അമ്മ; "സ്നേഹത്തിൻ്റെ ശ്രേഷ്ഠരൂപം"

അമ്മ;

ലോകത്തിൽ ഏറ്റവും കഠിനമായ വേദന എന്തെന്നു ചോദിച്ചാൽ നിസ്തർക്കം നമുക്കു പറയാൻ സാധിക്കും അതു പ്രസവവേദനയാണെന്നു. ഒരു സ്ത്രീയുടെ ഉദരത്തിൽ ജീവൻ്റെ കണിക ഉടലെടുക്കുന്നതു മുതൽ, കുരുന്നിനു ജന്മം നൽകുന്നതുവരെയുള്ള അവളുടെ ജീവിതം വ്യസനങ്ങളുടെ പരമ്പരയാണ്. അവളുടെ ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങളാണത്.

കുഞ്ഞിനെ പത്തു മാസം സ്വപ്നം കണ്ടു ഉദരത്തിൽ വളർത്തി, ജന്മം നൽകുന്ന സമയത്തു ഒരമ്മ അനുഭവിക്കുന്ന തീവ്രവേദന നമുക്കു ചിന്തിക്കാവുന്നതിനപ്പുറമാണ്. എന്നാൽ തൻ്റെ കുഞ്ഞിൻ്റെ മുഖം മനസ്സിൻ്റെ കോണിൽ തെളിയുമ്പോൾ അവൾ അനുഭവിച്ച നൊമ്പരങ്ങളെല്ലാം വിസ്മരിക്കപ്പെടുന്നു. തൻ്റെ കുഞ്ഞോമനയെ ആദ്യമായി കയ്യിലെടുക്കുമ്പോൾ അവളുടെ നയനങ്ങളിൽ നിറയുന്ന അശ്രുകണങ്ങൾക്കു ഈ ലോകത്തിൽ പകരംവയ്ക്കാനാവാത്ത മൂല്യമാണുള്ളത്. ഒരമ്മയുടെ സ്നേഹത്തിൻ്റെ പവിത്രത നിർണയിക്കാനാവത്തതാണ്. 

വറ്റാത്ത സ്നേഹത്തിൻ്റെ ഉറവയാണ് അമ്മ. ഒരു കുഞ്ഞു ജനിക്കുന്നതു മുതൽ, അതിൻ്റെ ജീവിതയാത്രയിലുടനീളം പല സാഹചര്യങ്ങളിൽ അമ്മയുടെ ഹൃദയസ്പർശം അവരെ താങ്ങിനിർത്തുന്നു. സ്വന്തം സുഖങ്ങളും സൗഭാഗ്യങ്ങളും കുടുംബത്തിനുവേണ്ടി ത്യജിച്ചവൾ. തൻ്റെ സഹനങ്ങളേയും ബുദ്ധിമുട്ടുകളേയും നിശബ്ദമായി നെഞ്ചിൻ്റെ നെരുപ്പോടിലമർത്തി ചെറുപുഞ്ചിരിയോടെ കുടുംബത്തെ താങ്ങിനിർത്തുന്ന വലിയ സ്നേഹമാണവൾ. 

കുടുംബനാഥൻ്റെ തോളോടുതോൾ ചേർന്നു കഷ്ടപ്പാടുകളിൽ ക്ഷമയോടെ പിടിച്ചുനിന്നു കഠിനാദ്ധ്വാനം ചെയ്യുമ്പോൾ പലപ്പോഴും ഉള്ളുരുകാറുണ്ട് അമ്മയുടെ, പക്ഷേ ഒരു പരാതിയും പരിഭവവും ഉയർന്നുകേട്ടിട്ടില്ല ആ അധരങ്ങളിൽനിന്നു. അത്ര വലിയ സ്നേഹത്തിൻ്റെ വിശാലതയാണു അമ്മ.

സ്വന്തം അഭിലാഷങ്ങളെ മറന്ന്, ഉറ്റവർക്കും ഉടയവർക്കും വേണ്ടി നിലകൊണ്ട്, നമ്മുടെ സ്വപ്നങ്ങളെ നെഞ്ചിലേറ്റി - പറക്കാൻ കൊതിച്ച നമുക്കു ചിറകുകൾ ചേർത്തുവച്ച ത്യാഗത്തിൻ്റെ പേരാണു അമ്മ. അമ്മ എന്ന വാക്കിൻ്റെ അർത്ഥവും പരപ്പും മഹാസാഗരം പോലെ വിശാലമാണ്.ഒരു സ്ത്രീ അമ്മയായി ജനിക്കുന്നതുമുതൽ തൻ്റെ അഭിലാഷങ്ങൾ കുടുംബത്തിൻ്റെ ഉന്നമനത്തിനായി അവൾ ത്യജിക്കുന്നു. സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാണവിടെ പ്രതിഫലിക്കുന്നത്. വാക്കുകൾക്കതീതമായ വറ്റാത്ത ക്ഷമയുടേയും സഹനത്തിൻ്റേയും സ്നേഹത്തിൻ്റേയും കലവറയാണവൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.