരി ജനറാള്‍മാരായ ഫാ.ജോസഫ് വാണിയപുരയ്ക്കല്‍ ,റവ. ഡോ.തോമസ് പാടിയത്ത്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ് , ഡോ. രേഖാ മാത്യൂസ് , ആന്റണി തോമസ് മലയില്‍ , പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം സണ്ണി പുളിങ്കാല എന്നിവര്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.