ശാശ്വത പരിഹാരം സമ്പൂര്‍ണ ലോക്ക്ഡൗണ്‍; ആല്ലെങ്കില്‍ രാജ്യത്ത് മൂന്നാം കോവിഡ് തരംഗം: മുന്നറിയിപ്പുമായി എയിംസ് മേധാവി

ശാശ്വത പരിഹാരം സമ്പൂര്‍ണ ലോക്ക്ഡൗണ്‍; ആല്ലെങ്കില്‍ രാജ്യത്ത് മൂന്നാം കോവിഡ് തരംഗം: മുന്നറിയിപ്പുമായി എയിംസ് മേധാവി

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യ കിതയ്ക്കുമ്പോള്‍ ഇനിയുമൊരു കോവിഡ് തരംഗം കൂടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. ഇപ്പോള്‍ കൊവിഡ് നിയന്ത്രണത്തിനായി വിവിധ സംസ്ഥാനങ്ങള്‍ പരീക്ഷിക്കുന്ന വാരാന്ത്യ ലോക്ക്ഡൗണ്‍, രാത്രികാല കര്‍ഫ്യൂ എന്നിവ കൊണ്ട് വലിയ ഫലം ചെയ്യില്ല. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഗൗരവതരമായ മുന്നറിയിപ്പ് നല്‍കിയത്.

രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ കൊണ്ട് കോവിഡ് നിയന്ത്രിക്കാനാവുമോ എന്ന ചോദ്യത്തിന് ഇപ്പോഴുള്ള ഗുരുതരമായ സാഹചര്യം കുറച്ച് നാളത്തേയ്ക്ക് പരിഹരിക്കുന്നതിന് അത് സഹായകരമായിരിക്കും എന്ന് അദ്ദേഹം മറുപടി നല്‍കി. രോഗവ്യാപനത്തിന്റെ തോത് കുറച്ച്, ഓക്‌സിജന്‍ പ്രതിസന്ധി അടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ അതു സഹായിക്കും. കൂടാതെ രാജ്യത്തെ ആശുപത്രിയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് മൂലമുള്ള ബുദ്ധിമുട്ടുകളും ഒഴിവായേക്കും.

എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ മൂന്ന് കാര്യങ്ങളാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യമായി ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. രണ്ടാമതായി കോവിഡ് വ്യാപനം തടയുന്നതിനായുള്ള മാര്‍ഗങ്ങള്‍ കൈക്കൊള്ളണം, മൂന്നാമതായി വളരെ പെട്ടെന്ന് കൂടുതലാളുകള്‍ക്ക് വാക്‌സിന്‍ നല്‍കണം. ഈ മാര്‍ഗങ്ങളിലൂടെ മാത്രമേ രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ ഒഴിവാക്കാനാവു.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക വഴി ബ്രിട്ടന് കോവിഡിന്റെ രണ്ടാം വ്യാപനം എളുപ്പത്തില്‍ തടയാന്‍ കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടത് ഭരണകൂടമാണെന്നും ജനത്തിന്റെ ഉപജീവനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അവര്‍ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് കോവിഡ് കേസുകള്‍ ഇനിയും വര്‍ദ്ധിക്കുകയാണെങ്കില്‍ ഇന്ത്യ കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരും. എന്നാല്‍ കൂടുതല്‍ പേരിലേക്ക് വാക്‌സിനേഷന്‍ എത്തുന്നതോടെ മൂന്നാം തരംഗത്തെ അതിജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.