കൊവിഷീല്‍ഡ് വാക്‌സിൻ: കേരളം ഇനിയും കാത്തിരിക്കണം; മൂന്നര മാസം കഴിഞ്ഞാലും ഉറപ്പ് പറയാനാകില്ലെന്ന് അധികൃതര്‍

കൊവിഷീല്‍ഡ് വാക്‌സിൻ: കേരളം ഇനിയും  കാത്തിരിക്കണം; മൂന്നര മാസം കഴിഞ്ഞാലും ഉറപ്പ് പറയാനാകില്ലെന്ന് അധികൃതര്‍

തിരുവനന്തപുരം: കോവിഡ് അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുവാനുള്ള കൊവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനത്തിന് നേരിട്ട് ലഭ്യമാകാന്‍ മൂന്നര മാസത്തോളം സമയമെടുത്തേക്കും. എന്നാൽ 18 മുതല്‍ 45 വയസ് വരെയുളളവര്‍ക്ക് സൗജന്യ വിതരണത്തിനായി 70 ലക്ഷം ഡോസ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വാങ്ങാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിലവിലെ അവസ്ഥയില്‍ ഇതിന് ജൂലായ് കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് വിവരം.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്ലാന്റില്‍ നിലവില്‍ ഉത്പാദിപ്പിക്കുന്നത് രണ്ടാംഘട്ട കരാര്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ട പതിനൊന്ന് കോടി ഡോസ് വാക്‌സിനാണ്. ഇതാണ് സംസ്ഥാനത്തിന് ലഭിക്കേണ്ട വാക്‌സിന്‍ വൈകാനുളള പ്രധാന കാരണം. മാസം ആറുകോടി ഡോസ് വാക്‌സിന്‍ മാത്രമാണ് നിലവിലെ ഉത്പാദനശേഷി. കമ്പനികളിൽ നിന്നും നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ ശ്രമിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കും ഈ കാലതാമസം നേരിടേണ്ടി വന്നേക്കും.

എന്നാല്‍ ജൂലായ് കഴിഞ്ഞാലും ആവശ്യപ്പെട്ടതില്‍ ചെറിയൊരു ശതമാനം മാത്രമേ ആദ്യഘട്ടത്തില്‍ ലഭിക്കാന്‍ സാദ്ധ്യതയുളളൂവെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തൽ.

മേയ് അവസാനത്തോടെ പ്രതിമാസ ഉത്പാദനം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വര്‍ദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ പത്ത് കോടിയായി ഉയര്‍ത്തിയാലും കാലതാമസം ഏതാണ്ട് ഇത്ര തന്നെയുണ്ടാകുമെന്ന് അധികൃതര്‍ പറയുന്നു.
പുതുതായി നിര്‍മിക്കുന്ന ഓരോ ബാച്ച്‌ വാക്‌സിന്റെയും സാമ്പിളുകൾ ഹിമാചല്‍ പ്രദേശിലെ കസൗലി സെന്‍ട്രല്‍ ഡ്രഗ്സ് ലാബോറട്ടറിയിലാണ് ഗുണനിലവാര പരിശോധന നടത്തി അംഗീകാരം വാങ്ങിക്കുന്നത്. ഇതിനുശേഷമാണ് വിതരണം. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒന്നരമാസത്തോളം സമയമെടുക്കും.

ഭാരത് ബയോടെക്കിന്റെ ഉത്പാദനശേഷി ഇതിലും വളരെയധികം കുറവാണ്. അതുകൊണ്ടു തന്നെ കൊവാക്‌സിന്‍ ലഭ്യമാക്കി ഈ കുറവ് പരിഹരിക്കുക എന്നതും ശ്രമകരമാണ്. 70 ലക്ഷം ഡോസ് കൊവിഷില്‍ഡ് വാക്‌സിനും മുപ്പത് ലക്ഷം കൊവാക്‌സിനും വാങ്ങാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.