ന്യൂഡല്‍ഹി: ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോളുകള്‍ കേരളത്തില്‍ തുടര്‍ ഭരണം പ്രവചിക്കുന്നു. ടൈംസ് നൗ സി വോട്ടര്‍, എന്‍ഡിടിവി, ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ, റിപബ്ലിക് ടിവി സിഎന്‍എക്‌സ് എന്നീ ദേശീയ മാധ്യമങ്ങളാണ് കേരളത്തില്‍ തുടര്‍ ഭരണം പ്രവചിക്കുന്നത്.
ശക്തമായ പോരാട്ടം നടന്ന ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് ടൈംസ് നൗ, എന്‍ഡിടിവി എന്നീ മാധ്യമങ്ങള്‍ പ്രവചിക്കുമ്പോള്‍ എന്‍ഡിഎ ഭരണം പിടിക്കുമെന്ന് ഇന്ത്യ ടുഡേ, റിപബ്ലിക് ടിവി എന്നീ മാധ്യമങ്ങള്‍ പ്രവചിക്കുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. അസമില്‍ എന്‍ഡിഎ സഖ്യം ഭരണം നിലനിര്‍ത്തുമ്പോള്‍ പുതുച്ചേരിയില്‍ എന്‍ഡിഎ സഖ്യം ഭരണം പിടിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.
കേരളത്തില്‍ എല്‍ഡിഎഫ് 72 മുതല്‍ 80 സീറ്റുകള്‍ വരെ നേടുമെന്നാണ് റിപബ്ലിക് ടിവി സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലം. യുഡിഎഫിന് 58 മുതല്‍ 64 സീറ്റുകള്‍ വരെയാണ് റിപബ്ലിക് ടിവി പ്രവചിക്കുന്നത്. എന്‍ഡിഎ ഒന്നു മുതല്‍ അഞ്ച് സീറ്റുവരെ നേടുമെന്നും റിപബ്ലിക് ടിവി പ്രവചിക്കുന്നു. എന്‍ഡിഎഫ് 42.50 ശതമാനം വോട്ടും യുഡിഎഫ് 36.95 ശതമാനം വോട്ടും എന്‍ഡിഎ 18.56 ശതമാനം വോട്ടും നേടുമെന്നും റിപബ്ലിക് ടിവി പ്രവചിക്കുന്നു.
എന്‍ഡിടിവി എക്‌സിറ്റ് പോള്‍ ഫലപ്രകാരം 88 സീറ്റുമായി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തും. യുഡിഎഫിന് 50 സീറ്റുകള്‍ ലഭിക്കും. എന്‍ഡിഎ രണ്ടു സീറ്റുകള്‍ വരെ നേടാമെന്നും എന്‍ഡിടിവി പ്രവചിക്കുന്നു. എല്‍ഡിഎഫ് 74 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തുമെന്ന് ടൈംസ് നൗ സി വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. യുഡിഎഫ് 65 സീറ്റുകള്‍ നേടുമ്പോള്‍ മറ്റുള്ളവര്‍ ഒരു സീറ്റു നേടിയേക്കാമെന്നും പ്രവചിക്കുന്നു.
ആകെയുള്ള 140 സീറ്റുകളില്‍ 104 മുതല്‍ 120 സീറ്റുകള്‍ വരെ നേടി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുമെന്നാണ് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനം. യുഡിഎഫ് 20 മുതല്‍ 36 സീറ്റുകളില്‍ ഒതുങ്ങുമെന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു. എന്‍ഡിഎ രണ്ടു സീറ്റുകള്‍ വരെ നേടിയേക്കാം. മറ്റുള്ളവര്‍ക്കും രണ്ടു സീറ്റു വരെ ഇന്ത്യ ടുഡേ പ്രവചിക്കുന്നു. എല്‍ഡിഎഫ് 47 ശതമാനം വോട്ടുകളും യുഡിഎഫ് 38 ശതമാനം വോട്ടുകളും നേടും. എന്‍ഡിഎ 12 ശതമാനവും മറ്റുള്ളവര്‍ മൂന്നു ശതമാനം വോട്ടും നേടുമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു.
വടക്കന്‍ ജില്ലകളില്‍ ഇടത് ആധിപത്യം പ്രവചിച്ച് മാതൃഭൂമി - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍. മലപ്പുറം വരെയുള്ള ജില്ലകളില്‍ എല്‍.ഡി.എഫ് - 32 യു.ഡി.എഫ്.-12, എന്‍.ഡി.എ.-0 എന്നിങ്ങനെയാണ് പ്രവചനം.കാസര്‍കോട് മുതല്‍ കോഴിക്കോട് വരെയുള്ള മണ്ഡലങ്ങളില്‍ ഇടത് മേല്‍ക്കൈയെന്ന് എഷ്യാനെറ്റ് - സീ ഫോര്‍ എക്സിറ്റ് പോള്‍. എല്‍.ഡി.എഫ്.- 21-25, യു.ഡി.എഫ്.- 6-10, എന്‍.ഡി. എ.- 1-2 സീറ്റ് നേടുമെന്നാണ് പ്രവചനം. ന്നാല്‍ വടക്കന്‍ ജില്ലകളില്‍ യു.ഡി.എഫ്. ആധിപത്യം പ്രവചിച്ച് മനോരമ ന്യൂസ്-വി.എം.ആര്‍. സര്‍വേ. തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ യു.ഡി.എഫ്.-38, എല്‍.ഡി.എഫ്.-34, എന്‍.ഡി.എ.-1 എന്നിങ്ങനെ സീറ്റ് നേടാമെന്നാണ് പ്രവചനം.
