ആഭ്യന്തരകലഹത്തിൽ ഉലഞ്ഞ് ബെലറസ് : വത്തിക്കാൻ പുതിയ പ്രതിനിധിയെ നിയമിച്ചു

ആഭ്യന്തരകലഹത്തിൽ ഉലഞ്ഞ് ബെലറസ് : വത്തിക്കാൻ പുതിയ പ്രതിനിധിയെ നിയമിച്ചു

ബെലറസിന്റെ പുതിയ അപ്പസ്തോലിക ന്യുൺഷ്യോ ആയി ബിഷപ്പ് ആന്റി ജോസിക് ചുമതലയേറ്റു. ക്രോയേഷ്യ ആണ് സ്വദേശം. ബെലറസ് ഭരണാധികാരികളും പ്രാദേശിക സഭയും തമ്മിൽ സ്വരച്ചേർച്ച നഷ്ടപ്പെട്ടിരിക്കുന്ന സമയത്തുള്ള ഈ നിയമനം ശ്രദ്ധയാകർഷിക്കുന്നു. രാജ്യത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആഭ്യന്തര പ്രതിസന്ധിയിൽ ആയിരിക്കുന്ന ബെലറസിലെ, ദേശീയ മെത്രാൻ സമിതി അധ്യക്ഷനായ ആർച്ചുബിഷപ്പ് തദേവൂസ് കോട്രൂസെവിറ്റിനെ സി ഐ എ ബന്ധം ആരോപിച്ചു കഴിഞ്ഞ ഓഗസ്റ്റിൽ നാടുകടത്തിയിരുന്നു. ഒരു ബന്ധുവിന്റെ ദിവ്യകാരുണ്യ സ്വീകരണത്തോടനുബന്ധിച്ചു പോളണ്ടിലേക്കു പോയ മെത്രാപ്പോലീത്തയുടെ പാസ്പോര്ട്ട് സാധുവാക്കുകയായിരുന്നു. അതോടെ അദ്ദേഹത്തിന് പോളണ്ടിൽ നിന്നും മടങ്ങി വരാനായില്ല.


1994 മുതൽ ബെലറസിന്റെ പ്രസിഡണ്ട് സ്ഥാനം കയ്യാളുന്ന ആളാണ് അലക്‌സാണ്ടർ ലുകാഷെങ്കോ. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ എൺപതു ശതമാനം വോട്ടോടെ ലുകാഷെങ്കോ വിജയിച്ചു എന്ന അറിയിപ്പ് വന്നതോടെയാണ് ആഭ്യന്തര സംഘർഷം ഉടലെടുത്തത്. ജനപ്രിയ നേതാവായി ഉയർന്നുവന്ന സ്വ്റ്റ്ലാന ടെക്നൊസ്ക എന്ന വനിത വെറും പത്തു ശതമാനം വോട്ടു മാത്രമാണ് നേടിയതെന്ന വാർത്ത അംഗീകരിക്കാൻ സാധിക്കാതെ വന്നതോടെ പതിനായിരങ്ങൾ തെരുവിലിറങ്ങുകയായിരുന്നു. സ്വ്റ്റ്ലാന അറുപതുശതമാനം വോട്ടും നേടിയിട്ടുണ്ടാകും എന്ന അഭിപ്രായമാണ് അവരുടെ അനുയായികൾക്കുള്ളത്.


അമേരിക്കയും ഇംഗ്ലണ്ടും യൂറോപ്യൻ യൂണിയനും ലുകാഷെങ്കോയുടെ വിജയം അംഗീകരിക്കാൻ തയ്യാറായില്ല. എന്നാൽ റഷ്യ ലുകാഷെങ്കൊയോടൊപ്പം നിലപാടെടുത്തു. ജനകീയപ്രക്ഷോഭം ആരംഭിച്ചതോടെ ആയിരങ്ങൾ അറസ്റ്റിലായി. നാലുപേർ കൊല്ലപ്പെട്ടു. ജന സ്വാധീനമുള്ള കത്തോലിക്കാ സഭയുടെ നിലപാട് തനിക്കു പ്രതികൂലമാണെന്ന ധാരണ ലുകാഷെങ്കോയെ അലോസരപ്പെടുത്തി. ഇതിനിടക്ക് കത്തോലിക്കാ മെത്രാന്മാർ അമേരിക്കയുടെ നിർദേശാനുസരണം പ്രവർത്തിക്കുന്നു എന്ന ആരോപണം റഷ്യൻ ഇന്റലിജൻസ് മുന്നോട്ടുവച്ചു. അതോടുകൂടെയാണ് മെത്രാനെതിരെ നടപടി എടുക്കാൻ ലുകാഷെങ്കോ തീരുമാനിച്ചത്.


പോളണ്ടും ലിത്വാനിയയും പ്രതിപക്ഷ നേതാക്കൾക്ക് അഭയം കൊടുത്തതോടെ ലുകാഷെങ്കോ ആ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചിരുന്നു. അതിനിടയിലാണ് ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ ആർച്ച്ബിഷപ്പ് പോളണ്ടിലേക്കു പോയത്. മെത്രാപ്പോലീത്തക്ക് ‌ വാഴ്സയിൽനിന്ന് നിർദേശങ്ങൾ ലഭിക്കുന്നു എന്ന ആരോപണവും ലുകാഷെങ്കോ ഉന്നയിച്ചു. ആരോപണങ്ങളെല്ലാം മെത്രാപോലിത്ത നിഷേധിച്ചു. ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നു അതിരൂപതയുടെ വികാരി ജനറൽ ഫാ. മിന്സ്ക് മോഹിലെവ് പ്രസ്താവിച്ചു. 


ലിത്വാനിയയിൽ അഭയം നേടിയ സ്വ്റ്റ്ലാന, ലുകാഷെങ്കൊയോട് ജനവികാരം മാനിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. താൻ രാജ്യത്തേക്ക് തിരിച്ചു വരുമെന്നും ബാഹ്യസമ്മർദ്ദങ്ങളില്ലാതെ പുതിയ ഇലക്ഷൻ നടത്തുമെന്നും അതിൽ താൻ സ്ഥാനാർഥി ആകുകയില്ലെന്നും അവർ പ്രസ്താവിച്ചു. ഇത്രയും സംഘർഷ ഭരിതമായ അവസ്ഥയിലാണ് പുതിയ വത്തിക്കാൻ പ്രതിനിധി ബെലറസിൽ എത്തിച്ചേരുന്നത്.വന്നയുടൻതന്നെ സർക്കാർ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

രാഷ്ട്രം പുതിയ വഴിത്തിരിവിൽ എത്തി നിൽക്കുന്ന ഈ സമയം പുതിയ വത്തിക്കാൻ പ്രതിനിധിയുടെ വരവ് ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് നാടുകടത്തപ്പെട്ട ആർച്ച്ബിഷപ്പ് തദേവൂസ് കോട്രൂസെവിറ്റ് പ്രത്യാശിച്ചു.

(ജെ ഡി )



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.