കോവിഡ് വ്യാപനം കൂടിയ ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

കോവിഡ് വ്യാപനം കൂടിയ ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതി രൂക്ഷമായ സാഹചര്യത്തില്‍ വ്യാപനം കൂടിയ ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മെയ് നാല് മുതല്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കും. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

ഹോം ഡെലിവറി അനുവദിക്കും. ഡെലിവറി നടത്തുന്നവരില്‍ പരിശോധന നടത്തും. ചരക്ക് നീക്കം സുഗമമാക്കും. റെയില്‍വേ, എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് തടസമുണ്ടാവില്ല. ഓക്സിജന്‍ പോലുള്ള ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കളുടെ നീക്കത്തിന് തടസമുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബാങ്കുകള്‍ പരമാവധി ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണം. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. കല്ല്യാണത്തിന് 50, മരണത്തിന് 20 എന്ന നിലയില്‍ തുടരും. അതിഥി തൊഴിലാളികള്‍ക്ക് അതത് സ്ഥലത്ത് ജോലി ചെയ്യുന്നതിനു തടസമില്ല.

ഇരുചക്രവാഹനങ്ങളില്‍ കുടുംബാംഗമാണെങ്കില്‍ രണ്ടുപേര്‍ക്കു യാത്ര ചെയ്യാം. എന്നാല്‍, ഇരുവരും രണ്ടു മാസ്‌ക് ധരിക്കണം. കുടുംബാംഗങ്ങള്‍ അല്ലെങ്കില്‍ ബൈക്കില്‍ ഒരാളെ മാത്രമേ അനുവദിക്കൂ. ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ക്ക് ഡോക്ടറോ, സ്ഥാപനമോ, സ്വയം തയാറാക്കുന്ന സത്യവാങ്മൂലമോ ഹാജരാക്കി അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യാം. മാര്‍ക്കറ്റിലെ കടകള്‍ നിശ്ചിത സമയത്ത് തുറക്കുകയും അടക്കുകയും ചെയ്യുന്നുണ്ടെന്നു മാര്‍ക്കറ്റ് കമ്മിറ്റികള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

റേഷന്‍, സിവില്‍ സപ്ലൈസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് മാത്രമേ പ്രാര്‍ഥന നടത്താവൂ. എണ്ണം കുറയ്ക്കാന്‍ സാധിക്കുമെങ്കില്‍ കുറയ്ക്കണം. ആരാധനാലയങ്ങളുടെ സൗകര്യത്തിനനുസരിച്ചാണ് ആളുകളുടെ എണ്ണം നിശ്ചയിക്കേണ്ടത്. കോവിഡ് ഇതരരോഗികള്‍ക്കും ചികിത്സ ഉറപ്പാക്കണം. ജീവനക്കാരുടെ അഭാവം പൊതുജനങ്ങളെ ബാധിക്കരുത്. തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി കൂട്ടം കൂടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.