ന്യൂയോർക്ക് : കൊളംബിയൻ കർഷകരായ ജെർമൻ ഒർലാൻഡോ നോവ ബാരെറ, റീന മരിയ മറോക്വീൻ എന്നിവർ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മാമ്പഴം കൊളംബിയയിലെ ഗ്വായാറ്റയിൽ ബോയാക്കെ പ്രദേശത്തെ സാൻ മാർട്ടിൻ ഫാമിൽ വളർത്തിക്കൊണ്ട് നിലവിലെ റെക്കോർഡ് തകർത്തു.
4.250 കിലോഗ്രാം ഭാരമുള്ള മാമ്പഴം നേരത്തെ ഉണ്ടായിരുന്ന 3.435 കിലോഗ്രാം ഭാരം എന്ന റിക്കോർഡ് തകർത്താണ് കിരീടം ചൂടിയത്. തുടക്കത്തിൽ തന്നെ ഈ മാങ്ങ, മാവിലെ മറ്റ് മാങ്ങകളിൽ നിന്നും വ്യത്യസ്തമായി വളരെ വലുതായി വളരുന്നതായി ജെർമോണും റീനയും മനസിലാക്കിയിരുന്നു. അതിനാൽ മാങ്ങയുമായി ബന്ധപ്പെട്ട് എന്തെങ്കിലും റിക്കോർഡ് നിലവിലുണ്ടോ എന്ന് ഇൻറർനെറ്റിൽ തിരക്കാൻ മകളോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ അവരുടെ വീട്ടിലെ മാമ്പഴം ലോകത്തിലെ ഏറ്റവും ഭാരം കൂടിയതാണെന്ന് കണ്ടെത്തുകയും ചെയ്തു.

ഈ ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചതുവഴി കൊളംബിയയിലെ കർഷകർ കൃഷിയെ സ്നേഹിക്കുന്ന കഠിനാധ്വാനികളാണെന്ന് തെളിയുന്നുവെന്നും സ്നേഹത്തോടെ കൃഷി ചെയ്യുന്നതുവഴി ഭൂമി മികച്ച ഫലം പുറപ്പെടുവിക്കുന്നുവെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നതാണെന്നും ജെർമൻ പ്രതികരിച്ചു . ഇത് പകർച്ചവ്യാധി കാലഘട്ടത്തിൽ ജനങ്ങൾക്ക് പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും സന്ദേശം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
സാധാരണയായി ഏഷ്യൻ ഉഷ്ണമേഖലയിൽ വളരുന്ന പഴമാണ് മാമ്പഴം. ഗ്വായാറ്റയിൽ ഇത് ചെറിയ അളവിൽ കുടുംബ ഉപഭോഗത്തിന് മാത്രം വളർത്തുന്നു. കാപ്പി, മൊഗൊല്ല, അരേപാസ് എന്നിവയാണ് ഈ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക ഉൽപ്പന്നങ്ങൾ.
ഗ്വായാറ്റ പ്രദേശത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഗിന്നസ് റെക്കോർഡാണിത്. 2014 ൽ 3,199 ചതുരശ്ര മീറ്ററിൽ ഏറ്റവും ദൈർഘ്യമേറിയ പ്രകൃതിദത്ത പുഷ്പ പരവതാനി എന്ന റെക്കോർഡ് ഇവർ കരസ്ഥമാക്കിയിരുന്നു. ഗിന്നസ് റെക്കോർഡ് രേഖപ്പെടുത്തിയ ശേഷം മാമ്പഴം പങ്കിട്ട് കഴിച്ചുകൊണ്ട് കുടുംബം ആഘോഷിച്ചു. ഇത് ചരിത്രത്തിൽ സൂക്ഷിക്കാനായി മാമ്പഴത്തിന്റെ ഒരു മാതൃക മുനിസിപ്പാലിറ്റിക്ക് സംഭാവന നൽകുകയും ചെയ്തു.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.