മതാധ്യാപനം ഇനി സഭയിലെ അല്‍മായശുശ്രൂഷ

മതാധ്യാപനം ഇനി സഭയിലെ അല്‍മായശുശ്രൂഷ

വത്തിക്കാന്‍ സിറ്റി: മതാധ്യാപകരുടെ ശുശ്രൂഷയെ സഭയിലെ അല്‍മായരുടെ ഔദ്യോഗിക ദൗത്യമായി ഉയര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ അപ്പസ്‌തോലികസന്ദേശം പുറപ്പെടുവിച്ചു. മേയ് പത്തിനു മാര്‍പാപ്പ ഒപ്പുവച്ച സന്ദേശം 'അന്തീകുവും മിനിസ്റ്റേരിയും' (പുരാതന ശുശ്രൂഷ) ഇന്നലെ എട്ടു ഭാഷകളില്‍ പ്രസിദ്ധീകരിച്ചു.

മതാധ്യാപനത്തെ പുതിയൊരു അല്‍മായ ശുശ്രൂഷയായി സ്ഥാപിക്കുന്നതുവഴി ഓരോ ക്രൈസ്തവന്റെയും പ്രേഷിത ദൗത്യത്തെ അടിവരയിട്ട് ഉറപ്പിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു. വൈദിക ശുശ്രൂഷയില്‍നിന്നു വ്യത്യസ്തമായി അവര്‍ ഇതു ലോകത്തിന്റെ സമകാലീന മേഖലകളില്‍ സാക്ഷാത്കരിക്കണം.

സഭാരംഭ കാലം മുതല്‍ക്കേ മതാധ്യാപകര്‍ക്കു സഭാ ചരിത്രത്തിലുണ്ടായിരുന്ന പങ്ക് അദ്ദേഹം അനുസ്മരിച്ചു. പുതിയ നിയമത്തിലെ കൊറീന്ത്യര്‍ക്കുള്ള ഒന്നാം ലേഖനത്തില്‍ അവരെ പ്രബോധകര്‍ എന്നാണു വിശേഷിപ്പിക്കുന്നത്. സഭയുടെ വളര്‍ച്ചയില്‍ മതാധ്യാപകര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. സുവിശേഷവത്കരണ സംരംഭങ്ങളില്‍ അല്‍മായരുടെ പങ്കാളിത്തത്തെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു.

അല്‍മായരെ മതാധ്യാപകരായി നിയോഗിച്ച് ശുശ്രൂഷ ഭരമേല്‍പിക്കുന്നതിന്റെ ക്രമം ദൈവാരാധനയ്ക്കു വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയം ഉടന്‍ പ്രസിദ്ധീകരിക്കും. മതാധ്യാപകരുടെ തെരഞ്ഞെടുപ്പും പരിശീലനവും സംബന്ധിച്ച കാര്യങ്ങള്‍ അതതു രാജ്യങ്ങളിലെ മെത്രാന്‍ സമിതികളാണു നിശ്ചയിക്കേണ്ടതെന്നു മാര്‍പാപ്പ പറഞ്ഞു. 1972ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് മതാധ്യാപക ദൗത്യം ഒരു ശുശ്രൂഷയായി പരിഗണിക്കണമെന്ന് ആദ്യം നിര്‍ദേശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.