തമിഴ്‌നാട്ടില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഡിഎംകെ ഭരണത്തിലേക്കെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു. 234 അംഗ സിയമസഭയില്‍ ഡിഎംകെ സഖ്യത്തിന് 175 മുതല്‍ 195 സീറ്റുകള്‍ വരെയാണ് പ്രവചനം. എഐഎഡിഎംകെ ബിജെപി സഖ്യത്തിന് 38 മുതല്‍ 54 സീറ്റുകള്‍ മാത്രമാണ് പ്രവചനം.
ഡിഎംകെ സഖ്യത്തിന് 160 മുതല്‍ 170 സീറ്റുകള്‍ വരെയാണ് റിപബ്ലിക് ടിവിയുടെ പ്രവചനം. എഐഎഡിഎംകെ സഖ്യം 58 മുതല്‍ 68 സീറ്റുകള്‍ വരെയും എഎംഎംകെ 4 മുതല്‍ 6 സീറ്റു വരെയും എംഎന്‍എം രണ്ടും സീറ്റു വരെയും നേടിയാക്കാം. ഡിഎംകെ സഖ്യം 174 സീറ്റു നേടുമെന്ന് എന്‍ഡിടിവി പ്രവചിക്കുന്നു. എഐഎഡിഎംകെ സഖ്യം 57 സീറ്റുകളും നേടും. ഡിഎംകെ സഖ്യത്തിന് 165 സീറ്റാണ് ടൈംസ് നൗവിന്റെ പ്രവചനം. എഐഎഡിഎംകെ സഖ്യം 63 സീറ്റുകളും മറ്റുള്ളവര്‍ 6 സീറ്റുവരെയും നേടുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു.
കടുത്ത പോരാട്ടം നടന്ന ബംഗാളില്‍ എന്‍ഡിഎ 134 മുതല്‍ 160 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്ന ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ, തൃണമൂല്‍ കോണ്‍ഗ്രസ് 130 മുതല്‍ 156 വരെ നേടുമെന്നും പറയുന്നു. ഇടത് കോണ്‍ഗ്രസ് സഖ്യം രണ്ടു സീറ്റുകള്‍ വരെയും മറ്റുള്ളവര്‍ ഒരു സീറ്റുവരെയും നേടിയേക്കാം. തൃണമൂല്‍ കോണ്‍ഗ്രസും (44% വോട്ട്) എന്‍ഡിഎയും (43% വോട്ട്) തമ്മില്‍ ഒരു ശതമാനത്തിന്റെ മാത്രം വോട്ടു വ്യത്യാസമാണ് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്.
എന്‍ഡിഎ 138 മുതല്‍ 148 സീറ്റുകള്‍ വരെ നേടുമെന്നാണ് റിപബ്ലിക് ടിവി സിഎന്‍എക്‌സ് പ്രവചനം. തൃണമൂല്‍ കോണ്‍ഗ്രസ് 128 മുതല്‍ 138 വരെ സീറ്റുകള്‍ വരെ നേടും. ഇടത് കോണ്‍ഗ്രസ് സഖ്യം 11 മുതല്‍ 21 സീറ്റുകള്‍ മാത്രമായി ഒതുങ്ങും. തൃണമൂല്‍ കോണ്‍ഗ്രസ് 148 സീറ്റുകള്‍ ജയിക്കുമെന്ന് പ്രവചിക്കുന്ന എന്‍ഡിടിവി, എന്‍ഡിഎക്ക് 131 സീറ്റുകളും പ്രവചിക്കുന്നു. 158 സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് ടൈംസ് നൗ സി വോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. 115 സീറ്റുകള്‍ വരെ ബിജെപി നേടാം. സിപിഎം 19 സീറ്റു നേടുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു.
അസമില്‍ ബിജെപിക്ക് 75 മുതല്‍ 85 സീറ്റുകള്‍ വരെ ലഭിക്കാമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് സഖ്യം 40 മുതല്‍ 50 സീറ്റുവരെയും മറ്റു പാര്‍ട്ടികള്‍ 1 മുതല്‍ 4 സീറ്റുകള്‍ വരെയും നേടും. എന്‍ഡിഎ 74 മുതല്‍ 84 സീറ്റുകള്‍ വരെ നേടുമെന്നാണ് റിപബ്ലിക് ടിവി എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ് സഖ്യം 40 മുതല്‍ 50 സീറ്റുവരെയും മറ്റു പാര്‍ട്ടികള്‍ 1 മുതല്‍ 3 സീറ്റുകള്‍ വരെയും നേടും. ബിജെപി 69 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്ന് എന്‍ഡിടിവി പ്രവചിക്കുന്നു. കോണ്‍ഗ്രസ് സഖ്യത്തിന് 54 സീറ്റു വരെയെ നേടാനാവുയെന്നും എന്‍ഡിടിവി പ്രവചിക്കുന്നു. ബിജെപിക്ക് 79 സീറ്റുകളാണ് ടൈംസ് നൗവിന്റെ പ്രവചനം. കോണ്‍ഗ്രസ് സഖ്യം 45 സീറ്റും മറ്റുള്ളവര്‍ രണ്ടു സീറ്റും നേടും.
പുതുച്ചേരിയില്‍ 20 മുതല്‍ 24 വരെ സീറ്റുകളുമായി എന്‍ഡിഎ സഖ്യം അധികാരം പിടിക്കുമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു. യുപിഎ 6 മുതല്‍ 10 സീറ്റുകള്‍ വരെ നേടിയാക്കാം. എന്‍ഡിഎ സഖ്യം 18 സീറ്റുകളും യുപിഎ 12 സീറ്റും നേടുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. റിപബ്ലിക് ടിവി എന്‍ഡിഎ സഖ്യത്തിന് 16 മുതല്‍ 20 സീറ്റുവരെയും യുപിഎക്ക് 11 മുതല്‍ 13 സീറ്റുവരെയും പ്രവചിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.