കച്ചവടക്കാര്‍ കൈയ്യുറയും രണ്ടു മാസ്‌കുകളും ധരിക്കണം; രണ്ടു മീറ്റര്‍ അകലം പാലിക്കണം: മുഖ്യമന്ത്രി

കച്ചവടക്കാര്‍ കൈയ്യുറയും  രണ്ടു മാസ്‌കുകളും ധരിക്കണം; രണ്ടു മീറ്റര്‍ അകലം പാലിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ പരസ്പരം കുറഞ്ഞത് രണ്ട് മീറ്റര്‍ അകലം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കച്ചവടക്കാര്‍ രണ്ട് മാസ്‌കുകള്‍ ധരിക്കണം. സാധിക്കുമെങ്കില്‍ കൈയ്യുറയും ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വീട്ടുസാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നതിന് കച്ചവടക്കാര്‍ കൂടുതൽ പരിഗണന നല്‍കണം. ആവശ്യമുളള സാധനങ്ങളുടെ ലിസ്റ്റ് ഫോണിലോ വാട്‌സ്ആപ്പിലോ നല്‍കിയാല്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നതിന് ഡെലിവറി ബോയ്‌സിനെ നിയോഗിക്കുന്നത് നന്നായിരിക്കും. മാര്‍ക്കറ്റിലെ തിരക്ക് കുറയ്ക്കുന്നതിന് ഇത് സഹായകരമാകും. ഇതിനായി മാര്‍ക്കറ്റ് കമ്മിറ്റികളുടെ സേവനം തേടാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്തെ പൊതു  സ്ഥിതി ഇന്ന് അവലോകന യോഗം വിലയിരുത്തി. നിലവിലുള്ള നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തും. ഇപ്പോള്‍ വാരാന്ത്യ നിയന്ത്രണം നടപ്പാക്കുന്നത് പോലെ അടുത്ത ഒരാഴ്ച കര്‍ക്കശമായ   നിയന്ത്രണങ്ങള്‍  ഉണ്ടാകും. കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍​ ശനി, ഞായര്‍ ദിവസങ്ങളില്‍ തുടരുന്ന നിയ​ന്ത്രണങ്ങള്‍ക്ക്​ പുറമേ മെയ്​ നാല്​ മുതല്‍ ഒൻപത് വരെ സംസ്ഥാനത്ത്​ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡം ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.