കളിമറന്ന് കൊല്‍ക്കത്ത, കൂറ്റന്‍ ജയവുമായി ബാംഗ്ലൂർ

കളിമറന്ന് കൊല്‍ക്കത്ത, കൂറ്റന്‍ ജയവുമായി ബാംഗ്ലൂർ

രണ്ട് മത്സരങ്ങളില്‍ പരാജയത്തിന്‍റെ വക്കില്‍ നിന്നും ജയിച്ചു കയറിയ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആ രണ്ട് മത്സരങ്ങളിലും അവർക്ക് ഗുണമായത് അവസാന ഓവറുകളില്‍ സുനില്‍ നരെയ്ന്‍റെ പ്രകടനമായിരുന്നു. സ്വഭാവികമായും നരെയ്നെ ബാംഗ്ലൂരിനെതിരെ കളിപ്പിക്കാന്‍ കഴിയാത്തത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി. പരുക്ക് ഭേദമായി ആന്ദ്ര റസ്സലിന് കളിക്കാന്‍ സാധിച്ചത് ആശ്വാസമായെങ്കിലും നരെയ്നില്ലാത്ത ബൗളിംഗ് നിരയുടെ ആക്രമണോത്സുകതയെ കുറിച്ചുളള ആത്മവിശ്വാസകുറവ് ദിനേശ് കാർത്തികെന്ന ക്യാപ്റ്റനില്‍ കാണാനായി. എക്സ്ട്രാ ബാറ്റ്സ്മാനായ ടോം ബാന്‍റണ് ആദ്യ ഇലവനില്‍ സ്ഥാനം നല്കി. രണ്ടാമത് ബാറ്റുചെയ്യുകയാണെങ്കില്‍ അത് ഗുണം ചെയ്യുമെന്നുളള വിലയിരുത്തല്‍ ശരിയുമായിരുന്നു. പുതിയ ക്രിക്കറ്റിലെ പ്രതീക്ഷ നല്‍കുന്ന താരമാണ് ടോം ബാന്‍റണ്‍. ഓപ്പണിംഗില്‍ രാഹുല്‍ ത്രിപാഠിയെ ഇറക്കി ടോം ബാന്‍റണെ ദിനേശ് കാർത്തികിനൊപ്പം ഇറക്കുകയെന്നുളളതായിരുന്നിരിക്കാം കണക്കുകൂട്ടിയത്. പക്ഷെ സ്കോർ 194 ലേക്ക് പോയപ്പോള്‍ ടോം ബാന്‍റണെ ആദ്യമിറക്കാന്‍ നിർബന്ധിതരായി കൊല്‍ക്കത്ത. പക്ഷെ ബാന്‍റണ് ശോഭിക്കാന്‍ സാധിച്ചില്ല.

ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്സാകട്ടെ എടുത്ത തീരുമാനമെല്ലാം ഗുണമാകുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോയി. എക്സ്ട്രാ ബൗളറെ ടീമില്‍ ഉള്‍പ്പെടുത്തി. ടോട്ടല്‍ ഡിഫന്‍റ് ചെയ്യുന്ന സമയത്ത് അഞ്ച് ബൗളറുടെ സ്ഥാനത്ത് ആറ് ബൗളറുടെ സ്വാതന്ത്ര്യം വേണമെന്നുളളതായിരുന്നു തീരുമാനം. ബാറ്റിംഗ് മധ്യനിരയില്‍ ക്രിസ് മോറിസും വാഷിംഗ്ടണ്‍ സുന്ദറും ബലമാകുമെന്നും ബാംഗ്ലൂർ വിലയിരുത്തി. ടോസ് ജയിക്കുന്നു. വിരാട് കോലി ടോസില്‍ സൂചിപ്പിച്ചപ്പോലെ എല്ലാവർക്കും എന്താണ് ചെയ്യേണ്ടതെന്നതിനെ കുറിച്ച് വ്യക്തമായ നിർദ്ദേശം നല്കി, അതിന് അനുസരിച്ച് കളിക്കുകയും ചെയ്തു. ദേവ് ദത്ത് പടിക്കലാണെങ്കിലും ആരണ്‍ ഫിഞ്ച് ആണെങ്കിലും അവരുടെ കൂട്ടുകെട്ടിന് ശേഷം വന്ന വിരാട് കോലിയാണെങ്കിലും കൃത്യമായ പ്ലാനോടെ ശ്രദ്ധിച്ച് കളിക്കുന്നു. ഈ വിക്കറ്റില്‍ രണ്ടു ടീമുകളുടെയും പ്രകടനം നോക്കുമ്പോള്‍ വ്യത്യാസം വരുത്താന്‍ സാധ്യതയുണ്ടായിരുന്ന ഏക ബാറ്റ്സ്മാന്‍ എ ബി ഡിവില്ലേഴ്സ് ആണ്. കൂറ്റനടികള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്ന വിക്കറ്റില്‍ സ്ലോ ബോളിന് കാത്തിരുന്ന് എത്രഅനായാസമായാണ് ഡി വില്ലേഴ്സ് ബൗണ്ടറികള്‍ കണ്ടെത്തി കളിച്ചത്. വിരാട് കോലിയായാലും ദേവ് ദത്ത് പടിക്കലാണെങ്കിലും ആരണ്‍ ഫിഞ്ചാണെങ്കിലും മറ്റാർക്കും അത്തരത്തില്‍ ടൈമിംഗ് ലഭിക്കുന്നുണ്ടായിരുന്നില്ല. മറുഭാഗത്ത് കൊല്‍ക്കത്തയുടെയും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. ആന്ദ്ര റസ്സലിന് സിക്സറുകള്‍ കിട്ടിയെങ്കിലും അത് ശ്വാശതമല്ലെന്ന് അദ്ദേഹത്തിന്‍റെ ബാറ്റുവീശലില്‍ നിന്നുതന്നെ വ്യക്തമായിരുന്നു. മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ വിക്കറ്റുകള്‍ സ്ലോഡൗണ്‍ ചെയ്യുന്ന പ്രവണത കണ്ടുതുടങ്ങിയിരിക്കുന്നു. കൂടുതല്‍ ടീമുകള്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കാനുളള സാധ്യതയാണുളളത്. ടോസ് നിർണായകമാകുമെന്ന് ചുരുക്കം. ഷാർജയിലെ ചെറിയ ബൗണ്ടറികളില്‍ പോലും രണ്ടാമത് ബാറ്റുചെയ്യുകയെന്നുളളത് ദുഷ്കരമാകുന്നു. കൂടുതല്‍ ഉപയോഗിക്കും തോറും ഇത്തരത്തിലുളള വിക്കറ്റുകളുണ്ടാകും. രണ്ടാമത് ബാറ്റുചെയ്യുമ്പോള്‍ പന്ത് പതുക്കെയാകാനും ബാറ്റിംഗ് ദുഷ്കരമാകാനുമുളള സാധ്യതയാണുളളത്. ഇനിയുളള മത്സരങ്ങളില്‍ അത്തരത്തിലൊരു രീതിയായിരിക്കുമെന്നാണ് തോന്നുന്നത്.

സ്കോർ
RCB 194/2 (20)KKR 112/9 (20)

 സോണി ചെറുവത്തൂർ

(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.